26 March 2025, Wednesday
KSFE Galaxy Chits Banner 2

നാലുവര്‍ഷത്തിനിടെ 38 ലക്ഷം സൈബര്‍ തട്ടിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2025 10:14 pm

ന്യൂഡല്‍ഹി: രാജ്യത്ത് നാല് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38 ലക്ഷത്തിലധികം സൈബര്‍ തട്ടിപ്പ് കേസുകള്‍. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2022നും 24നും ഇടയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുടെയും അനുബന്ധ സൈബര്‍ കുറ്റകൃത്യങ്ങളുടെയും എണ്ണം ഏകദേശം മൂന്നിരട്ടിയായി. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. 

വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ കേന്ദ്രം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. 2021 മുതല്‍ 25വരെ സൈബര്‍ തട്ടിപ്പിലൂടെ ഏകദേശം 36,448 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. ഇതില്‍ 4,380 കോടി രൂപ അടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 60.5 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. 

2022നും 25 ഫെബ്രുവരിക്കും ഇടയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ 2,576 കോടി രൂപയാണ് കുറ്റവാളികള്‍ തട്ടിയെടുത്തത്. ഈ കാലയളവില്‍ ഡിജിറ്റല്‍ അറസ്റ്റ് സംബന്ധിച്ച് 2.4 ലക്ഷം പരാതികള്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതില്‍ ഭൂരിഭാഗം പരാതികളും 2024ല്‍ ആയിരുന്നു. 

കഴിഞ്ഞ വര്‍ഷം മാത്രം 1,953 കോടിയാണ് ഇന്ത്യക്കാരില്‍ നിന്നും സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത്. അന്വേഷണ സംഘം ചമഞ്ഞാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ നടത്തുന്നത്. ദിനം പ്രതി ഇത്തരം കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും സഞ്ജയ് ബന്ദികുമാര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ ഉള്‍പ്പെട്ട 3,962 ലധികം സ്കൈപ്പ് ഐഡികളും 83,668 വാട്സ് ആപ്പ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു. 2025ല്‍ ഫെബ്രുവരി 28 വരെ 210.21 കോടി രൂപയുമായി ബന്ധപ്പെട്ട 17,718 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ടെലികമ്യൂണിക്കേഷന്‍ വകുപ്പുമായി സഹകരിച്ച് സൈബര്‍ ക്രൈം കോ-ഓഡിനേഷന്‍ സെന്റര്‍ കോളര്‍ ട്യൂണ്‍ പ്രചരണം ആരംഭിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.