ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്റർ സംവിധാനവും നടപ്പാക്കുമെന്ന് മോഡി സർക്കാർ ശഠിക്കുമ്പോഴും രാജ്യത്തെ 38 ശതമാനം കുട്ടികൾക്കും ജനന സർട്ടിഫിക്കറ്റ് ഇല്ലെന്ന് റിപ്പോർട്ട്. രാജ്യത്തെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 62.3 ശതമാനം പേർക്ക് മാത്രമാണ് ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. കൂടാതെ രാജ്യത്തെ ഭൂരിഭാഗം മുതിർന്ന പൗരൻമാർക്കും ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളില്ലെന്നാണ് റിപ്പോർട്ട്. 2005 ന് മുമ്പ് ജനിച്ചവരാണ് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവരിൽ ഭൂരിഭാഗവും. ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തവരിൽ 69 ശതമാനം പേരും പട്ടിജാതി, പട്ടിക വർഗക്കാരാണ് .
ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള രേഖകളിൽ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. പാസ്പോർട്ട്, വോട്ടർകാർഡ്, ആധാർ എന്നിവയും പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിസംബർ 20ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. എന്നാൽ പാസ്പോർട്ട്, വോട്ടർകാർഡ്, ആധാർ എന്നിവ പൗരത്വം തെളിയിക്കുന്നതിനായി മതിയാകില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴും ജനനങ്ങളും മരണങ്ങളും പൂർണമായും രജിസ്റ്റർ ചെയ്യുന്നില്ല. ശിശു മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളിലാണ് ജനന രജിസ്ട്രേഷനുകളുടെ എണ്ണം ഗണ്യമായി കുറയുന്നത്. 18 വയസ് പൂർത്തിയാകാത്തവർക്ക് വോട്ടർ കാർഡ് ലഭിക്കില്ല. പത്താം ക്സാസ് പൂർത്തിയാക്കിയാൽ മാത്രമേ ജനന തീയതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അസമിൽ പൗരത്വ പട്ടികയിൽ നിന്നും പുറത്തായവരിൽ ഭൂരിഭാഗവും ജനന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തവരാണെന്നും റിപ്പോർട്ട് പറയുന്നു.
English summary: 38% of children in the country do not have a birth certificate
‘you may also like this video’