September 26, 2022 Monday

വിദേശങ്ങളിൽനിന്ന് 3,732 പേർ എത്തി: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
May 15, 2020 9:42 pm

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി വിദേശ രാജ്യങ്ങളിൽനിന്ന് 17 വിമാനങ്ങളും കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുകളും എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3,732 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയിട്ടുള്ളത്.

കേരളത്തിൽനിന്ന് 33,000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകൾ ഇതുവരെ പോയിട്ടുണ്ട്. കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെയാണ് എത്തിയത്. അവരിൽ മൂന്നുപേർക്ക് തമിഴ്‌നാട്ടിൽ രോഗബാധയുണ്ടായതായി റിപ്പോർട്ടുണ്ട്. ആ സാഹചര്യത്തിൽ മറ്റുള്ളവർക്ക് രോഗബാധ ഇല്ല എന്നുറപ്പാക്കാൻ പ്രത്യേക പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡൽഹിയിൽ നിന്നുള്ള പ്രത്യേക ട്രെയിൻ ഇന്നലെ രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. 1,045 യാത്രക്കാരാണ് കേരളത്തിലെ മൂന്ന് സ്റ്റേഷനുകളായ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിൽ ഇറങ്ങിയത്. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ ആളെ പനിയെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ അയച്ചു.

എറണാകുളത്ത് 411 പേരെത്തി. യാത്രക്കാരിൽ ഒരാളെ നെഞ്ചുവേദനയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലെ 286 യാത്രക്കാർ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. ആരോഗ്യപരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഏഴ് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് (നാല്), മലപ്പുറം, വയനാട്, കാസർകോഡ് ഓരോരുത്തർ വീതം എന്നിങ്ങനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മറ്റുള്ളവരെ കർശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു. യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാൻ കെഎസ്ആർടിസി ബസുകൾ സജ്ജമാക്കിയിരുന്നു.
149 യാത്രക്കാരുമായി ജിദ്ദയിൽ നിന്നുള്ള വിമാനവും ഇന്നലെ കൊച്ചിയിലെത്തി. 58 ഗർഭിണികളും പത്ത് വയസിൽ താഴെയുള്ള ഒൻപത് കുട്ടികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി. ഇതിൽ നാലു പേരെ വിവിധ ജില്ലകളിൽ ചികിത്സക്കായി അയച്ചു. 69 പേരെ കോവിഡ് കെയർ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

Eng­lish Sum­ma­ry: 3732 emi­grants reached Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.