വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍; ഉത്തരക്കടലാസുകള്‍ കാണാനില്ല

Web Desk
Posted on March 27, 2019, 11:55 am

തിരുവനന്തപുരം: വിവിധ പരീക്ഷകളെഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കേരള സര്‍വകലാശാലയില്‍ നിന്ന്  കാണാതായി. 45 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. ഗവ.കോളജ് കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ്, ഗവ.കോളജ് കാഞ്ഞിരംകുളം , എസ്ഡി കോളജ് ആലപ്പുഴ , രാജധാനി കോളജ് ഓഫ് എഞ്ചിനിയറിങ് തിരുവനന്തപുരം, നാഷണല്‍ കോളജ് അമ്പലത്തറ എന്നിവിടങ്ങളില്‍ ബിഎ, ബിഎസ്സി, എംഎസ്സി, ബിടെക്ക് പരീക്ഷകളെഴുതിയവരുടെ ഉത്തരക്കടലാസുകളാണ് സര്‍വകലാശാലയില്‍ നിന്ന് നഷ്ടപ്പെട്ടത്.

പരീക്ഷ കേന്ദ്രങ്ങളില്‍ നിന്ന് കൃത്യമായി സര്‍വകലാശാലലെത്തിച്ച ഉത്തരക്കടലാസുകള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ഇതുവരെ കണ്ടെത്തിയില്ല. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ നടപടി എടുക്കാനോ അധികാരികള്‍ തയ്യാറാകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി പുനഃപരീക്ഷ നടത്താനുള്ള നിര്‍ദ്ദേശം കഴിഞ്ഞ മാസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണനയ്ക്ക് വച്ചിരുന്നു. എന്നാല്‍, അക്കാര്യത്തിനൊരു അന്തിമ തീരുമാനം എടുത്തില്ല.

വീണ്ടും പഠിച്ചു പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണെന്നും ആക്ഷേപമുണ്ട്. കുറച്ച് പേര്‍ക്ക് മാത്രമായി  പുനഃപരീക്ഷ നടത്തിയാല്‍ പരീക്ഷയുടെയും മൂല്യനിര്‍ണയത്തിന്റെയും രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.