പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന പേരിൽ നേരത്തേ തൊഴിൽ നേടിയ ഒമ്പത് ലക്ഷം ആളുകളുടെ പേരിൽ തട്ടിയെടുത്തത് 300 കോടി രൂപ. ഇതുകൂടി ചേർത്താണ് പുതിയ ഒമ്പത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി തന്നെ അവകാശപ്പെട്ടത്. 80,000 ത്തോളം കമ്പനികളുടെ പേരിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. പുതിയതായി എംപ്ലോയീസ് പ്രോവിഡന്റ് ഫമ്ടിൽ ചേർന്നവരെന്ന് കാട്ടിയാണ് 300 കോടി രൂപ തട്ടിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ കണക്ക് കൂടി ഉപയോഗിച്ചാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അവകാശപ്പെട്ടുള്ള പ്രചരണം അഴിച്ചുവിട്ടത്. കഴിഞ്ഞ ജൂലൈ 16 വരെയുള്ള കണക്കനുസരിച്ച് 8,98,576 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന പേരിൽ നേരത്തേ പിഎഫ് അക്കൗണ്ടുള്ളവരുടെ പേർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇവർ പുതിയതായി പിഎഫിൽ ചേർന്നുവെന്ന രേഖകളുണ്ടാക്കുകയായിരുന്നു. ഇങ്ങൻെ നടത്തിയ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഉടമകളിൽ നിന്ന് 222 കോടി രൂപ ഈടാക്കുന്നതിനുള്ള നടപടികൾ ഇപിഎഫ് ആരംഭിച്ചതായി വാർത്തയിലുണ്ട്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ വർഷവും രണ്ടുകോടി തൊഴിലവസരങ്ങൾ പുതിയതായി സൃഷ്ടിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇത് നടപ്പിലാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇതേതുടർന്നാണ് നിലവിലുള്ള തൊഴിലാളികളുടെ പേരിൽ പിഎഫ് ആരംഭിച്ചത്. ഇങ്ങനെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവർക്ക് പ്രധാനമന്ത്രി തൊഴിൽ പ്രോത്സാഹൻ യോജന (പിഎംആർപിവൈ) എന്ന പദ്ധതി പ്രകാരം നല്കിയ ആനുകൂല്യമടക്കമാണ് 300 കോടിയോളം രൂപ തട്ടിയെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 2016 ലാണ് പിഎംആർപിവൈ പദ്ധതി നടപ്പിലാക്കിയത്.
പ്രോവിഡന്റ് പണ്ട് പദ്ധതിയിൽ ചേർന്നവരുടെ എണ്ണം ഉപയോഗിച്ചാണ് 2017–18 വർഷം 70 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഹിന്ദുസ്ഥാൻ ടൈംസിന് നല്കിയ അഭിമുഖത്തിൽ അവകാശപ്പെട്ടിരുന്നത്. ഇതിൽ ഒമ്പത് ലക്ഷം നേരത്തേ തൊഴിൽ നേടിയതാണെന്നാണ് പുതിയ റിപ്പോർട്ട് പ്രകാരം വ്യക്തമാകുന്നത്.
English Summary: 300 lakhs lose in the name of creating new employment opportunities
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.