മൂന്നരലക്ഷം പ്രവാസികളെ ഇന്ത്യയില്‍ ബന്ദികളാക്കി കേന്ദ്രം; രണ്ട് ലക്ഷത്തോളം മലയാളികൾ

കെ രംഗനാഥ്

ദുബായ്

Posted on June 02, 2020, 10:29 pm

കൊറോണക്കാലത്ത് വ്യോമഗതാഗതം നിലച്ചതിനാല്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ മൂന്നര ലക്ഷത്തിലേറെ പ്രവാസികളെ രാജ്യത്ത് ബന്ദികളാക്കി കേന്ദ്രത്തിന്റെ ക്രൂരവിനോദം. ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് വ്യോമഗതാഗതം നിരോധിച്ച കേന്ദ്രത്തിന്റെ നിലപാടു മൂലമാണ് ലക്ഷങ്ങള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന രാജ്യങ്ങളിലെത്തി പണിചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ഫെബ്രുവരി മുതല്‍ കേന്ദ്രം ബന്ദികളാക്കിയിരിക്കുന്ന മൂന്നര ലക്ഷത്തിലധികം പ്രവാസികളില്‍ 2.19 ലക്ഷവും യുഎഇയില്‍ നിന്നാണ്. ഇവരില്‍ 1.83 ലക്ഷവും മലയാളികള്‍, ശേഷിക്കുന്നവര്‍ സൗദി അറേബ്യ, കുവെെറ്റ്, ഖത്തര്‍, ബഹ്റെെന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരിലും നല്ലൊരു പങ്ക് മലയാളികളാണ്. കൊറോണയെത്തുടര്‍ന്ന് ഇന്ത്യയില്‍ മാസങ്ങളായി കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇന്നലെ മുതല്‍ തിരിച്ചെത്താമെന്ന് യുഎഇ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങിയെത്താനുമാവുന്നില്ല. കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളും സന്നദ്ധതയറിയിച്ചുവെങ്കിലും കേന്ദ്രത്തിന്റെ വിദേശത്തേക്കുള്ള വ്യോമവിലക്ക് പ്രവാസിദ്രോഹ നടപടിയായി തുടരുന്നു. വന്ദേഭാരത് മിഷനില്‍ പ്രവാസികളെ ഇന്ത്യയിലെത്തിച്ച ശേഷം വിമാനങ്ങള്‍ വിദേശങ്ങളിലേക്കു മടങ്ങുന്നത് കാലിയാണ്. ഈ വിമാനങ്ങളില്‍ കൊറോണാ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യയില്‍ കുടുങ്ങിയ പ്രവാസികളെ അവര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കൊണ്ടുപോകാവുന്നതേയുള്ളു.

എന്നാല്‍ ഇതംഗീകരിക്കാതെ അനാവശ്യമായ വിദേശ വിമാനസര്‍വീസ് വിലക്കു തുടരുന്നത് എല്ലാ പ്രതിസന്ധികള്‍ക്കുമിടയിലും തൊഴില്‍ നഷ്ടപ്പെടാതെ പിടിച്ചുനില്ക്കുന്ന പ്രവാസി ലക്ഷങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടുന്നതിനു തുല്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം മറ്റ് ഇന്ത്യന്‍ വിമാനകമ്പനികളായ ഇന്‍ഡിഗോ, വിസ്താര, സ്പേസ് ജറ്റ്, എയര്‍ ഏഷ്യ എന്നിവയെ വിദേശ സര്‍വീസ് നടത്തണമെന്നും പ്രവാസികളെ കൊണ്ടുവരണമെന്നുമുള്ള ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.

മറ്റ് ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് പ്രവാസികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാനോ തിരിച്ചു കൊണ്ടുവരാനോ അനുമതി നല്കിയിട്ടുമില്ല. ഗള്‍ഫ് സെക്ടറില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനുമായി പ്രതിമാസം 81 സര്‍വീസുകള്‍ നടത്താമെന്ന് ഇന്‍ഡിഗോ അപേക്ഷ നല്കിയതിനും കേന്ദ്ര സിവില്‍ വ്യോമ മന്ത്രാലയം അനുമതി നല്കിയിട്ടില്ല. ഗള്‍ഫ് വിമാന കമ്പനികള്‍ ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസ് നടത്താന്‍ നല്കിയ അപേക്ഷകള്‍ക്കുമേലും കേന്ദ്രം അടയിരിപ്പാണ്.

ചുരുക്കത്തില്‍ തൊഴുത്തിലെ പട്ടിയെപ്പോലെയാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് പ്രവാസി സംഘടനകള്‍ പരിഹസിക്കുന്നു. ജൂണ്‍ 30ന് ശേഷം മാത്രമേ ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളു എന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തോടെ കേന്ദ്രം അതിന്റെ പ്രവാസി ദ്രോഹ നടപടികള്‍ പൂര്‍വാധികം ഭംഗിയോടെ നടപ്പാക്കുന്നുവെന്നുവേണം അനുമാനിക്കാനെന്നും പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.

ENGLISH SUMMARY: 3 lakh expa­tri­ates were hostages in india, 2 lakh of them are malay­alees
You may also like this video