Monday
25 Mar 2019

ചൈനയുടെ മുന്നേറ്റത്തിന്റെ 40-ാം വാര്‍ഷികം

By: Web Desk | Tuesday 1 January 2019 9:00 AM IST


lokajalakam

1949 ഒക്‌ടോബര്‍ ഒന്നിന് നിലവില്‍വന്ന ജനകീയ ചൈനയുടെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ സപ്തതി ആഘോഷത്തിന് പത്തുമാസം കൂടിയേ കാത്തിരിക്കേണ്ടതുള്ളൂവെന്ന് പറയുമ്പോള്‍ അതിലെന്താണിത്ര വിശേഷം എന്നു ചോദിച്ചേക്കാം. അതിന്റെ പ്രാധാന്യമറിയാന്‍ 1848 ല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപനം ചെയ്ത കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ക്കുള്ള ചരിത്രത്തിന്റെ താളുകള്‍ ഒന്നു മറിച്ചുനോക്കിയാല്‍ മതി. മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് തയാറാക്കിയ ആ വിജ്ഞാപനത്തില്‍ തന്നെ ഒരു വസ്തുത അടിവരയിട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യലിസവും കമ്യൂണിസവും എന്ന ആശയം രൂപം കൊണ്ടുവരുന്നതേയുള്ളുവെങ്കിലും അതിനെ തുടച്ചുനീക്കാന്‍ ലോകത്തിലെ എല്ലാ ഭരണാധികാരികളും മതമേധാവികളും സമ്പന്നവര്‍ഗങ്ങളാകെത്തന്നെയും അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞുവെന്നാണ് മാര്‍ക്‌സിസ്റ്റ് ആചാര്യന്മാര്‍ അതില്‍ ചൂണ്ടിക്കാട്ടിയത്.
ആ പ്രഖ്യാപനം വെളിച്ചംകണ്ട് കാല്‍നൂറ്റാണ്ട് തികയും മുന്‍പുതന്നെ 1871 ല്‍ ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലും 46 കൊല്ലം കഴിഞ്ഞ് 1917 ല്‍ ലോകത്തിന്റെ ആറിലൊരു ഭാഗമായിരുന്ന റഷ്യയിലും തൊഴിലാളിവര്‍ഗം അധികാരം പിടിച്ചെടുത്തപ്പോഴത്തെ ധനിക വര്‍ഗത്തിന്റെ ഹാലിളക്കം ചരിത്രവിദ്യാര്‍ഥികള്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. വെറും എഴുപത് ദിവസം തികയും മുമ്പ് പാരിസ് കമ്യൂണിനെ അവര്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഒക്‌ടോബര്‍ വിപ്ലവത്തിലൂടെ ജന്മം കൊണ്ട സോവിയറ്റ് റഷ്യ പണിയെടുക്കുന്ന വര്‍ഗങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ എന്തുനേടാനാകുമെന്ന് എഴുപത് വര്‍ഷത്തിനിടയില്‍ തെളിയിച്ചു. വലുതും ചെറുതുമായ പതിന്നാല് പാശ്ചാത്യരാഷ്ട്രങ്ങള്‍ ആ സോഷ്യലിസ്റ്റ് ശിശുവിനെ തൊട്ടില്‍പ്രായത്തില്‍ തന്നെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ നാലു കൊല്ലം കിണഞ്ഞ് ശ്രമിച്ചിട്ടും അവര്‍ക്കെല്ലാം വാലും ചുരുട്ടി ഓടേണ്ടിവന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയുടെ ഫാസിസ്റ്റ് ഹിറ്റ്‌ലര്‍ തങ്ങള്‍ക്കായി ആ ദൗത്യം നിറവേറ്റുമെന്ന ലോക ധനികവര്‍ഗത്തിന്റെ മോഹന സ്വപ്‌നവും പെട്ടെന്ന് തന്നെ പൊലിയുന്നത് നാം കണ്ടതാണ്. അവരുടെ മോഹം മണ്ണടിഞ്ഞുവെന്ന് മാത്രമല്ല, ആ യുദ്ധം അടിച്ചേല്‍പിച്ച ഭീമമായ നഷ്ടങ്ങളെല്ലാം ഞൊടിയിടയില്‍ യാതൊരുവിധ പരസഹായവും കൂടാതെ നികത്തിക്കൊണ്ട് സോവിയറ്റ് യൂണിയന്‍ പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ക്കെല്ലാം ഒരു അത്താണിയായി മാറുകയും ചെയ്തു.
