അഞ്ചല്‍ പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം

Web Desk
Posted on July 17, 2019, 12:29 pm

കൊല്ലം:  അഞ്ചലില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ചുകൊന്നകേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തവും 26 വര്‍ഷം പ്രത്യേക ശിക്ഷയും വിധിച്ച് പോക്‌സോ കോടതി. 3,20,000രൂപ പിഴയടക്കുകയും വേണം. പ്രതിചെയ്തത് അത്യന്തം ഹീനമായകുറ്റമെന്ന വിലയിരുത്തിയകോടതി പ്രതിയുടെ പ്രായം പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കുന്നതെന്നും കോടതിവ്യക്തമാക്കി.

2017 ആഗസ്റ്റ് 27 നാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസ്സിലേക്ക് പോയ കുട്ടിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ പ്രതി രാജേഷ് കാത്ത് നിന്ന് കൂട്ടി കൊണ്ടുപോയി കുളത്തൂപ്പുഴയിലെ ഒരു കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ പറയുമെന്ന് കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്‌റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു .

കൊലപ്പെടുത്തിയ ശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട് കണ്ടെത്തിയിരുന്നു. കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത് . കുട്ടിക്കൊപ്പം പ്രതി യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത് .

വിധി കേള്‍ക്കാന്‍ കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും ഇന്ന് കൊല്ലത്തെ പോക്‌സോ കോടതിയില്‍ എത്തിയിരുന്നു.