കവിതകൾ: നാട്യങ്ങള്‍, ശേഷക്രിയ, അയലത്തെ അമ്മായി

Web Desk
Posted on April 21, 2019, 8:00 am

1. നാട്യങ്ങള്‍
സീന. കെ.പി

വാതില്‍ തുറന്നിടുക എന്നത്
കാലഹരണപ്പെട്ടൊരു ശീലമാണ്.
നമുക്ക് നമ്മുടെ നിഴലിനെ തന്നെ
വിശ്വാസമില്ലാത്ത കാലത്ത്
ഓര്‍ക്കാപ്പുറത്താകാം ആരെങ്കിലും
പടി കടന്നെത്തുന്നത്.
ചിരപരിചിതരെന്നോ
വഴി തെറ്റി വന്നവരെന്നോ നോക്കാതെ
ഉമ്മറത്ത് തന്നെയിരുത്തും
ഉള്ളിലെ അമാവാസി
പുറത്തു കാണിക്കാതെ
ഒരു നിലാച്ചിരിയുടെ
ഉദാരത നീട്ടും.
വാക്കുകള്‍ മഴ പോലെയടരും.
കുടയുടെ തണലെന്ന് നടിക്കും
പക്ഷേ ഈയിടെയായ് പലരും
ആരെയും അകത്തെ കസേരയിലിരുത്താറില്ല.

2. ശേഷക്രിയ
സുഭാഷ് ചേര്‍ത്തല

ഒട്ടു നില്‍ക്കുക കുഞ്ഞേ
നിന്റെ ഈ അച്ഛന്റെ ഓട്ട
വാക്കൊന്നു കേള്‍ക്കുക.
നിന്നെ നീയാക്കുവാന്‍
വാര്‍ത്ത വേര്‍പ്പിന്റെ ഉപ്പ്
മാഞ്ഞതില്ലല്ലൊ ഇന്നുമീ-
നെഞ്ചില്‍ നിന്റെ ബാല്യത്തിലേ
കണ്ണീര്‍പ്പൂവായ് മാഞ്ഞൊരമ്മക്കു
പകരമായ് ഞാനായിരുന്നു
നിന്നമ്മയും അച്ഛനുമെന്നതെന്തേ
മറന്നു പോയ് ഇന്നു നീ.
നിന്നെ നോക്കാനലഞ്ഞ
ദിനങ്ങളില്‍ ഞാന്‍ എന്റെ
കാര്യം മറന്നുപോയെങ്കിലും
അമ്മ മോഹിച്ച പോലെ നീ;
നോക്കി നില്‍ക്കെ വളര്‍ന്നതു കണ്ട ഞാന്‍
സ്വപ്നമെത്രയോ കണ്ടിരുന്നു.
ഓടിയോടിത്തളര്‍ന്നിട്ടു
ഒന്നുമേ നീയറിയാതെ നോക്കി
യെരിഞ്ഞതിന്‍ നീറ്റലിന്നും
കുഞ്ഞേ അറിയുക.
പൊട്ടിവീഴുമി നെഞ്ചകം നാളെ
അപ്പോള്‍ കൊണ്ടുപോയി
നീറ്റാന്‍ കൊടുക്കല്ലെ
ചാവു തീണ്ടികള്‍ക്കെന്റെ
ഈ അസ്ഥിമാത്രമാം കായം.
ആശയൊന്നേ എനിക്കുള്ളു
മകനേ എന്റെ പാതി മയങ്ങുന്ന
മണ്ണില്‍ വീണുറങ്ങണമെന്നതു മാത്രം.
നിന്റെ അമ്മയുറങ്ങുമീ -
മണ്ണില്‍ ചിതയൊരുക്കുവാന്‍
യാചിച്ചിടുന്നു ഞാന്‍.
ശേഷക്രിയയ്ക്കു
നേരമില്ലെങ്കിലും ഒന്നു കാണാന്‍
വരില്ലേ കുഞ്ഞു നാളില്‍ നീ
ഉമ്മവച്ചുനനച്ചൊരീ ആനനം
പട്ടടക്കൊന്നു തീ കൊളുത്തി
യാത്ര ചൊല്ലുവാനെങ്കിലും;
മനസു കാട്ടുമോ നീ.… മകനേ
മനസു കാട്ടുമോ പുത്ര ധര്‍മ്മം
മറക്കാതെ നീ.

3. അയലത്തെ അമ്മായി
ജിഷ കാര്‍ത്തിക

ചപ്പാത്തിയോടൊപ്പം
ഉരുണ്ടിരുന്ന സന്ധ്യയിലാണ്
വടക്കോട്ട് തുറന്നു വച്ചിരുന്ന
എന്റെ ജനല്‍പ്പാളിയിലൂടെ
അയലത്തെ അമ്മായിയുടെ
വെള്ളമുണ്ട് പാറി വന്നത്.

ഭസ്മക്കുറിയുടെ നീളം
പതിവിലധികം
മുടിയിഴകള്‍ പഞ്ഞിക്കെട്ട് പോലെ
ഇതുവരേയില്ലാത്തവിധം
മുട്ടിപ്പലക വലിച്ചിട്ടമ്മായിയിരുന്നു.

മൂന്നുമാസം മുമ്പമ്മായിയുടെ
വളയാത്ത കാലും
ഇരിക്കാറുള്ള കസാരയുടെയും
അവിശ്വാസനോട്ടം.

കൊച്ചു വിശേഷങ്ങള്‍
മരിച്ചുപോയ മരുമകളുടെ
ഓര്‍മ്മകള്‍,
മകന്റെ തീരാവ്യാധികള്‍,
പേരക്കുട്ടികളെപ്പറ്റിയുള്ള
വേവലാതികള്‍
കാലും നീര്‍ത്തി
മുട്ടിപ്പലകയില്‍ വെളുത്തമുണ്ട്
അലക്കിത്തുടങ്ങിയെങ്കിലും
ജനലിലൂടെ വടക്കേപറമ്പിലേക്ക്
ക്ഷണനേരംകൊണ്ടത്
പാഞ്ഞു പോയി
അയയില്‍ തൂങ്ങി.

ചപ്പാത്തിയൊരു കരിഞ്ഞ ഭൂപടം
ചട്ടിയില്‍ കവിത വിരിഞ്ഞു.
മൂന്നു മാസമായല്ലോ
അമ്മായിയെക്കണ്ടീട്ടെ-
ന്നോര്‍ത്ത് ജനലിലൂടെ
ഞാനുമറിയാതിറങ്ങിപ്പോയി.

എവിടെയും കണ്ടില്ല
വടക്കേപ്പറമ്പിലെ
അയയില്‍ക്കിടന്നിരുന്ന
വെളുത്തമുണ്ട്
ഞാനടുത്തെത്തിയതും
പറഞ്ഞു തുടങ്ങി

‘ഉമ്മറത്തെക്കുളത്തില്‍
മുങ്ങാന്‍ നോക്കിയതാ
മൂന്ന് പ്രാവശ്യം മുങ്ങി
പിന്നെ പൊങ്ങിയില്ല.
എന്റെ കുളത്തിനത്ര
ഇഷ്ടമായെന്നേ’

വെള്ളമുണ്ടിനിടയില്‍
തെളിഞ്ഞു വന്ന ചെളിക്കറ
എന്നെ നോക്കി
കള്ളച്ചിരിച്ചിരിച്ചു.