October 2, 2022 Sunday

ഇലക്ടറല്‍ ബോണ്ട് പണമാക്കി 3429 കോടി; തെരഞ്ഞെടുപ്പുകളില്‍ ബിജെപി ഒഴുക്കിയത് 1651 കോടിയെന്നും എഡിആര്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2021 7:15 pm

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇലക്ടറല്‍ ബോണ്ടിലൂടെ മാത്രം 3429 കോടി രൂപ ദേശീയപാര്‍ട്ടികള്‍ പണമാക്കി മാറ്റിയതായി കണക്കുകള്‍. ഇവയുടെ ഭൂരിഭാഗവും ബിജെപിയാണ് കൈക്കലാക്കിയിരിക്കുന്നത്.
ഏഴ് ദേശീയപാര്‍ട്ടികള്‍ക്കായി ആകെ 4,758.26 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ചത്. ഇവയില്‍ 3429.55 കോടി പണമാക്കി മാറ്റിയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, എന്‍സിപി എന്നീ നാല് പാര്‍ട്ടികള്‍ ഇതിന്റെ 87.29 ശതമാനം നേടിയതായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവരാവകാശ രേഖയെ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബിജെപിക്ക് 2019–20 സാമ്പത്തികവര്‍ഷത്തില്‍ ആകെ വരുമാനം ലഭിച്ചത് 3623.28 കോടിയാണ്. ഇതിന്റെ 45.57 ശതമാനം, അതായത് 1651 കോടി രൂപ ചെലവഴിച്ചതായും എഡിആര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് കഴിഞ്ഞവര്‍ഷം 682.21 കോടിയുടെ വരുമാനം ലഭിച്ചപ്പോള്‍ ചെലവ് കുതിച്ചുയര്‍ന്നു. 998.15 കോടിയാണ് പാര്‍ട്ടിയുടെ ചെലവ്. ടിഎംസിക്ക് 143 കോടിയുടെ വരുമാനം ലഭിച്ചപ്പോള്‍ 107 കോടി ചെലവഴിച്ചു. എന്‍സിപിയുടെ വരുമാനം കഴിഞ്ഞവര്‍ഷത്തെ 50.71 കോടിയില്‍ നിന്നും 68 ശതമാനം ഉയര്‍ന്ന് 85.58 കോടിയായി. സിപിഐഎമ്മിന് 93 കോടി വരുമാനം ലഭിച്ചപ്പോള്‍ സിപിഐയുടെ വരുമാനം 3.02 കോടിയാണ്.

സംഭാവനകള്‍ സംബന്ധിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ സത്യവാങ്മൂലങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷന്‍, എസ്ബിഐ എന്നിവയുടെ കണക്കുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കൃത്യമായ കണക്കുകള്‍ ഓഡിറ്റിലൂടെ മാത്രമേ ലഭ്യമാകൂവെന്നും എഡിആര്‍ വിലയിരുത്തുന്നു. ആകെ 3441.32 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിച്ചതായാണ് ദേശീയപാര്‍ട്ടികളുടെ സത്യവാങ്മൂലങ്ങളില്‍ നിന്നുള്ള കണക്ക്. ആകെ വരുമാനം 4758.20 കോടിയുമാണ്.

2018–19 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വരുമാന വര്‍ധനവാണ് ബിജെപിക്കുണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നുള്ള ബിജെപിയുടെ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 76 ശതമാനം വര്‍ധിച്ചതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കുകളിലുണ്ട്.

Eng­lish sum­ma­ry; 3429 crore in elec­toral bonds

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.