റോഡുകളിലെ കുഴികളില്‍ വീണ് മരിച്ചത് 3,597 പേര്‍

Web Desk
Posted on July 16, 2018, 10:53 pm

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റോഡിലെ കുഴികളില്‍ വീണ് മരിച്ചത് 3597 പേര്‍. രാജ്യത്ത് ഓരോ ദിവസവും പത്ത് ആളുകള്‍ വീതമാണ് കുഴികളില്‍ മരിക്കുന്നത്.
2016ലേതിനേക്കാള്‍ 50 ശതമാനത്തിലേറെ വര്‍ധനയാണ് 2017ല്‍ കുഴികള്‍ മൂലമുണ്ടായ റോഡപകട മരണങ്ങളിലുണ്ടായത്. കുഴിമരണങ്ങളില്‍ ഉത്തര്‍പ്രദേശ് ആണ് മുന്നില്‍, 987 പേര്‍. തൊട്ടുപിന്നില്‍ ഹരിയാനയും ഗുജറാത്തും. മഹാരാഷ്ട്രയില്‍ 726 പേര്‍ ഇത്തരം അപകടത്തില്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയാണിത്.

നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന റോഡുകളിലും അതിനു സമീപത്തും സംഭവിക്കുന്ന അപകടമരണങ്ങളും വര്‍ധിച്ചതായാണ് കണക്ക്. 2016ല്‍ ഇത് 3,878 ആണെങ്കില്‍ 2017ല്‍ 4,250 ആയി വര്‍ധിച്ചു. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച കണക്കുകളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. തീവ്രവാദം, നക്‌സല്‍ ആക്രമണങ്ങള്‍ എന്നിവയില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതലാണ് റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ നിരക്കെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് വിഭാഗങ്ങളിലും കൂടി 2017ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 803 ആണ്. രാജ്യത്തെ റോഡുകളുടെ ദയനീയാവസ്ഥ വിളിച്ചോതുന്നതാണ് ഈ മരണക്കണക്കുകള്‍. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും കാര്യക്ഷമതയില്ലായ്മയും പരിചരണത്തിന്റെ അഭാവവും മരണക്കുഴികളുടെ എണ്ണം കൂട്ടുന്നു. സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കാത്ത ഡ്രൈവിങ്ങും കാരണമാവുന്നു.

ബോധവല്‍ക്കരണം നടത്തിയിട്ടും രാജ്യത്ത് വലിയൊരളവ് ഇരുചക്ര വാഹന യാത്രക്കാര്‍ ഇന്നും ഹെല്‍മറ്റ് ധരിക്കാതെയാണ് വാഹനമോടിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.