മലപ്പുറം ജില്ലയിൽ ഇന്ന് നാല് മാസം പ്രായമുള്ള കുഞ്ഞിനാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകൾക്കാണ് രോഗബാധ. കുട്ടി ഇപ്പോൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയ്ക്ക് വൈറസ് ബാധയേൽക്കാനിടയായ സാഹചര്യമെന്തെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന പറഞ്ഞു.
ഹൃദ്രോഗവും വളർച്ചാ കുറവുമുൾപ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഏപ്രിൽ 17ന് പയ്യനാടുള്ള വീട്ടിൽവച്ച് ശ്വാസ തടസം അനുഭവപ്പെട്ട കുട്ടിയെ ഉച്ചയ്ക്ക് 12 മണിയ്ക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചെങ്കിലും മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനിയും ശ്വാസ തടസവും അനുഭവപ്പെട്ട കുട്ടിയെ ഏപ്രിൽ 17 മുതൽ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. അപസ്മാരമുണ്ടായതിനെ തുടർന്ന് 21 ന് പുലർച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോൾ കുട്ടിയുള്ളത്.
ജില്ലയിൽ നാലു മാസം പ്രായമുള്ള കുട്ടിയടക്കം ഏഴ് പേരാണ് കോവിഡ് ബാധിതരായി ഐസൊലേഷനിൽ തുടരുന്നത്. ആറ് പേർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും നാലു മാസം പ്രായമുള്ള കുട്ടി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. 20 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12 പേർ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. ഒരാൾ രോഗമുക്തനായ ശേഷം ആശുപത്രിയിൽ തുടർ ചികിത്സയിലിരിക്കെ മരിച്ചു.
English Summary; 4 months old child confirm covid 19 virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.