Tuesday
26 Mar 2019

നോട്ട് നിരോധനത്തിന്‍റെ രണ്ടുവര്‍ഷം; കള്ളപ്പണം മുഴുവന്‍ വെളുത്തു

By: Web Desk | Thursday 8 November 2018 11:01 PM IST


  • രൂപയുടെ മൂല്യശോഷണത്തിന് വഴിവച്ചു
  • ഭീകരപ്രവര്‍ത്തനങ്ങളില്‍ വര്‍ധനവ്
  • 15 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നടപ്പിലാക്കിയിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നോട്ടുനിരോധനം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഔദ്യോഗിക മാര്‍ഗമായിരുന്നുവെന്ന് വ്യക്തമായി. നിരോധനം സമ്പദ്ഘടനയെ പൂര്‍ണമായും തകര്‍ത്തപ്പോള്‍ സര്‍ക്കാര്‍ കണക്കനുസരിച്ചുള്ള മൂന്നരലക്ഷം കോടി രൂപയുടെ കള്ളപ്പണം മുഴുവന്‍ വെളുപ്പിക്കപ്പെട്ടു. ഇതോടെ പ്രചാരത്തിലുള്ള പണത്തിന്റെ തോത് വര്‍ധിക്കുകയും അത് രൂപയുടെ മൂല്യശോഷണത്തിന് മറ്റൊരു കാരണമാവുകയും ചെയ്തു.

കള്ളപ്പണം ഇല്ലാതാക്കുക, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസ്രോതസുകള്‍ അടയ്ക്കുക എന്നീ പ്രഖ്യാപിതലക്ഷ്യങ്ങള്‍ പൂര്‍ണമായും പാളി. കശ്മീരില്‍ മാത്രം ഭീകരാക്രമണങ്ങളില്‍ 43 ശതമാനം വര്‍ധനയുണ്ടായി എന്ന കണക്ക് പുറത്തുവന്നു. നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും അനധികൃത ഇടപാടുകള്‍ സാധൂകരിക്കുന്നതിനും ബിജെപിയുടെ സ്ഥാപനങ്ങളും വ്യക്തികളും ഇടനിലക്കാരായതിന്റെ നിരവധി റിപ്പോര്‍ട്ടുകളാണ് രണ്ടുവര്‍ഷത്തിനിടെ പുറത്തുവന്നത്.

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷിക മേഖലയെ നോട്ട് നിരോധനം തകിടം മറിച്ചു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ കറന്‍സിക്ഷാമം തുടര്‍ച്ചയായ മൂന്ന് പാദങ്ങളിലെ കാര്‍ഷിക വളര്‍ച്ചയെ അമ്പേ മുരടിപ്പിച്ചു. കറന്‍സിക്ഷാമം മൂലം പെട്ടന്ന് നശിക്കുന്ന പച്ചക്കറികള്‍, പഴം, പാല്‍, മത്സ്യം എന്നിവ വാങ്ങാന്‍ ആളില്ലാത്തതിനാല്‍ മാത്രം 250 ലക്ഷം കോടിയുടെ നഷ്ടമുണ്ടായി.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 45 ശതമാനം വരുന്ന അസംഘടിത മേഖല ഏതാണ്ട് പൂര്‍ണമായി തകര്‍ന്നടിഞ്ഞു. മൊത്തം തൊഴിലാളികളില്‍ 85 ശതമാനവും പ്രവര്‍ത്തിക്കുന്നത് അസംഘടിത മേഖലയിലാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകള്‍ പ്രകാരം വ്യവസായ മേഖലയില്‍ മാത്രം 15 ലക്ഷത്തിലധികം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഒരുലക്ഷത്തിലധികം ചെറുകിടവ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

അസാധുവാക്കിയ 15.41 ലക്ഷം കോടി രൂപയുടെ കറന്‍സികളില്‍ 99.3 ശതമാനം നോട്ടുകളും തിരികെയെത്തി. ബാങ്കുകളിലെ സംശയാസ്പദമായ ഇടപാടുകളിലെ എണ്ണത്തിലും ലഭിച്ച കള്ളനോട്ടുകളുടെ എണ്ണത്തിനും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് ഉണ്ടായത്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും തെറ്റാണെന്ന് തെളിഞ്ഞു. നിരോധനത്തിന് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സികളുടെ മൊത്തം മൂല്യം 17.97ലക്ഷം കോടി ആയിരുന്നത് 18.03 കോടി ആയി വര്‍ധിച്ചു. നോട്ട് നിരോധനം കഴിഞ്ഞുള്ള സമയത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെങ്കിലും പിന്നീട് ഗണ്യമായി കുറഞ്ഞു.

