കനത്ത മഴ: ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകള്‍ നാളെ തുറക്കും

Web Desk
Posted on August 06, 2019, 8:31 pm

കൊച്ചി: മഴ കനത്തതോടെ മൂന്ന് ഡാമുകള്‍ നാളെ തുറക്കുന്നതിനാല്‍ പെരിയാര്‍, മൂവാറ്റുപുഴയാര്‍ തീരങ്ങളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകളാണ് തുറക്കുന്നത്. ചൊവ്വാഴ്ച വീശിയടിച്ച കാറ്റില്‍ മരം വീണ് പെരുമ്പാവൂരിലും ഉദയംപേരൂരിലും രണ്ട് വീതം വീടുകള്‍ തകര്‍ന്നു. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ആലുവ അമ്പാട്ട്കാവിലും എറണാകുളം നഗരത്തിലും വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചു. വരുംദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലും ഒന്‍പതിന് ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ എറണാകുളം ജില്ലയിലും ഒന്‍പതിന് എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലും 10 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

പെരുമ്പാവൂരില്‍ വീടുകള്‍ തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ ആറരയോടെ വീശിയടിച്ച കാറ്റില്‍ മരം വീണ് കോടനാട് കുറിച്ചിലക്കോട് അമ്പാടം കുറ്റിയാലക്കല്‍ വിലാസിനി, കുറ്റിച്ചില ബാബു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മേഖലയില്‍ വ്യാപകമായി കാര്‍ഷിക വിളകളും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വിലാസിനിയുടെ വീടിന്റെ മുകളിലേയ്ക്ക് തെങ്ങും മരങ്ങളും മറിഞ്ഞു വീണു. അപകടത്തിന് തൊട്ടുമുമ്പാണ് വിലാസിനി വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. വിധവയായ വിലാസിനി ഒറ്റയ്ക്കാണ് താമസം. ചിറയത്ത് ആന്റണിയുടെ 300 കുലച്ച വാഴകളും മഞ്ഞളി ആന്റു, ജോസ് എന്നിവരുടെ 200 ഏത്തവാഴകളും കാറ്റില്‍ ഒടിഞ്ഞു വീണു. മൂനാടന്‍ സന്തോഷിന്റെ പുരയിടത്തിലെ പുളിമരം, വട്ട എന്നിവയും മറിഞ്ഞു വീണു. മൂനാടന്‍ തങ്കമ്മയുടെ പറമ്പിലെ വാഴകളും വട്ട മരങ്ങളും നിലംപൊത്തി. മയൂരപുരം കോമത്ത് ആനന്ദന്റെ റബ്ബര്‍ മരങ്ങളും കാറ്റില്‍ മറിഞ്ഞു വീണു. കാറ്റ് നാശം വിതച്ച മേഖലകളില്‍ കര്‍ഷക സംഘം നേതാക്കളായ സി എസ് ശ്രീധരന്‍പിള്ള, ഒ ഡി അനില്‍കുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് കര്‍ഷക സംഘം ആവശ്യപ്പെട്ടു.

ഉദയംപേരൂരില്‍ രണ്ട് വീട് കാറ്റിലും മഴയിലും മരം വീണ് ഉദയംപേരൂരില്‍ രണ്ടു വീടുകള്‍ തകര്‍ന്നു. ഉള്ളാടം വെളിമാര്‍ക്കറ്റിന് സമീപം പട്ടികവര്‍ഗ കോളനിയിലെ അനില്‍കുമാര്‍, സുകുമാരന്‍ എന്നിവരുടെ വീടുകളാണ്. തിങ്കളാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. വീട്ടുകാര്‍ അകത്ത് ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല.

പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നീരൊഴുക്ക് വര്‍ധിച്ചതോടെ ജല നിരപ്പ് ഉയര്‍ന്നു. ബുധനാഴ്ച രാവിലെ 10ന് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകളും രാവിലെ 10ന് 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. ഇരു ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. മഴ കനത്തതോടെ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടിവരുമെന്നും ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. മഴ കനത്താല്‍ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.