ന്യൂഡൽഹി: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 300 ഭീകരർ നിയന്ത്രണ രേഖയ്ക്കപ്പുറം കാത്തിരിക്കുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. റിപ്പബ്ലിക് ദിനാഘോഷങ്ങൾ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഭീകരർ പാക് അധീന കശ്മീരിൽ അവസരം കാത്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാൻ സൈന്യം റിക്രൂട്ട് ചെയ്ത അഫ്ഗാൻ ഭീകരരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
പാക് സൈന്യം 60 അഫ്ഗാൻ ഭീകരരെയാണ് ഇന്ത്യയിൽ ആക്രമണം നടത്താനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഇന്ത്യാ ടുഡെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കശ്മീരിലെ സുരക്ഷാ സേനയെ ആക്രമിക്കാനാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്.
കശ്മീരിൽ സമാധാനം നിലനിർത്തുന്നതിന് അഫ്ഗാൻ ഭീകരർ വലിയ തലവേദനയാണ് സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കുന്നത്. ചില വിദേശ ഭീകരർ കശ്മീരിലേക്ക് ഇതിനകം തന്നെ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സുരക്ഷാ സേനകളുമായി ഏറ്റുമുട്ടുന്നതിൽ വിദഗ്ദ പരിശീലനം ലഭിച്ചവരാണ് ഇവരെന്നുമാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതിയിടുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.