കോവിഡിൽ മരിച്ചത് 382 ഡോക്ടർമാർ: കേന്ദ്രസർക്കാരിനെതിരെ ഐഎംഎ

Web Desk

ന്യൂഡൽഹി

Posted on September 17, 2020, 9:16 pm

കോവിഡിനെ തുടർന്ന് മരിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ കേന്ദ്രസർക്കാരിന്റെ കൈവശമില്ലെന്ന കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിൻ കുമാർ ചൗബേയുടെ പ്രസ്താവനയ്‌ക്കെതിരെ ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) വിയോജിപ്പ് വ്യക്തമാക്കി കത്തയച്ചു.

ആരോഗ്യപ്രവർത്തകരുടെയും ഡോക്ടർമാരുടെയും കാര്യത്തിൽ സർക്കാർ നിസംഗത കാണിക്കുകയാണ്. കോവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 382 ഡോക്ടർമാരാണ് മരിച്ചത്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇത്രയും ആരോഗ്യ പ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട മറ്റൊരു രാജ്യം ലോകത്തില്ല. ഈ കാര്യങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽ വരുന്നില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കത്തിൽ ഐഎംഎ ആരോപിച്ചു.

കോവിഡ് 19 ബാധിക്കുകയും രോഗബാധയേറ്റ് മരിക്കുകയും ചെയ്ത ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും കണക്കുകൾ സൂക്ഷിക്കാത്തത് മൂലം 1897 ലെ പകർച്ചവ്യാധി നിയമവും ദുരന്ത നിവാരണനിയമവും നടപ്പാക്കാനുള്ള ധാർമിക അധികാരം സർക്കാരിന് നഷ്ടമാകുമെന്നും ഐഎംഎ കത്തിൽ പറയുന്നു.

ആരോഗ്യ പ്രവർത്തകരെ കോവിഡ് പോരാളികൾ എന്ന് വിളിക്കുന്ന രാജ്യത്താണ് ഇത്തരം നടപടികൾ ഉണ്ടാവുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു. മരിച്ച ഡോക്ടർമാരെ രക്തസാക്ഷികളായി പരിഗണിക്കണമെന്നും അവരുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ENGLISH SUMMARY:382 doc­tors ki lled in covid: IMA against cen­tral gov­ern­ment
You may also like this video