അതിനിടയിലാണ് 1949 ല്‍ ചൈനയിലെ സൂര്യോദയം. ലോക മുതലാളിത്തത്തിന്റെ ഉരുക്കുവലയത്തില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന തങ്ങള്‍ക്ക് ചൈനയുടെ വരവ് വലിയൊരു ആശ്വാസമാകുമെന്ന പ്രതീക്ഷയില്‍ സോവിയറ്റ് റഷ്യ സ്വന്തം ഇല്ലായ്മകളെല്ലാം മറന്നാണ് ചൈനയെ കൈപിടിച്ചുയര്‍ത്താന്‍ എല്ലാവിധ ഒത്താശകളും ചെയ്തത്.
പക്ഷേ, ചൈനീസ് വിപ്ലവത്തിന്റെ വിജയശില്‍പി എന്നു തന്നെ വിശേഷിപ്പിക്കുന്ന മാവോയ്ക്ക് കമ്യൂണിസത്തെപ്പറ്റിയുള്ള വികലമായ ധാരണകള്‍ കാര്യങ്ങളെല്ലാം കുഴപ്പത്തിലാക്കുകയാണുണ്ടായത്. ഇരുന്നിട്ടേ കാലു നീട്ടാവൂ എന്ന ആപ്തവാക്യം പാടെ വിസ്മരിച്ചുകൊണ്ട് കമ്യൂണിസം വിഭാവന ചെയ്യുന്ന സമത്വം ഉടനടി പ്രായോഗികമാക്കാനാണ് മാവോ ഇറങ്ങിത്തിരിച്ചത്. വ്യാവസായികവും കാര്‍ഷികവുമായ ഉല്‍പാദനം അതിന്റെ പാരമ്യതയിലെത്തുമ്പോള്‍ മാത്രമേ കമ്യൂണിസ്റ്റ് സമത്വം സ്ഥാപിക്കാനാവൂ എന്ന ബാലപാഠം പാടെ വിസ്മരിച്ചുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും ഒരേ പ്രതിഫലവും ഒരേവേഷവും എല്ലാം അനുശാസിക്കുന്ന കമ്യൂണ്‍ എന്ന ആശയം പ്രായോഗികമാക്കാന്‍ ചാടിപ്പുറപ്പെട്ടത്. പാശ്ചാത്യരുടെ ഇടങ്കോലിടല്‍ അവസാനിപ്പിച്ചശേഷം ‘പുതിയ സാമ്പത്തികനയം’ (എന്‍ഇപി) വഴിയാണ് തങ്ങള്‍ മുന്നോട്ടുപോയതെന്ന് സോവിയറ്റ് യൂണിയന്‍ ഓര്‍മപ്പെടുത്തിയതുപോലും ഇഷ്ടപ്പെടാതെയാണ് മാവോ ഒരു സോവിയറ്റ് വിരുദ്ധ നിലപാടിന് തുടക്കമിട്ടത്.
1976 ല്‍ മാവോ ലോകത്തോട് യാത്രപറഞ്ഞശേഷം നടന്ന പതിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇതുസംബന്ധിച്ച ഒരു വിലയിരുത്തല്‍ ഉണ്ടായത്. റഷ്യയില്‍ സ്റ്റാലിന് ശേഷം ക്രൂഷ്‌ച്ചേവ് ചെയ്തതുപോലെ മുന്‍ഗാമിയെ പാടെ തള്ളിപ്പറയുന്ന ഒരു വിമര്‍ശനമായിരുന്നില്ല ഇത്. മറിച്ച്, വിമോചനപ്പോരാട്ടത്തിന് അദ്ദേഹം പ്രദര്‍ശിപ്പിച്ച ചോദ്യം ചെയ്യാനാവാത്ത നേതൃത്വപാടവത്തെ വാഴ്ത്തിക്കൊണ്ട് തന്നെ ഒറ്റ വാചകത്തില്‍ ആ വിമര്‍ശനം ഒതുക്കുകയാണ് ചൈന ചെയ്തത്. ”നമുക്ക് വിലപ്പെട്ട രണ്ട് പതിറ്റാണ്ടുകള്‍ നഷ്ടമായി” എന്ന ആ വാചകത്തില്‍ പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്.

1978 മുതല്‍ക്കുള്ള ആ ദിശാമാറ്റത്തിന് ചുക്കാന്‍പിടിച്ചത് ഡെങ് സിയാവൊപിങ് എന്ന ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളില്‍ ഒരാളാണ്. ‘സാംസ്‌കാരിക വിപ്ലവം’ എന്ന പേരില്‍ ചൈനയില്‍ നടന്ന പേക്കൂത്തുകള്‍ക്ക് രണ്ട് പ്രാവശ്യം ഇരയായ അദ്ദേഹം അതിന്റേതായ പ്രതികാര ബുദ്ധിയുടെ ഒരു ലാഞ്ഛനപോലും കാണിച്ചതായി ആരും പരാതിപ്പെട്ടിട്ടില്ല. ചൈനയുടെ വിമോചനപ്പോരാട്ടത്തിന് കളമൊരുക്കിയ ‘ലോങ് മാര്‍ച്ചി’ല്‍ പോലും പങ്കാളിയായിരുന്ന ഡെങിന് മാത്രമല്ല ഈ ദുരനുഭവം ഉണ്ടായിട്ടുളളത്. രോഗാതുരനായ മാവോയുടെ അവസാന കാലത്ത് ഭരണസാരഥ്യം കൈപ്പിടിയില്‍ ഒതുക്കിയിരുന്ന അദ്ദേഹത്തിന്റെ നാലാം ഭാര്യ ഉള്‍പ്പെട്ട നാല്‍വര്‍ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനിടയില്‍ മുള്ളുകൊള്ളാത്തവര്‍ ചുരുക്കമായിരുന്നു. മാവോസൂക്തങ്ങളടങ്ങിയ ‘റെഡ് ബുക്ക്’ പോക്കറ്റിലിട്ടുകൊണ്ട് തെരുവുകളില്‍ ചുറ്റിക്കറങ്ങിയിരുന്ന ‘റെഡ് ഗാര്‍ഡു’കളാണ് ഈ അരുതായ്മകള്‍ക്ക് കൊടി പിടിച്ചത്. ചൈനയുടെ പ്രസിഡന്റിന്റെ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന ല്യൂഷാവൊചിയെപ്പോലും ഈ കുട്ടിപ്പട്ടാളം റോഡിലൂടെ വലിച്ചിഴയ്ക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയും ചെയ്തിരുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുണ്ടായിരുന്നു. ല്യുഷാവൊചിയുടെ ‘എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം’ എന്ന കൃതി കമ്യൂണിസ്റ്റുകാര്‍ പലേടങ്ങളിലും ഇപ്പോഴും ഒരു പാഠപുസ്തകമാക്കിയിട്ടുണ്ടെന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റ് ലോകത്തില്‍ അദ്ദേഹത്തിന് അന്നും ഇന്നുമുള്ള അംഗീകാരം ആര്‍ക്കും സ്പഷ്ടമാകും.

മാവോയുടെ അന്നത്തെ കാലത്തെപ്പറ്റി പറയുമ്പോള്‍ ചൈനയ്ക്കു മാത്രമല്ല, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അന്നുണ്ടായ നഷ്ടം എടുത്തുപറയേണ്ടതുണ്ട്. ചൈന-സോവിയറ്റ് ബന്ധങ്ങളെ മാത്രമല്ല അത് പ്രതികൂലമായി ബാധിച്ചത്. ആശയപരമായ അന്നത്തെ സംഘട്ടനം നിരവധി കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പിളര്‍പ്പിനും അവയില്‍ ചില പാര്‍ട്ടികളുടെ പരിപൂര്‍ണ ശോഷണത്തിനും കാരണമായി. പാര്‍ട്ടി ഒരു വലിയ ശക്തി ആയിരുന്ന ഫ്രാന്‍സ്, ഇറ്റലി, ഇന്‍ഡോനേഷ്യ തുടങ്ങിയ പല രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി തുടച്ചുനീക്കപ്പെടുന്ന സ്ഥിതിയിലെത്തി.

ഇവിടുന്നാണ് ഡെങ് ചൈനയെ രണ്ട് ലോകമഹാശക്തികളില്‍ ഒന്നാക്കി വളര്‍ത്തിയത്. 1978 മുതല്‍ 1989 വരെയുളള ദീര്‍ഘകാലത്ത് അദ്ദേഹം ചൈനയുടെ അമരക്കാരനായിരുന്നു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയോ രാജ്യത്തിന്റെ പ്രസിഡന്റോ ഒന്നും ആകാതെയാണ് ഡെങ് ഈ ദൗത്യം നിറവേറ്റിയത്. സാങ്കേതികമായി പറഞ്ഞാല്‍ ഒട്ടും പ്രധാനമല്ലാത്ത വൈസ് പ്രസിഡന്റ് സ്ഥാനം മാത്രം വഹിച്ചുകൊണ്ടാണ് ഡെങ് ഈ ചൈനീസ് മുന്നേറ്റത്തിന്റെ കപ്പിത്താനായി ശോഭിച്ചത്.

ഡെങ്ങിനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായോഗികതാ വീക്ഷണമാണ് ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിന്റെ അടിസ്ഥാന ശിലയായി മാറിയത്. പൂച്ച കറുത്തതാണോ, വെളുത്തതാണോ എന്ന് നോക്കേണ്ടതില്ല എന്ന അടിസ്ഥാന പ്രമാണത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ‘അത് എലിയെ പിടിക്കുമോ എന്നു മാത്രം നോക്കിയാല്‍ മതി’ എന്ന സിദ്ധാന്തം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് വളരെ അനുകൂലമായെന്ന് പറയേണ്ടതില്ലല്ലൊ.
2004 ആയപ്പോഴേക്ക് 1978 ലേതിന്റെ 44 മടങ്ങാണ് ചൈന സാമ്പത്തികവളര്‍ച്ച നേടിയത്. 1978 ഡിസംബര്‍ പതിനാലിനാണ് ഡെങിന്റെ സിദ്ധാന്തം ആവിഷ്‌കരിക്കപ്പെട്ടത്. അന്ന് ചേര്‍ന്ന നേതൃയോഗമാണ് പുതിയ വികസന മാര്‍ഗം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചത്. ഡിസംബറിലെ ആ നേതൃയോഗം ചേര്‍ന്ന ദിവസത്തിന്റെ നാല്‍പതാം വാര്‍ഷികമാണ് ഇപ്പോള്‍ കടന്നുപോയത്. രാജ്യത്തിന്റെ ജിഡിപി (മൊത്തം ദേശീയ ഉല്‍പന്നമൂല്യം) 2004നെക്കാള്‍ അഞ്ച് മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. എന്നു പറഞ്ഞാല്‍, കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങള്‍ക്കിടയില്‍ ശതകോടിക്കണക്കിന് ജനങ്ങള്‍ ദാരിദ്രരേഖയ്ക്ക് മുകളിലെത്തിയിരിക്കുന്നുവെന്ന് സാരം.
സോഷ്യലിസത്തിന് കീഴില്‍ പൊതുമേഖല മാത്രം പോരെന്ന പുതിയ തത്വസംഹിതയാണ് ഈ മുന്നേറ്റത്തിന് കളമൊരുക്കിയത്. പൊതുമേഖലയെ അവഗണിച്ചുകൊണ്ടല്ല, മറിച്ച് അതിനോടൊപ്പം സ്വകാര്യ സംരംഭങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് ചൈന ഈ നേട്ടം കൈവരിച്ചത്. കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യവസായങ്ങള്‍ക്കും ഇതില്‍ വലിയൊരു പങ്കുണ്ട്; പ്രത്യേകിച്ചും കയറ്റുമതിയില്‍. ചൈനാനിര്‍മിത പടക്കവും ദേവീദേവന്‍മാരുടെ വിഗ്രഹങ്ങളും പോലും ഇന്ത്യയിലെ വ്യാപാരശാലകളില്‍ ഒരു പ്രധാന ഇനമായി മാറിയിട്ടുണ്ട്. എന്നാല്‍ വന്‍കിടവ്യവസായങ്ങളില്‍ പ്രധാനപ്പെട്ടവ എല്ലാം തന്നെ പൊതുമേഖലയിലുള്ളതാണ് താനും. റയില്‍പാത നിര്‍മാണത്തിലാണ് ചൈന ഇപ്പോള്‍ പാശ്ചാത്യരെ പിന്നിലാക്കിയിരിക്കുന്നത്. ടിബറ്റിലെ പര്‍വത മേഖലയില്‍ നിന്ന് നേപ്പാളിലേക്ക് നിര്‍മിച്ചിട്ടുള്ള ബൃഹത്തായ റയില്‍പാത ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായിമാറിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതുതായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന റയില്‍പാതകളില്‍ മിക്കതും ചൈനയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വാസം തോന്നിയെന്ന് വരില്ല. എന്നാല്‍ അതാണ് വാസ്തവം.

വിദേശമൂലധനത്തെ ചൈനയിലേക്ക് ആകര്‍ഷിക്കുന്നതായിരുന്നു ഡെങ്ങിന്റെ മറ്റൊരു നീക്കം. പണ്ടുകാലം മുതല്‍ക്ക് ഷാങ്ഹായി ആയിരുന്നു ചൈനയുടെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രം. ഇപ്പോള്‍ ഷാങ്ഹായില്‍ നിന്ന് വളരെ അകലെയല്ലാതെ പടുത്തുയര്‍ത്തിയിട്ടുള്ള വാണിജ്യനഗരത്തില്‍ മിക്ക പാശ്ചാത്യ വ്യവസായ പ്രമുഖര്‍ക്കും ഒരു സ്ഥാനമുണ്ട്, പ്രതേ്യകിച്ചും അമേരിക്കയ്ക്ക്. വിദേശമൂലധനത്തിന് നല്‍കിയ ഈ സ്വാഗതമാണ് 1971 വരെ ഐക്യരാഷ്ട്രസഭയുടെ പടിവാതില്‍ക്കല്‍ പോലും എത്തിനോക്കാന്‍ ജനകീയ ചൈനയെ അനുവദിക്കാതെ ആ സ്ഥാനം ഫോര്‍മോസ എന്ന ദ്വീപില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ചിയാംഗ് കൈഷക്കിനായി റിസര്‍വ് ചെയ്തുവച്ചിരുന്ന അമേരിക്ക ഒടുവില്‍ അത് ജനകീയ ചൈനയ്ക്കുതന്നെ കൈമാറാന്‍ സന്നദ്ധമായത്.
ചൈനയില്‍ സ്വകാര്യ മേഖലയുടെ ഈ വളര്‍ച്ച കുറച്ചുകൂടി വ്യാപകമാകുമ്പോള്‍ ചൈന സോഷ്യലിസം എന്ന വാക്കുപോലും ഉച്ചരിക്കാതാകുമെന്നും അമേരിക്കയ്ക്ക് പ്രതീക്ഷയുണ്ടാകും. ‘ചൈനീസ് സവിശേഷതയോടെയുള്ള സോഷ്യലിസം’ എന്ന പ്രയോഗത്തെ അവര്‍ പുച്ഛിച്ചുതള്ളുന്നത് അതുകൊണ്ടായിരിക്കും. സോവിയറ്റ് യൂണിയനിലും സോഷ്യലിസത്തെ തകര്‍ക്കാനായത് നാടന്‍ പെരിച്ചാഴികളെ വാടകയ്‌ക്കെടുത്താണെന്നത് അവരുടെ ഈ പ്രതീക്ഷയ്ക്ക് മാറ്റ് കൂട്ടുന്നുണ്ട്. പക്ഷെ, ചൈനയിലെ ശതകോടീശ്വരന്‍മാരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും ഉണ്ടെന്ന വസ്തുത പരിഗണിക്കുമ്പോള്‍ അവരുടെ ആ പ്രതീക്ഷ അത്രപെട്ടെന്ന് സഫലമാകുമെന്ന് തോന്നുന്നില്ല; എന്നാല്‍, സോവിയറ്റില്‍ വാടകയ്ക്ക് കിട്ടിയ അഞ്ചാം പത്തികള്‍ ചൈനയില്‍ ഉണ്ടാവില്ലെന്ന് തറപ്പിച്ച് പറയാനുമാവില്ല. 1978ലും 1985ലും ഡെങ്ങിനെ ആ വര്‍ഷത്തെ കഥാപുരുഷനാക്കി മാറ്റിയ ‘ടൈം’ വാരികയുടെ തന്ത്രവും അതിനുവേണ്ടിയുള്ളത് ആകാമല്ലോ. മുമ്പ് സോവിയറ്റ് യൂണിയനില്‍ നിന്നും ഇപ്പോള്‍ ചൈനയില്‍ നിന്നുമുള്ള വിമതര്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കുന്നതിന്റെ പൊരുളും മറ്റൊന്നാവില്ല.
ഇപ്പോള്‍ വിദേശമാധ്യമങ്ങള്‍ ഡെങ്ങിനെ മഹാനാക്കി ചിത്രീകരിക്കുന്ന കൂട്ടത്തില്‍ നിലവിലുള്ള പ്രസിഡന്റ് സീ ജിന്‍ പെങ്ങിന്റെ സ്വാര്‍ഥനീക്കങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന്റെ ലക്ഷ്യവും മറ്റൊന്നാവില്ല. സീ ജിന്‍ പെങ്ങ് മൂന്നാംവട്ടവും പ്രസിഡന്റാകാന്‍ നോക്കുന്നുണ്ടെന്ന സൂചനകളാണ് അവരുടെ ആരോപണത്തിന് കഴമ്പുണ്ടോയെന്ന സംശയം ജനങ്ങളില്‍ ജനിപ്പിക്കുന്നത്. വാണിജ്യത്തില്‍ ചൈന അമേരിക്കയുടെ പ്രധാന പ്രതിയോഗി ആകാനുള്ള സാധ്യതയാണ് പക്ഷെ, അമേരിക്കയെ ഭയപ്പെടുത്തുന്നത്. ആ വാണിജ്യ മത്സരം ഭയമാണല്ലൊ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വമ്പിച്ച തീരുവ ചുമത്താനുള്ള പ്രസിഡന്റ് ട്രമ്പിന്റെ തീരുമാനത്തിന് പിന്നിലുള്ളതും. അത് പണ്ടത്തെ കൊളോണിയല്‍ ശക്തികളുടെ മത്സരത്തെയാണ് ഓര്‍മിപ്പിക്കുന്നതെങ്കിലും ചൈനയുടെ സാമ്പത്തിക മുന്നേറ്റത്തിന് തടയിടാനുള്ള പാശ്ചാത്യശ്രമം അത്ര വിജയിക്കുമെന്നു കരുതാനാവില്ല.