കണ്ടെയ്‌നർ ലോറിയിൽ കൗമാരക്കാരൻറേതടക്കം 39 മൃതദേഹങ്ങള്‍

Web Desk
Posted on October 23, 2019, 4:53 pm

ലണ്ടൻ: കണ്ടെയ്‌നർ ലോറിയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കൗമാരക്കാരന്റെ അടക്കം 39 മൃതദേഹങ്ങള്‍ കണ്ടെത്തി. ബ്രിട്ടനിൽ എസക്‌സിലെ വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അയര്‍ലന്‍ഡ് സ്വദേശിയായ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെ പോലീസ് സംഘം ലോറി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം കണ്ടെയ്‌നർ ലോറിയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ലോറി ഡ്രൈവറെ ചോദ്യം ചെയ്ത് മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബള്‍ഗേറിയയില്‍ രജിസ്റ്റര്‍ ചെയ്ത ലോറി കഴിഞ്ഞ ശനിയാഴ്ചയാണ് ബ്രിട്ടനില്‍ പ്രവേശിച്ചത്. മൃതദേഹം കണ്ടെത്തിയ എസക്‌സില്‍നിന്നും ഏകദേശം 480 കിലോമീറ്ററോളം അകലെയുള്ള ഹോളിഹെഡ് തുറമുഖം വഴിയാണ് ലോറി ബ്രിട്ടനിലെത്തിയത്.