റഷ്യയുമായി 30,000 കോടിയുടെ ആയുധക്കരാര്‍

Web Desk

ന്യൂഡല്‍ഹി

Posted on April 06, 2018, 10:52 pm

റഷ്യയുമായി 30,000 കോടിയുടെ ആയുധക്കരാറില്‍ ഏര്‍പ്പെടാന്‍ ഇന്ത്യ. അഞ്ച് എസ്400 വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നത്. അമേരിക്കന്‍ ഉപരോധത്തെ മറികടന്നാണ് ഈ നീക്കം.

റഷ്യയുമായി പ്രതിരോധ രഹസ്യാന്വേഷണ ഇടപാടുകളില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് മറ്റു രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെ സി എ എ ടി എസ് എ (കൗണ്ടറിങ് അമേരിക്കന്‍ അഡ്‌വേഴ്‌സറീസ് ത്രൂ സാങ്ഷന്‍സ് ആക്ട്) അമേരിക്ക നടപ്പാക്കിയിരുന്നു. ജനുവരി ഒന്നിനാണ് സി എ എ ടി എസ് എ നിയമം നിലവില്‍ വന്നത്. ഇതിനെ മറികടന്നു കൊണ്ടാണ് ഇന്ത്യ റഷ്യയുമായി മിസൈല്‍ ഇടപാടിനുള്ള ചര്‍ച്ചകള്‍ നടത്തുന്നത്. സി എ എ ടി എസ് എയുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ റഷ്യയില്‍നിന്ന് മിസൈല്‍ സിസ്റ്റം വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നുവെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് മെയില്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
സി എ എ ടി എസ് എ നിലവില്‍ വന്നതോടെ തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ തുടങ്ങി യു എസുമായി അടുപ്പമുള്ള രാജ്യങ്ങള്‍ എസ് 400 എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റം വാങ്ങുന്നതില്‍നിന്ന് പിന്നോട്ടു പോയതാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 350 കിലോമീറ്റര്‍ പരിധിയുള്ള എസ് 400 എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങാന്‍ ചൈനയും ഇന്ത്യയും മാത്രമാണ് തയ്യാറായേക്കുന്നതെന്നാണ് സൂചന.

250 മൈല്‍ ദൂരപരിധിയിലുള്ള ആകാശമാര്‍ഗേനയുള്ള ഭീഷണികളെ കണ്ടെത്താനും തകര്‍ക്കാനും പ്രാപ്തിയുള്ളതാണ് എസ് 400 എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റം. ട്രാക്കിങ് ആന്‍ഡ് സെര്‍ച്ച് റഡാര്‍ സിസ്റ്റംസ്, എട്ട് ലോഞ്ചറുകള്‍, 112 ഗൈഡഡ് മിസൈലുകള്‍, കമാന്‍ഡ് ആന്‍ഡ് സപ്പോര്‍ട്ട് വെഹിക്കിള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഓരോ എസ് 400 എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റം. ഇത്തരത്തില്‍ അഞ്ച് എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.