February 5, 2023 Sunday

Related news

December 25, 2022
January 22, 2022
January 20, 2022
November 19, 2021
November 5, 2021
September 21, 2021
September 13, 2021
September 12, 2021
September 1, 2021
August 31, 2021

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്: രോഗമുക്തി നേടിയത് 19 പേര്‍

Janayugom Webdesk
തിരുവനന്തപുരം
April 13, 2020 6:09 pm

കോവിഡ് എന്ന മഹാമാരിയെ പിടിച്ച് നിർത്താൻ പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ആദ്യഘട്ടം പിന്നിടുമ്പോൾ സംസ്ഥാനത്തിന് ആശ്വാസം. രോഗ വ്യാപനത്തെ രണ്ടാംഘട്ടത്തിന്റെ തീവ്രതയിലേക്കുപോലും വലിച്ചിഴയ്ക്കാതെ കേരളം ഒറ്റക്കെട്ടായാണ് കൊറോണയെ പ്രതിരോധിച്ചത്. നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 178 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 19 പേർ ഇന്നലെ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി. ഇന്നലെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ സംസ്ഥാനത്ത് 197 പേർ രോഗമുക്തരായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ജില്ലയിലെ 12 പേരുടെയും പത്തനംതിട്ട, തൃശൂർ ജില്ലകളിലെ മൂന്ന് പേരുടെ വീതവും കണ്ണൂർ ജില്ലയിലെ ഒരാളുടെയും പരിശോധനാ ഫലം ഇന്നലെ നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിലെ രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെയാൾ വിദേശത്തുനിന്നും വന്നതാണ്.

വിവിധ ജില്ലകളിലായി 1,12,183 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,11,468 പേർ വീടുകളിലും 715 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 15,683 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 14,829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി സ്ഥിതിഗതികൾ വിവരിച്ചത്. രാജ്യം സമ്പൂർണ ലോക്ഡൗണിലേക്ക് മാറും മുൻപേ തന്നെ കേരളം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 24 മുതൽ 31 വരെയാണ് സംസ്ഥാനത്ത് ആദ്യം ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് 25 ന് പ്രധാനമന്ത്രി ഏപ്രിൽ 14 വരെ രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. വീട്ടിലിരിക്കുന്നവർ ക്വാറന്റൈൻ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നതിലൂടെ സ്വന്തം വീട്ടിലേക്ക് രോഗം പടർത്താതിരിക്കാനും അതിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനും സാധിക്കുന്നത് തന്നെയാണ് ലോക‍്ഡൗണിന്റെ പ്രാധാന്യം. കേരളം കാണിച്ച ജാഗ്രതയാണ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചതും.

ആളുകൾ കൂട്ടം കൂടുന്നതും തടയുവാനും സാമൂഹിക അകലം കാത്ത് സൂക്ഷിക്കാനും ലോക്ഡൗൺ സഹായിച്ചത് രോഗബാധ പകരുന്നത് തടയാൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വീട്ടിൽ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധമെന്ന് നിരന്തരം സർക്കാർ ബോധവത്ക്കരണവും നടത്തി. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നത് തടയാൻ കൈകഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ശീലമാക്കാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിൻ സർക്കാർ സംഘടിപ്പിച്ചു. ഇതിനെ ജനങ്ങളും ഏറ്റെടുത്തു. ഒറ്റക്കെട്ടായുളള ജാഗ്രത മൂലം കോവിഡിന്റെ രണ്ടാം വരവിന് തടയിടാൻ കഴിഞ്ഞു. ഈ മാസം ഒന്നിന് 1,64,130 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇന്നലെ വരെ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 1,12,183 ആയി കുറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ 25.80 ശതമാനത്തിന് മാത്രമാണ് സമ്പർക്കത്തിലൂടെ പകർന്നത്. 74. 2 ശതമാനം വിദേശത്തു നിന്ന് വന്നവരാണ്. ചൈനയിൽ നിന്നും എത്തിയവർക്ക് രോഗം പിടിപെട്ടപ്പോൾ തന്നെ സർക്കാർ പുലർത്തിയ ജാഗ്രതയാണ് ഇതിന്റെ പ്രധാന കാരണം.

ഇതോടൊപ്പം ദുരിതത്തിലായ സാധാരണക്കാർക്ക് എല്ലാവിധത്തിലും സഹായമേകാൻ സംസ്ഥാനസർക്കാർ കൃത്യമായ ഇടപെടൽ നടത്തി. റേഷൻകടകൾ വഴി എല്ലാ കാർഡുടമകൾക്കും സൗജന്യറേഷൻ അനുവദിച്ചും പലവ്യഞ്ജന കിറ്റു നൽകിയും സർക്കാർ ജനത്തിനൊപ്പം നിന്നും. പച്ചക്കറികളും മറ്റും ഓൺലൈൻ വിൽപ്പനയൊരുക്കി കൃഷിവകുപ്പും. തെരുവിൽ ഒറ്റയ്ക്കായവർക്കും സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികൾക്കും ഭക്ഷണമെത്തിക്കാൻ കമ്മ്യുണിറ്റി കിച്ചനുകൾ ആരംഭിച്ചതും സർക്കാരിന്റെ സമയോചിതമായ തീരുമാനമായിരുന്നു. ഓരോ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃത്യമായ ഇടപെടൽ നടത്തിയാണ് ലോക്ഡൗൺ കാലയളവിൽ മുന്നോട്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.