നോട്ട് നിരോധനത്തിനുശേഷം നികുതി വരുമാനത്തില്‍ മാറ്റമുണ്ടായെന്നാണ് മോഡി സര്‍ക്കാരിന്റെ വാദം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ട് ശതമാനമായിരുന്നു വ്യക്തികളില്‍ നിന്നുള്ള ആദായ നികുതി വരുമാനം. ഇത് 2.3 ശതമാനമായി വര്‍ധിച്ചു. എന്നാല്‍ കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നികുതി വരുമാനം വര്‍ധിച്ചെന്നും അടിത്തറ ഭദ്രമാണെമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ആവര്‍ത്തിച്ച് പറയുന്നു. എന്നാല്‍ പദ്ധതി ചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയിലാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ നിന്നും 3.6ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

നോട്ട് നിരോധനത്തിനുശേഷം ഭൂമി രജിസ്‌ട്രേഷന്‍ ഗണ്യമായി കുറഞ്ഞു. നോട്ട് നിരോധിച്ച 2016 നവംബര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 8.24 ലക്ഷം രജിസ്‌ട്രേഷനാണ് നടന്നത്.

സമ്പദ്‌വ്യവസ്ഥ തകര്‍ത്തു: മന്‍മോഹന്‍ സിങ്

നോട്ടുനിരോധനം മൂലം സമ്പദ്‌വ്യവസ്ഥയിലെ ആഴത്തിലുള്ള മുറിവുകള്‍ കൂടുതല്‍ വ്യക്തമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കാലം എല്ലാ മുറിവുകളെയും മായ്ക്കുകയാണ് ചെയ്യുക. എന്നാല്‍ നോട്ടുനിരോധനം മൂലം സമ്പദ്‌വ്യവസ്ഥയിലുണ്ടായ മുറിവുകള്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തമാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ദുര്‍ചിന്ത നിമിത്തമുണ്ടായ ദുര്‍വിധിയാണ് നോട്ടു നിരോധനം. അത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു. ഇതിന്റെ ആഘാതം എല്ലായിടത്തും പ്രകടമാണ്. വയസ്, ലിംഗം, മതം, തൊഴില്‍, വര്‍ഗം തുടങ്ങിയ ഒരു വ്യത്യാസവുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും നോട്ടുനിരോധനം ബാധിച്ചുവെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

ജിഡിപിയിലുണ്ടായ തകര്‍ച്ചക്ക് പുറമേ നോട്ടു നിരോധനത്തിന് ശേഷം ചെറുകിട വ്യവസായങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഇനിയും നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ മുക്തമായിട്ടില്ല.
രാജ്യത്തെ തൊഴിലുകളില്‍ ഇത് വന്‍കുറവ് സൃഷ്ടിച്ചു. സാമ്പത്തിക സാഹസങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ ദീര്‍ഘകാലത്തേക്ക് പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കല്‍ കൊള്ളയടി: ചിദംബരം

മോഡി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം സര്‍ക്കാര്‍ പണം കൊള്ളയടിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം.
ആര്‍ബിഐയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള ഭിന്നത മൂര്‍ച്ഛിക്കുന്നത് രാജ്യത്തിന് ആപത്താണ്. 19ന് നടക്കാനിരിക്കുന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പി ചിദംബരം പറഞ്ഞു. ആര്‍ബിഐക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതും ഉര്‍ജ്ജിത് പട്ടേലിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാറ്റം ആവശ്യമായിരുന്നു: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ടു നിരോധനത്തിന്റെ ലക്ഷ്യമെന്ന വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കലായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക വ്യവസ്ഥയെ നിയമാനുസൃതമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്കുള്ള പ്രധാനപടിയായിരുന്നു നോട്ട് അസാധുവാക്കല്‍. ഇത് കാരണം നികുതി അടയ്ക്കാതെയുള്ള ഒഴിഞ്ഞുമാറല്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടുകളിലേക്ക് രാജ്യത്തെ മാറ്റാന്‍ സാമ്പത്തിക വ്യവസ്ഥക്ക് ഒരു മാറ്റം ആവശ്യമായിരുന്നു. നികുതി വരുമാനത്തില്‍ ഇത് വലിയ സ്വാധീനം ഉണ്ടാക്കുമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ ദുരന്തം: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: നോട്ടുനിരോധനം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതല്‍ ‘ഇരുണ്ട ദിവസം’ ആണ്. ഇത് പ്രമുഖ സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഒരുപോലെ സമ്മതിക്കുന്നുണ്ടെന്നും മമത ട്വിറ്ററില്‍ വ്യക്തമാക്കി.

Related News