Web Desk

തിരുവനന്തപുരം

January 22, 2021, 10:35 am

സുകുമാരക്കുറുപ്പ് എവിടെ ; ചുരുളഴിയാത്ത ദുരൂഹതക്ക് 37 വയസ്

Janayugom Online

സംസ്ഥാനത്തെ കുറ്റാന്വേഷണ ചരിത്രത്തിലെ ദുരൂഹത നിറഞ്ഞ ആ സംഭവത്തിന് ഇന്ന് 37 വയസ്സ്. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിപ്പു തുടരുന്നു. ഇതിനിടെ, സുകുമാരക്കുറുപ്പിന്‍റെ ജീവിതം കഥയാക്കി വെള്ളിത്തിരയില്‍ ദുല്‍ഖര്‍ സല്‍മാൻ ചിത്രം ആഴ്ചകൾക്കുള്ളിൽ തിയറ്ററുകളിലുമെത്തുകയാണ്.

1984 ജനുവരി 22 നാണ് ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി സുകുമാര കുറുപ്പും ബന്ധുവും ഡ്രൈവറും മറ്റൊരു സഹായിയും ചേർന്ന് എൻജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്‍റെ ലക്ഷ്യം. അതിനായിട്ടാണ് കൊല നടത്തിയത്. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി യാത്രാമധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. 

ചാക്കോയ്ക്ക് സുകുമാരക്കുറുപ്പുമായി സാമ്യം ഉണ്ടെന്നാണ് അക്കാലങ്ങളില്‍ പറ‍ഞ്ഞു കേട്ടിട്ടുള്ളത്. കുറുപ്പിന്‍റെ വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റിയശേഷം, സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. മാവേലിക്കരയ്ക്കും, ചെങ്ങന്നൂരിനും ഇടയിലുള്ള കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് കുറുപ്പിന്‍റെ കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം കുന്നത്തെ നെൽവയലിലേക്ക് തള്ളിവിട്ടു.അകത്തും പുറത്തും പെട്രോൾ തളിച്ചിരുന്ന കാറിന് തീ കൊടുക്കുകയും ചെയ്തു. തീ ആളിപ്പടർന്നതോടെ മറ്റൊരു കാറിൽ കയറി എല്ലാവരും സ്ഥലം വിട്ടു. തീ കൊടുക്കാനുള്ള ശ്രമത്തിനിടെ ഒന്നും രണ്ടും പ്രതികൾക്ക് പൊള്ളലേറ്റിരുന്നു. അവിടെ നിന്ന് ഓടി രക്ഷപ്പെടുമ്പോൾ, താഴെ വീണിരുന്ന ഗ്ലൗസ് എടുക്കാൻ അവർ ശ്രദ്ധിച്ചുമില്ല. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ഇത്. 

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് — പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്.ചെറിയനാട് പുത്തൻവീട്ടിൽ സുകുമാരക്കുറുപ്പും ഭാര്യാസഹോദരിയുടെ ഭർത്താവ് ഭാസ്കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ഗൾഫിലെ സുഹൃത്ത് ചാവക്കാട് സ്വദേശി ഷാഹുവും ചേർന്നാണ്, ഇൻഷുറൻസ് തട്ടിപ്പിന് സുകുമാരക്കുറുപ്പിന്റെ ഏകദേശ രൂപമുള്ള ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാൻ ആസൂത്രണമൊരുക്കിയത്. 

കരുവാറ്റ ടിബി ജംഗ്ഷനിൽ ശ്രീഹരി ടാക്കീസിൽ കളക്ഷൻ വിവരങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഫിലിം റെപ്രസന്റേറ്റീവ് ആലപ്പുഴ സ്വദേശി ചാക്കോ. ഗർഭിണിയായ ഭാര്യ ശാന്തമ്മയ്ക്കരികിൽ എത്താൻ വാഹനം കാത്തുനിൽക്കുകയായിരുന്നു. മരിച്ചത് സുകുമാരക്കുറുപ്പ് അല്ലെന്നും ചാക്കോ ആണെന്നും പിന്നീടാണ് പൊലീസ് തിരിച്ചറിഞ്ഞ്. ആ കാർ കത്തിയെരിഞ്ഞ ആ പാടം ഇപ്പോൾ അറിയുന്നത് ചാക്കോപ്പാടം എന്ന പേരിലാണ്. കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള ഇപ്പോൾ പുലിയൂരിലെ വീട്ടിലുണ്ട്. ഇൻഷുറൻസ് തട്ടിപ്പ് നടത്തി വണ്ടാനത്തെ ബംഗ്ലാവ് നിർമാണം പൂർത്തിയാക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. പ്രിയപ്പെട്ടവന്റെ ജീവനെടുത്ത കൊലപാതകക്കേസ് അവസാനിച്ചുകാണാൻ മരിച്ച ചാക്കോയുടെ ഭാര്യ ശാന്തമ്മയും കാത്തിരിപ്പു തുടരുകയാണ്. 

ചാക്കോയുടെ മരണശേഷം ജനിച്ച മകൻ ജിതിന്റെ കൂടെ ആലപ്പുഴയിലെ വീട്ടിലാണ് ശാന്തമ്മയിപ്പോൾ.കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നാണ് സംസാരം. പക്ഷേ,കുറുപ്പിനെ തേടി പൊലീസ് നടക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു. 

സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങുന്ന സിനിമയാണ് ‘കുറുപ്പ്’. ദുൽഖർ സൽമാനാണ് സുകുമാരക്കുറുപ്പ് ആകുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ വേണ്ടെന്നുവച്ച് ചിത്രം മെയ് 28ന് തിയറ്ററുകളിൽ എത്തിക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.ദുൽഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടി രൂപയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയിട്ട് മുന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും അതിന്‍റെ നടുക്കത്തില്‍ നിന്നും പ്രദേശം മോചിതമായിട്ടില്ല. മാവേലിക്കര പൈനുംമൂടിനും,കൊല്ലകടവ് പാലത്തിനും ഇടയിലുള്ള കുന്നം റോഡിലെ ചാക്കോപ്പാടം എന്ന അറിയപ്പെടുന്ന പ്രദേശം ഒരു തേങ്ങലായി അവശേഷിക്കുന്നു

Eng­lish Sum­ma­ry : 37 years after kurup incident

You may also like this video: