Web Desk

ന്യൂഡല്‍ഹി:

February 02, 2021, 10:40 pm

മോഡി ഭരണത്തിൽ 405 രാജ്യദ്രോഹക്കേസ്

Janayugom Online

കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യദ്രോഹക്കേസുകളുടെ 96 ശതമാനവും 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ആർട്ടിക്കിള്‍ 14 പുറത്തിറക്കിയ ഡാറ്റാബേസിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. രാഷ്ട്രീയ നേതാക്കളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെയും വിമര്‍ശിച്ചതിന്റെ പേരിലാണ് മോഡിയുടെ ഭരണ കാലയളവില്‍ 405 ഇന്ത്യക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 149 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനാത്മകമോ അപകീര്‍ത്തികരമോ ആയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ്.

144 പേര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ ആണ്. 2010 ജനുവരി ഒന്നിനും 2020 ഡിസംബര്‍ 31 നും ഇടയില്‍ ഫയല്‍ ചെയ്ത രാജ്യദ്രോഹ കേസുകള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാരിനെയോ രാഷ്ട്രീയ നേതാക്കളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം ഉണ്ടെങ്കിലും ബിജെപി കാലഘട്ടത്തില്‍ ഇത്തരം കേസുകള്‍ തുടര്‍ച്ചയായി ഫയല്‍ ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കര്‍ഷക പ്രതിഷേധത്തിനിടെ ആറ് രാജ്യദ്രോഹ കേസുകളും ഹത്രാസ് കൂട്ടക്കൊലയ്ക്ക് ശേഷം 22 കേസുകളും 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ 25 കേസുകളും പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 27 കേസുകളും ഫയല്‍ ചെയ്തിട്ടുണ്ട്.

രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുള്ളവരില്‍ ഭൂരിഭാഗവും പ്രതിപക്ഷ നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍, പത്രപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, എഴുത്തുകാര്‍ തുടങ്ങിയവരാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ള രാജ്യദ്രോഹ കേസുകളില്‍ ഇരുപത്തിരണ്ട് എണ്ണവും, പുല്‍വാമ ആക്രമണത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 27 കേസുകളില്‍ 26 എണ്ണവും ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ്. പത്ത് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രാജ്യദ്രോഹക്കേസുകളില്‍ 65 ശതമാനവും ബിഹാര്‍, കര്‍ണാടക, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബിജെപി അധികാരത്തിലുണ്ടായിരുന്ന സമയത്താണ്. വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നേരിടുമ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി രക്ഷപെടുന്നത് ഈ സര്‍ക്കാരുകളുടെ തന്ത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ENGLISH SUMMARY: 405 trea­son cas­es under Modi regime

YOU MAY ALSO LIKE THIS VIDEO