ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്ക്രീനിങ്ങിന്റെ രണ്ടാംഘട്ടത്തിൽ 44.85 ശതമാനം പേർക്ക് (45,00,077) ജീവിതശൈലീ രോഗസാധ്യതയുള്ളതായി കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്.
നിലവിൽ രക്താതിമർദം മാത്രമുള്ള 13.39 ലക്ഷം (13.35 ശതമാനം) പേരുടെയും പ്രമേഹം മാത്രമുള്ള 8.85 ലക്ഷം (8.82 ശതമാനം) പേരുടെയും ഇവ രണ്ടുമുള്ള 6.01 ലക്ഷം പേരുടേയും (6 ശതമാനം) ആരോഗ്യ സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്തി. കാൻസർ സാധ്യതയുള്ള 2.03 ലക്ഷം (2.03 ശതമാനം) കണ്ടെത്തി തുടർപരിശോധനയ്ക്കായി റഫർ ചെയ്തു. 39,889 പേരെ വായിലെ കാൻസറും 1.25 ലക്ഷം പേരെ സ്തനാർബുദവും 45,436 പേരെ ഗർഭാശയഗള കാൻസറും സംശയിച്ചാണ് റാഫർ ചെയ്തത്.
ഒരു കോടിയിലധികം പേരെയാണ് രണ്ടാംഘട്ടത്തില്‍ സ്ക്രീനിങ് നടത്തിയതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടത്തിൽ 30 വയസിന് മുകളിലുള്ള 1.54 കോടിയിലധികം പേരെയാണ് പരിശോധിച്ചത്. ഇവര്‍ക്ക് തുടർചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. ആദ്യഘട്ട സ്ക്രീനിങ്ങിൽ ഏകദേശം ഒമ്പത് ലക്ഷം പേര്‍ക്കും രണ്ടാംഘട്ടത്തില്‍ രണ്ട് ലക്ഷത്തിലധികം ആളുകൾക്കും കാൻസർ സാധ്യത കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കണ്ടെത്തിയ ആളുകളിൽ ആദ്യഘട്ടത്തിൽ 1.5 ലക്ഷം ആളുകളും രണ്ടാം ഘട്ടത്തിൽ 40,000 പേരും മാത്രമാണ് തുടർ പരിശോധനയ്ക്ക് തയ്യാറായത്.
സ്ക്രീനിങ്ങിൽ കണ്ടെത്തിയ ഭൂരിപക്ഷം പേരും തുടർ പരിശോധനയ്ക്ക് തയ്യാറാകുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന കാമ്പയിൻ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2.42 ലക്ഷം പേരെ ക്ഷയരോഗ പരിശോധനയ്ക്കായും 3.87 ലക്ഷം പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫർ ചെയ്തു. 97,769 കിടപ്പ് രോഗികളെയും പരസഹായം ആവശ്യമുള്ള 1.61 ലക്ഷം പേരെയും 33,25,020 വയോജനങ്ങളെയും സന്ദർശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിച്ച് തുടർ സേവനങ്ങൾ ഉറപ്പാക്കി വരുന്നു.
പുതുതായി ഉൾപ്പെടുത്തിയവയിൽ 2.50 ലക്ഷം പേരെ കുഷ്ഠരോഗ പരിശോധനയ്ക്കായും 30.69 ലക്ഷം പേരെ കാഴ്ച പരിശോധനയ്ക്കായും 4.18 ലക്ഷം പേരെ കേൾവി പരിശോധനയ്ക്കായും റഫർ ചെയ്തു. 2.21 ലക്ഷം വയോജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തി. 1.29 ലക്ഷം പേരെ മാനസികാരോഗ്യ പരിശോധനയ്ക്ക് റഫർ ചെയ്തു. രണ്ടാം ഘട്ടത്തിൽ ഈ രോഗങ്ങൾക്കൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ച പ്രശ്നം, കേൾവി പ്രശ്നം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.