Web Desk

കൊച്ചി

April 04, 2020, 8:52 pm

ലോക്ഡൗൺ ലംഘിച്ച് പ്രഭാത സവാരി; 41 പേർ അറസ്റ്റിൽ

Janayugom Online

പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ട് സ്ത്രീകളുൾപ്പെടെ 41 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് നടപടി. മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പനമ്പള്ളിനഗർ വാക്ക് വേയിൽ നിന്നു രാവിലെ ആറിനാണ് എല്ലാവരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏതാനും ദിവസമായി നിരോധനാജ്ഞ ലംഘിച്ചു കൂട്ടമായി ഇവർ പ്രഭാതസവാരിക്ക് ഇറങ്ങിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് പലതവണ മുന്നറിയിപ്പും നൽകി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമം ലംഘിച്ച് ആൾക്കൂട്ടമുള്ളതായി കണ്ടെത്തി.

ഇതേത്തുടർന്നു ഒരു ബസും നാലു ജീപ്പുകളിലുമായി പൊലീസ് എത്തി എല്ലാവരെയും കസ്റ്റഡിയിലെടുത്ത് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. 10, 000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എല്ലാവരെയും ജാമ്യത്തിൽ വിട്ടു. ഡിസിപി ജി. പൂങ്കുഴലിയുടെ നിർദ്ദേശത്തെ തുടർന്ന് എസിപി ടി ആർ രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ്, സബ് ഇൻസ്പെക്റ്റർ വിനോജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

you may also like this video;