സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 350 കോടി രൂപ ചെലവഴിച്ച് നവീകരിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് അറിയിച്ചു. കുന്നംകുളം താലൂക്കിലെ കടങ്ങോട്, ചിറമനേങ്ങാട്, വെള്ളറക്കാട് ഗ്രൂപ്പ് വില്ലേജുകളുടെ സ്മാർട്ട് വില്ലേജ് ഓഫീസ്, പാണഞ്ചേരി, പീച്ചി സംയുക്ത വില്ലേജ് ഓഫീസ്, മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് എന്നിവയുടെ കെട്ടിടങ്ങൾ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
481 വില്ലേജ് ഓഫീസുകൾ മനോഹരമായി പൂർത്തിയാക്കി. 255 വില്ലേജ് ഓഫീസുകൾ പുനർനിർമ്മിക്കും. 310 വില്ലേജ് ഓഫീസുകൾ അറ്റകുറ്റപ്പണികൾ നടത്തും. 317 വില്ലേജ് ഓഫീസുകൾക്ക് സ്ഥലം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകളെ മൂന്നു മേഖലകളാക്കി തിരിച്ച് നടത്തിയ പരിശ്രമമാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിലേക്ക് വഴിമാറിയത്. നിലവിൽ 186 സ്മാർട്ട് വില്ലേജ് ഓഫീസുകൾക്ക് സർക്കാർ പണം അനുവദിച്ചു. 40 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾക്കു കൂടി ഉടൻ തുക അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കടങ്ങോട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും പാണഞ്ചേരി, പീച്ചി വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജനും മടത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ അഡ്വ വി ആർ സുനിൽ കുമാർ എംഎൽഎയും അധ്യക്ഷത വഹിച്ചു.
English summary: 350cr to modernize village offices
You may also like this video: