കിഴക്കൻ ലഡാക്കിലേക്ക് 40,000 ചൈനീസ് സൈനികർ

Web Desk

ന്യൂഡൽഹി:

Posted on July 22, 2020, 10:42 pm

കിഴക്കൻ ലഡാക്കിലെ ഇന്ത്യാ- ചൈന അതിർത്തിയിൽ ചൈനയുടെ വൻ സൈനിക വിന്യാസം. ഇന്ത്യാ- ചൈന അതിർത്തിയിൽനിന്നും ഇരു രാജ്യങ്ങളുടെ സൈന്യവും പിൻമാറിയെന്നാണ് മോഡി സർക്കാർ അവകാശപ്പെട്ടിരുന്നത്. ഘട്ടം ഘട്ടമായി പൂർണമായ സൈനിക പിൻമാറ്റത്തിന് ചൈന സമ്മതിച്ചുവെന്നായിരുന്നു പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ വ്യക്തമാക്കിയിരുന്നത്. ഇതിന് കടകവിരുദ്ധമായി കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈന 40,000 സൈനികരെ വിന്യസിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇരു രാജ്യങ്ങളിലേയും നയതന്ത്ര പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സൈനിക പിൻമാറ്റത്തിന് ഇരുരാജ്യങ്ങളും സമ്മതിച്ചത്. സൈനിക കമാൻഡർ തലത്തിലുള്ള ചർച്ചകളിലും സമാനമായ തീരുമാനങ്ങളാണ് ഉണ്ടായത്. ആദ്യഘട്ടത്തിൽ ഗൽവാൻ ഉൾപ്പെടെയുള്ള തന്ത്രപ്രധാന പ്രദേശങ്ങളിൽ നിന്നും ചൈനീസ് സൈന്യം പിൻമാറിയിരുന്നു. ചൈനീസ് സൈന്യം അതിർത്തിയിൽ നിന്നും 1.8 കിലോമീറ്റർ ദൂരം പിൻവാങ്ങിയെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

എന്നാൽ ഇത് തെറ്റാണെന്നും ദെസ്പാങ് സമതലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും ചൈനീസ് സൈന്യം പിൻമാറിയിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 40,000 സൈനികർക്ക് പുറമെ ആധുനിക ആയുധങ്ങൾ, എയർ ഡിഫൻസ് സംവിധാനങ്ങൾ, കവചിത വാഹനങ്ങൾ, ദീർഘദൂര പീരങ്കികൾ തുടങ്ങിയവയും അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. ഫിംഗർ ഫൈവ് മേഖലയിലാണ് ചൈനീസ് സൈന്യം കൂടുതലായി എത്തിയിട്ടുള്ളത്. ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് ഹോട് സ്പ്രിങ്സ്, ഗോഗ്ര പോസ്റ്റ് എന്നിവിടങ്ങളിൽ ചൈന വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

തയ്യാറാകാൻ സൈന്യത്തിന് നിർദ്ദേശം

ഇന്ത്യാ- ചൈന അതിർത്തി പ്രശ്നം തുടരുന്നതിനിടെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകാൻ ഇന്ത്യൻ വ്യോമ സേനയ്ക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർദ്ദേശം നൽകി. ഇന്നലെ വ്യോമ സേനാ ആസ്ഥാനത്ത് നടന്ന എയർഫോഴ്സ് കമാൻഡർമാരുടെ യോഗത്തിലാണ് രാജ്നാഥ് സിങ് വ്യോമസേനയ്ക്ക് നിർദ്ദേശം നൽകിയത്.

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ വ്യോമസേന നടത്തിയ സൈനിക സന്നാഹങ്ങളെ പ്രതിരോധ മന്ത്രി പ്രശംസിച്ചു. അതിർത്തിയിലെ ഏത് സാഹചര്യവും നേരിടാൻ തങ്ങൾ തയ്യാറാണെന്ന് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർകെഎസ് ബഡൂരിയ പറഞ്ഞു. നാനോ സാങ്കേതിക വിദ്യ, കൃത്രിമ ബുദ്ധി, സൈബർ സാങ്കേതികവിദ്യ എന്നിവ കാര്യക്ഷമമായി ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കും. സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ ഉൾപ്പെടെയുള്ളവ അടിയന്തരമായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: 40,000 chi­neese solid­ers in east­ern ladak

YOU MAY ALSO LIKE THIS VIDEO