വെള്ളപ്പൊക്കം; 350 വിദ്യാര്‍ഥികളും 50 അധ്യാപകരും സ്‌കൂളില്‍ കുടുങ്ങി

Web Desk
Posted on September 15, 2019, 5:50 pm

ചിറ്റോഗഡ്: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കംമൂലം സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങനാകാതെ അധ്യാപകരും വിദ്യാര്‍ഥികളും. രാജസ്ഥാനിലെ ചിറ്റോഗഡിലാണ് 350ഓളം വിദ്യാര്‍ഥികളും അമ്പതോളം അധ്യാപകരും സ്‌കൂളിനുള്ളില്‍ കുടുങ്ങിയത്. റോഡ് വെള്ളത്തില്‍ മുങ്ങിപ്പോയതോടെ കഴിഞ്ഞ 24 മണിക്കൂറായി അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരിക്കുകയാണെന്ന് റപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സമീപത്തെ റാണാപ്രതാപ് ഡാമില്‍ നിന്ന് ജലം കരകവിഞ്ഞതാണ് പ്രളയസമാനമായ അവസ്ഥയ്ക്ക് കാരണം.
സ്‌കൂള്‍ പ്രവൃത്തി ദിവസമായ ഇന്നലെയെത്തിയ കുട്ടികളാണ് ഒരു ദിവസത്തിനുശേഷവും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്.
പ്രദേശവാസികള്‍ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം സര്‍ക്കാര്‍തലത്തില്‍നിന്ന് യാതൊരു സഹായവും ലഭ്യമായില്ലെന്ന് പരാതി ഉയരുന്നുണ്ട്. രാജസ്ഥാനില്‍ തുടരുന്ന മഴ ഇന്ന് ശക്തമായിട്ടുണ്ട്. കിഴക്കന്‍ രാജസ്ഥാനിലെ പല പ്രദേശങ്ങളും ഇതിനകം ഒറ്റപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.