നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷം

Web Desk
Posted on July 04, 2019, 12:37 pm

രസേനയുടെ നൂറു വനിതാപൊലീസ് തസ്തികയിലേക്ക് അപേക്ഷിച്ചത് രണ്ട് ലക്ഷംപേര്‍. മിലിട്ടറി പോലീസ് തസ്തികയിലേക്ക് ആദ്യമായാണ് വനിതകള്‍ക്കായി കരസേന റിക്രൂട്ട്‌മെന്റ് നടത്തുന്നത്.കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ഓഫീസര്‍മാരല്ലാത്ത പോസ്റ്റിലേക്ക് വനിതകളെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഏപ്രിലില്‍ നല്‍കിയ വിജ്ഞാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ആറിനായിരുന്നെങ്കിലും പിന്നീടത് ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിരുന്നു. അംബാല, ലഖ്‌നൗ, ജബല്‍പുര്‍, ബെല്‍ഗാം, ഷില്ലോങ് എന്നിവിടങ്ങളില്‍ വെച്ച് നടത്തുന്ന റിക്രൂട്ട്‌മെന്റ് റാലികളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് ക്ഷണപത്രം അയക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കരസേനയിലെ ക്രമസമാധാനപാലനം, അച്ചടക്കം തുടങ്ങിയ കാര്യങ്ങള്‍ നോക്കുന്നത് മിലിട്ടറി പോലീസാണ്. പി.ബി.ഒ.ആറില്‍പ്പെട്ട ഈ തസ്തികയിലേക്ക് പുരുഷന്മാരെ മാത്രമേ ഇതുവരെ നിയമിച്ചിരുന്നുള്ളൂ. ബലാത്സംഗം, ലൈംഗികപീഡനം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, സൈന്യത്തിന് ആവശ്യമുള്ളപ്പോള്‍ പോലീസ് സഹായം നല്‍കുക, അതിര്‍ത്തികളില്‍ കുഴപ്പങ്ങള്‍ തലപൊക്കുമ്പോള്‍ അവിടത്തെ താമസക്കാരെ ഒഴിപ്പിക്കുക, അഭയാര്‍ഥി സംഘങ്ങളെ നിയന്ത്രിക്കുക, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തുമ്‌ബോള്‍ സ്ത്രീകളെ പരിശോധിക്കുക എന്നിവയാണ് പി.ബി.ഒ.ആര്‍. വിഭാഗങ്ങളുടെ പ്രധാന ചുമതലകള്‍.