എവറസ്റ്റില്‍ ഇതുവരെ നീക്കം ചെയ്തത് 3000 കിലോ ഖരമാലിന്യം

Web Desk
Posted on April 30, 2019, 9:48 am

കാഠ്മണ്ഡു : എവറസ്റ്റിലെ മാലിന്യം നീക്കം ചെയ്യല്‍ പദ്ധതി രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ ഇതുവരെ നീക്കം ചെയ്തത് 3000 കിലോ ഖരമാലിന്യം. നേപ്പാള്‍ സര്‍ക്കാര്‍ ഏപ്രില്‍ 14നാണ് എവറസ്റ്റില്‍ പര്‍വതാരോഹകരും സഹായികളും തള്ളുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുവാനുള്ള പദ്ധതി ആരംഭിച്ചത്.

45 ദിവസമാണ് ശുചീകരണ പരിപാടി നീണ്ടുനില്‍ക്കുക. നേപ്പാളിലെ സൊലുഖുബു ജില്ലയിലെ ഖുമ്ബു പസങ്കമു നഗരസഭയാണ് എവറസ്റ്റ് ശുചിയാക്കുന്ന പരിപാടിയുമായി മുന്നിട്ടിറങ്ങിയത്. 45 ദിവസം കൊണ്ട് 10,000 കിലോ മാലിന്യം എവറസ്റ്റില്‍ നിന്നും തിരിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

എവറസ്റ്റിന്റെ ബെയ്‌സ് ക്യാംപില്‍ നിന്ന് മാത്രം 5000 കിലോഗ്രാം മാലിന്യം തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍. ഇതുവരെ നാല് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. പര്‍വതാരോഹണത്തിന് എത്തുന്നവരുടെ പക്കലെ ഓക്‌സിജന്‍ കാനുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, ബിയര്‍ ബോട്ടില്‍ എന്നിവയാണ് പ്രശ്‌നമാകുന്നത്. ഇവിടെ നിന്നും കണ്ടെടുക്കുന്ന മാലിന്യങ്ങള്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ശേഷം പുനചംക്രമണത്തിന് അയയ്ക്കും.