ഇരുചക്ര വാഹനമിടിച്ച് കാല്‍നട യാത്രികനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

Web Desk
Posted on August 17, 2019, 8:21 pm

അടിമാലി: അടിമാലി ടൗണില്‍ ഇരുചക്ര വാഹനയാത്രികര്‍ കാല്‍നട യാത്രികനെ
ഇടിച്ച് തെറിപ്പിച്ചു. അടിമാലി കാംകോ ജംഗ്ഷനില്‍ ഇന്നലെ വൈകിട്ട് നാല്
മണിയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ കാല്‍നട യാത്രികനുള്‍പ്പെടെ
മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ദേശിയപാത മുറിച്ച് കടന്ന് മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനരികിലേക്ക് പോകുന്നതിനിടയില്‍ അമ്പലപ്പടി ഭാഗത്തു നിന്നും വന്ന ഇരുചക്ര വാഹനയാത്രികര്‍ അടിമാലി സ്വദേശിയായ സലിമിനെ(50) ഇടിച്ച് വീഴ്ത്തുകയായിരുന്നു. വാഹനമോടിച്ചിരുന്ന അടിമാലി
ചാറ്റുപാറ സ്വദേശി വിഷ്ണു(21) ഒപ്പമുണ്ടായിരുന്ന അലന്‍(17) എന്നിവര്‍ക്കും പരിക്ക് സംഭവിച്ചു. ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ സലിമിന്റെ തലക്ക് ഗരുതര പരിക്കേറ്റു.യുവാക്കളുടെ കൈക്കും കാലിനുമാണ് പരിക്ക് സംഭവിച്ചിട്ടുള്ളത്. ടൗണിലെ തിരക്കേറിയ ജംഗ്ഷനുകളില്‍ ഒന്നായ കാംകോയില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാണ്. അമിത വേഗതും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.