20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 8, 2024
August 4, 2024
March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023
May 2, 2023

ലൈഫ് മിഷന്‍ പദ്ധതിക്ക് 350 കോടി കൂടി

Janayugom Webdesk
തിരുവനന്തപുരം
August 4, 2024 9:38 pm

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കി സംസ്ഥാന സര്‍ക്കാര്‍. ഗ്രാമപഞ്ചായത്തുകളിലെ 22,500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനാവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവർക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും നിലവിൽ ലഭ്യമാണ്. തിങ്കളാഴ്ച മുതൽ ഈ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും ഇതിലൂടെ തുക നൽകാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. 

കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മാതൃകാ പദ്ധതികളിലൊന്നായി ലൈഫ് മിഷൻ മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ഇത്രയും വിപുലമായ ജനകീയ പാർപ്പിട പദ്ധതി ലോകത്ത് മറ്റെങ്ങുമില്ല. 2026 ആകുമ്പോഴേക്കും അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അതിലേറെ വീടുകൾ പൂർത്തിയാകുമെന്നാണ് നിലവിലെ സ്ഥിതി. ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതിൽ 4,06,768 വീടുകൾ നിർമ്മാണം പൂർത്തിയാക്കി. 1,06,304 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏവർക്കും വീട് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ അതിവേഗം മുന്നോട്ട് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. 

2022ൽ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കൾക്ക് 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ 1000 കോടിയുടെ ഗ്യാരന്റി സർക്കാർ നൽകുകയും, ഈ തുക 69,217 ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടിയുടെ ഗ്യാരന്റി സർക്കാർ നൽകിയതിനെ തുടർന്നാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിനനുസരിച്ച് ബാക്കി തുകയും അനുവദിക്കും.
നഗരസഭകൾക്കായി 217 കോടി രൂപ കൂടി ലഭ്യമാക്കാനുള്ള പ്രവർത്തനം അന്തിമഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളിൽ ഈ തുക ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇവർക്കുള്ള സർക്കാർ വിഹിതവും ലഭ്യമാണ്. ഹഡ്കോ വായ്പ സർക്കാരിന്റെ ഗ്യാരന്റിയിലാണ് ലഭ്യമാക്കുന്നത്. വായ്പയുടെ പലിശ പൂർണമായി സർക്കാര്‍ വഹിക്കും.

Eng­lish Sum­ma­ry: 350 crore more for Life Mis­sion project
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.