ഗള്‍ഫില്‍ നിന്ന് 45 ലക്ഷം പ്രവാസികള്‍ പുറത്താകും

കെ രംഗനാഥ്

ദുബായ്:

Posted on July 03, 2020, 10:10 pm

കെ രംഗനാഥ്

എണ്ണവിലത്തകര്‍ച്ചയും കോവിഡുംമൂലം പ്രതിസന്ധിയിലായ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 45 ലക്ഷത്തോളം വിദേശികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുമെന്ന് പഠനം. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനം വരും. എന്നാല്‍ മടങ്ങിപ്പോകുന്നവരില്‍ ഭൂരിപക്ഷവും സാധാരണക്കാരായ അവിദഗ്ധ തൊഴിലാളികളായതിനാല്‍ അരക്കോടിയോളം പേരുടെ കുടിയിറക്ക് ഗള്‍ഫിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഗള്‍ഫ് സമ്പദ്‌വ്യവസ്ഥകളെ സംബന്ധിച്ച വിദഗ്ധനായ മുഹമ്മദ് അല്‍ അസൂമി പറയുന്നു. വിദഗ്ധ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടില്ല. തല്ക്കാലം പണി പോയാലും ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുമ്പോള്‍ അവര്‍ക്കു തിരിച്ചുവരാനാകുമെന്നും അദ്ദേഹം കരുതുന്നു.

കഴിഞ്ഞ ഒരു ദശകകാലത്തെ സാങ്കേതികമായ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചമൂലം തൊഴില്‍രംഗത്തെ ചെലവ് ചുരുക്കലിനും തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള സാഹചര്യമൊരുക്കി. ഇത് അവിദഗ്ധ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് പ്രതികൂലമായി സമ്പദ്‌വ്യവസ്ഥകളെ ബാധിക്കാതിരിക്കാന്‍ കാരണമാകുമെന്നും അസൂമി ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളിലേയും അവിദഗ്ധ തൊഴിലാളികളില്‍ നല്ലൊരു പങ്കും നിയമവിരുദ്ധമായി താമസിച്ചു പണിചെയ്യുന്നവരാണെന്നാണ് പഠനം. അതിനാല്‍ ഈ തൊഴിലാളികള്‍ സാമൂഹ്യസുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥകള്‍ക്കും ഭീഷണിയാണെന്ന നിഗമനത്തിലേക്കാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. സര്‍വമേഖലകളിലുമുള്ള സാമ്പത്തികമാന്ദ്യവും നിര്‍മ്മാണരംഗത്തെ നിശ്ചലാവസ്ഥയുംമൂലമാണ് പകുതിയോളം പേര്‍ പണി നഷ്ടപ്പെട്ടു തിരിച്ചുപോകുന്നത്. ഭക്ഷ്യമേഖലയില്‍ ഏറ്റവും വലിയ ഉപഭോക്താക്കള്‍ പ്രവാസികളാണ്.

ഭക്ഷണസാധനങ്ങള്‍ക്ക് എല്ലാ ഗള്‍ഫ് രാജ്യങ്ങളും 80 ശതമാനം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പ്രവാസിലക്ഷങ്ങള്‍ മടങ്ങുന്നതോടെ ഇറക്കുമതി ഗണ്യമായി വെട്ടിക്കുറയ്ക്കാനാവും. വ്യാപാര കമ്മി കുറയ്ക്കാനും ഇതു സഹായകമാവുമെന്നും പഠനങ്ങളില്‍ പറയുന്നു. ജോലി നഷ്ടപ്പെട്ട് ലക്ഷങ്ങള്‍ തിരികെപ്പോവുന്നതിനിടെ തൊഴില്‍ മേഖല അഴിച്ചുപണിയാനുമാവുന്നു. ഗള്‍ഫ് നാടുകളിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യവികസന പദ്ധതികളും പൂര്‍ത്തിയായതിനാല്‍ അധികപ്പറ്റായ അവിദഗ്ധ തൊഴിലാളി ലക്ഷങ്ങള്‍ പിരിഞ്ഞുപോകുന്നത് ഒരനുഗ്രഹമാവുമെന്നും അസൂമിയുടെ നിരീക്ഷണത്തില്‍ പറയുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസിലക്ഷങ്ങള്‍ മടങ്ങിപ്പോയാല്‍ ആ മേഖലയിലെ സമ്പദ്ഘടനകള്‍ തകര്‍ന്നടിയുമെന്നത് ആസൂത്രിതമായ പ്രചാര വേലയാണെന്ന് പല ഗള്‍ഫ് മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

അതേസമയം നിര്‍മ്മാണമേഖല നിശ്ചലമാവുകയും ഗള്‍ഫ് രാജ്യങ്ങളിലെ ഫ്ലാറ്റ്-റിയല്‍ എസ്റ്റേറ്റ് വ്യവസായം തരിപ്പണമാവുകയും ചെയ്തുകൊണ്ടിരിക്കുന്നത് ആരുടെ പഠനത്തിലും ഉള്‍പ്പെടുന്നില്ലെന്ന് ഫ്ലാറ്റ് ലോബി കുറ്റപ്പെടുത്തുന്നു. പ്രവാസികളുടെ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന് ഓരോ ഗള്‍ഫ് രാജ്യത്തും പതിനായിരക്കണക്കിനു ഫ്ലാറ്റുകളാണ് വാടകക്കാരില്ലാതെ പൂട്ടിക്കിടക്കുന്നത്. ഇത് സമ്പദ്‌വ്യവസ്ഥകളില്‍ ഏല്പിക്കുന്നത് വന്‍ ആഘാതമാണെന്ന കാര്യവും സാമ്പത്തികവിദഗ്ധര്‍ ബോധപൂര്‍വം മറക്കുന്നുവെന്നാണ് ഫ്ലാറ്റ് ലോബിയുടെ ആരോപണം.

ENGLISH SUMMARY: 45 lakh expa­tri­ates expelled from Gulf

YOU MAY ALSO LIKE THIS VIDEO