റെജി കുര്യന്‍

ന്യൂഡല്‍ഹി

October 09, 2020, 10:52 pm

40,000 കോടിയുടെ ഇരുമ്പയിര് കയറ്റുമതി കുംഭകോണം; കേന്ദ്രത്തിന്റെ ഒത്താശയോടെ സ്വകാര്യ കമ്പനികള്‍ 12,000 കോടി രൂപ വെട്ടിച്ചു

Janayugom Online

അനധികൃത ഇരുമ്പയിരു കയറ്റുമതിയിലൂടെ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ ഒത്താശയോടെ നടത്തിയ നികുതി വെട്ടിപ്പ് 12,000 കോടി രൂപ. വെട്ടിപ്പ് തുടങ്ങിയത് കേന്ദ്രത്തില്‍ മോഡി ഭരണം തുടങ്ങിയതോടെയെന്ന് മുഖ്യ പ്രതിപക്ഷം. നിലവിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തി രാജ്യത്തെ സ്വകാര്യ കുത്തകകള്‍ ആദ്യ മോഡി ഭരണം മുതല്‍ ഇന്നുവരെ കയറ്റുമതി ചെയ്തത് 40,000 കോടിയുടെ ഇരുമ്പയിര്. 2014നു മുമ്പ് രാജ്യത്ത് നിലവിലുണ്ടായിരുന്ന ചട്ടങ്ങള്‍ പ്രകാരം ഇന്ത്യയില്‍നിന്നുള്ള ഇരുമ്പയിര് കയറ്റുമതിക്ക് 30 ശതമാനം കയറ്റുമതി ചുങ്കമാണ് ചുമത്തിയിരുന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെറ്റല്‍സ് ആന്റ് മിനറല്‍സ് ട്രേഡിങ് കോർപ്പറേഷന്‍ ഓഫ് ഇന്ത്യ (എംഎംടിസി) ക്ക് മാത്രമാണ് കയറ്റുമതിക്ക് അനുമതി ഉണ്ടായിരുന്നത്. കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരില്‍ 64 ശതമാനം മാത്രമാകണം ഇരുമ്പ് എന്ന നിബന്ധനയും ബാധകമായിരുന്നു. എംഎംടിസിയുടെ 89 ശതമാനം ഓഹരി സര്‍ക്കാരിന്റേതും. സര്‍ക്കാര്‍ നിശ്ചയിച്ച അളവിലും കൂടിയ ഇരുമ്പ് അടങ്ങിയ ഇരുമ്പയിര് കയറ്റുമതിക്ക് എംഎംടിസി പ്രത്യേക അനുമതി തേടണമെന്ന നിബന്ധനയും നിലവിലുണ്ടായിരുന്നു. ആഭ്യന്തര ഇരുമ്പു പ്ലാന്റുകളെ സഹായിക്കാനാണ് ഇത്തരമൊരു നിബന്ധന ഏര്‍പ്പെടുത്തിയിരുന്നത്.

ആദ്യ മോഡി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇത്തരം നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞു. കയറ്റുമതിക്കുള്ള ഇരുമ്പയിരില്‍ 64 ശതമാനം ഇരുമ്പെന്ന നിയന്ത്രണം ഇല്ലാതായതോടെ പൊതുമേഖലാ കമ്പനിയായ കിയോസിലിന് ചൈന, തായ്‌വാന്‍, സൗത്ത് കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇരുമ്പടങ്ങിയ അയിര് കയറ്റുമതിക്ക് അനുമതി ലഭിക്കുകയും ചെയ്തു. ഇതിന്റെ ചുവടു പിടിച്ചാണ് സ്വകാര്യ കമ്പനികളും ഉയര്‍ന്ന നിലവാരമുള്ള ഇരുമ്പയിര് പെല്ലറ്റ് രൂപത്തിലാക്കി സര്‍ക്കാര്‍ അനുമതിയില്ലാതെ കയറ്റുമതി ചെയ്ത് കോടികള്‍ സമ്പാദിച്ചത്. ആത്മനിര്‍ഭര്‍ ഭാരതെന്ന മോഡി വചനങ്ങളെ പാഴ്‌വാക്കാക്കുന്ന, കോര്‍പറേറ്റുകള്‍ക്കായി ഒന്നും രണ്ടും മോഡി സര്‍ക്കാരുകള്‍ രാജ്യത്തെ ഒറ്റുകൊടുത്ത കണക്കുകളാണ് ഇവിടെ പുറത്തു വരുന്നത്. ഇരുമ്പയിര് കയറ്റുമതിയില്‍ ആഗോളതലത്തില്‍ ഏഴാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ആസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ബ്രസീലും സൗത്ത് ആഫ്രിക്കയും രണ്ടും മൂന്നും സ്ഥാനത്തും. അതേസമയം മോഡി സര്‍ക്കാരിന്റെ കാലയളവില്‍ ഇന്ത്യ ഇരുമ്പ് ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്ത് എത്തിയ കണക്കുകളും നിലനില്‍ക്കുന്നു. ആഭ്യന്തര വിപണി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ സര്‍ക്കാരിന്റെ നയവ്യതിയാനത്തിന്റെ ഇളവുകള്‍ പ്രയോജനപ്പെടുത്താന്‍ ഖനനം ചെയ്‌തെടുക്കുന്ന 56–57 ശതമാനം ഇരുമ്പടങ്ങിയ അയിരിനെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അതിലെ മാലിന്യങ്ങള്‍ നീക്കി 63–64 ശതമാനം ഇരുമ്പടങ്ങിയ അയിരിന്റെ പെല്ലറ്റുകളാക്കി മാറ്റി. ഇത്തരം കമ്പനികള്‍ സര്‍ക്കാര്‍ അറിവോടെതന്നെയാണ് കയറ്റുമതി പ്രോത്സാഹനത്തിന്റെ മറവില്‍ രാജ്യത്തെ സാമ്പത്തിക മേഖലയെ വെല്ലുവിളിച്ചത്. വിദേശ നാണ്യം നേടിത്തരുന്ന കയറ്റുമതിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളും ആനുകൂല്യങ്ങളും കൂട്ടി ചേര്‍ക്കുമ്പോള്‍ വെട്ടിപ്പിന്റെ കണക്കുകള്‍ ഇനിയും വ്യക്തമാകാനിരിക്കുന്നതേയുള്ളൂ എന്നാണ് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോൺഗ്രസ് വക്താവായ പവന്‍ ഖേരയാണ് ആരോപണം ഉന്നയിച്ചത്.