Web Desk

ന്യൂഡൽഹി

January 13, 2020, 10:32 pm

3.59 ലക്ഷം കോടി രൂപയുടെ സെസ് നിഷ്ക്രിയമായി

Janayugom Online

രാജ്യം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ അമരുമ്പോഴും വിവിധ ഇനത്തിൽ സർക്കാർ ഈടാക്കിയ സെസുകൾ ചെലവാക്കാതെ കൺസോളിഡേറ്റഡ് (സംയോജിത) ഫണ്ട് ഇനത്തിൽ കിടക്കുന്നതായി റിപ്പോർട്ട്. 2015–19 കാലയളവിൽ പിരിച്ചെടുത്ത 3.59 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്ത ലക്ഷ്യങ്ങൾക്ക് വിതരണം ചെയ്യാതെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിഷ്ക്രിയമായി കിടക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് പ്രകാരമുള്ള റവന്യൂ വരുമാനത്തിന്റെ 21.8 ശതമാനത്തിന് സമാനമാണ് നിഷ്ക്രീയമായി കിടക്കുന്ന ഈ തുകയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള വിഹിതവും നൽകിയിട്ടില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വിഹിതം ആവശ്യപ്പെട്ടിട്ടും തികഞ്ഞ നിസംഗതയാണ് മോഡി സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം വിവിധ സെസ് ഇനങ്ങളിലായി 2.76 ലക്ഷം കോടി വരവുണ്ടായെന്നും ഇതിൽ 71 ശതമാനം ലക്ഷ്യങ്ങൾക്കായി വിതരണം ചെയ്തുവെന്നുമാണ് ഒരു ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പാർലമെന്റിനെ അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ വിവിധ സെസ് ഇനത്തിൽ പിരിച്ചെടുക്കുന്ന തുകയിൽ 54 മുതൽ 72 ശതമാനം വരെ മാത്രമാണ് വിനിയോഗിക്കുന്നത്. എന്നാൽ സെസിന്റെ 84 ശതമാനം തുകയും വിനിയോഗിച്ചതായാണ് ബജറ്റ് അവലോകന റിപ്പോർട്ടിൽ ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. 2015–19 കാലയളവിൽ വിദ്യാഭ്യാസം (ഹയർ സെക്കന്ററി ഒഴികെ), ഊർജ്ജം, ബീഡി, അടിസ്ഥാന സൗകര്യ വികസനം എന്നീ ഇനങ്ങളിൽ പിരിച്ചെടുത്ത സെസ് പൂർണമായും വിനിയോഗിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ വിതരണം ചെയ്ത തുകയിൽ യഥാക്രമം 20,30,34, ഏഴ് ശതമാനം തുകകൾ മാത്രമാണ് വിനിയോഗിച്ചത്. സെക്കൻഡറി, ഉന്നത വിദ്യാഭ്യാസം എന്നീ സെസ് ഇനങ്ങളിലായി 2018വരെ 94.036 കോടി രൂപയാണ് സമാഹരിച്ചത്. എന്നാൽ ഈ തുകയുടെ ചെറിയൊരു ഭാഗം മാത്രമാണ് വിനിയോഗിച്ചത്. റിസർച്ച് ആന്റ് ഡവലെപ്പ്മെന്റ് സെസ് ഇനത്തിൽ സമാഹരിച്ച തുകയും വിനിയോഗിച്ചിട്ടില്ല. 8077 കോടി രൂപയാണ് ഈ ഇനത്തിൽ സമാഹരിച്ചത്. ഓയിൽ ഇൻഡസ്ട്രി ഡെവലപ്പ്മെന്റ് ബോർഡ് ക്യുമിലേറ്റിസ് സെസ് ഇനത്തിൽ സമാഹരിച്ച 1,89,239 കോടി രൂപയിൽ 902 കോടി രൂപമാത്രമാണ് വിതരണം ചെയ്തത്. എന്നാൽ കൃഷി കല്യാൺ സെസ്, പ്രൈമറി വിദ്യാഭ്യാസ സെസ്, ഷുഗർ സെസ് എന്നിവയുടെ 75 ശതമാനവും ചെലവിട്ടതായാണ് റിപ്പോർട്ട്. സെസ് ഇനത്തിൽ സമാഹരിച്ച തുക യഥാസമയം ലക്ഷ്യങ്ങൾക്കായി വിനിയോഗിച്ചതായുള്ള ധനമന്ത്രാലയത്തിന്റെ പാർലമെന്റിലെ മറുപടി തെറ്റാണെന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.

Eng­lish sum­ma­ry: 3.59 lakh croreThe cess was inactive

YOU MAY ALSO LIKE THIS VIDEO