കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന്‌ കേരളത്തിന് 4,500 കോടിയുടെ സഹായം

Web Desk

തിരുവനന്തപുരം

Posted on August 27, 2020, 10:20 pm

കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വിശദമായ പ്രോജക്‌ട്‌ റിപ്പോര്‍ട്ട്‌ സംസ്ഥാനം തയ്യാറാക്കി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം 4,500 കോടി രൂപ അനുവദിച്ചെന്ന് കൃഷിമന്ത്രി വിഎസ്‌ സുനില്‍കുമാര്‍. അടിസ്ഥാന വികസന നടത്തിപ്പില്‍ പദ്ധതി മാനദണ്ഡങ്ങളില്‍ ചില ഇളവുകളും മന്ത്രി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഫണ്ട്‌ മാനേജ്‌മെന്റ്‌ സംബന്ധിച്ച്‌ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് ‌ തോമറുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്‌ മന്ത്രി ഇക്കാര്യം ഉന്നയിച്ചത്‌.

ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഫണ്ട്‌ ഇനത്തിലാണ് 4,500 കോടി രൂപ സംസ്ഥാനത്തിന്റെ ആവശ്യകതകള്‍ക്കായി പ്രാഥമിക അനുമതി നൽകിയിട്ടുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷികോല്പാദക കമ്പനികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുവാനാണ്‌ സംസ്ഥാനം ഉദ്ദേശിക്കുന്നത്‌. ഇതിനായി ചീഫ്‌ സെക്രട്ടറി ഉള്‍പ്പെട്ട സ്റ്റേറ്റ്‌ ലെവല്‍ മോണിറ്ററിംഗ്‌ കമ്മിറ്റിയും, ജില്ലാ കളക്‌ടര്‍മാര്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിംഗ്‌ കമ്മിറ്റിയും രൂപീകരിക്കുന്നതിന്‌ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്‌. വിശദമായ പദ്ധതിയും ഇതിന്‌ തയ്യാറാക്കിയിട്ടുണ്ട്‌. സംസ്ഥാനത്തെ ശരാശരി കൃഷിഭൂമി വിസ്‌തൃതി 0.18 ഹെക്‌ടറാണ്‌. ചെറുകിട, നാമമാത്ര കര്‍ഷകരാണ്‌ ഭൂരിഭാഗവും. അതിനാല്‍ പദ്ധതി ഘടകങ്ങള്‍ പലിശ സബ്‌സിഡിയായി നല്‍കുന്നതിനോടൊപ്പം കര്‍ഷകകൂട്ടായ്‌മകള്‍ക്ക്‌ ഒറ്റത്തവണ ഗ്രാന്റായി കൂടി അനുവദിക്കണമെന്ന്‌ കൃഷിമന്ത്രി ആവശ്യപ്പെട്ടു. ആര്‍കെവിവൈ അല്ലെങ്കില്‍ ആര്‍ഐഡിഎഫില്‍ ഉള്‍പ്പെടുത്തി ഗ്രാന്റ്‌ കര്‍ഷകര്‍ക്കും കാര്‍ഷികോത്‌പാദന കമ്പനികള്‍ക്കും അനുവദിക്കണമെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.

ഈ സാമ്പത്തിക വര്‍ഷം 100–250 കാ­ര്‍­ഷികോത്‌പാദക കമ്പനികളും, 50–100 അഗ്രി സ്റ്റാര്‍ട്ടപ്പുകളും, 1000 ജൈവക്ലസ്റ്ററുകളും, 100 കയറ്റുമതി അധിഷ്‌ഠിത ഗ്രൂപ്പുകളും സംസ്ഥാനത്ത്‌ സ്ഥാപിക്കുവാന്‍ ധാരണയായിട്ടുണ്ട്‌. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ സഹായത്തോടെ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമായി പ്രാഥമിക സംഭരണ കേന്ദ്രങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുന്നുണ്ട്‌. അതുപോലെ തന്നെ 140 നിയോജക മണ്ഡലങ്ങളിലുമായി പായ്ക്ക്‌ഹൗസുകളും നിര്‍മ്മിക്കുന്നുണ്ട്‌. യന്ത്രവത്‌കരണവും തൊഴില്‍ സേനയുടെ പ്രവര്‍ത്തനവും ശാക്തീകരിക്കുന്നതിനായി കസ്റ്റം ഹയറിങ്ങ്‌ സെന്ററുകളും വ്യാപകമായി ആരംഭിക്കും. ഇതിനായി ഒരു പ്രോജക്‌ട്‌ മാനേജ്‌മെന്റ്‌ യൂണിറ്റ്‌ രൂപീകരിക്കുന്നതിന്‌ അ‍ഞ്ച് കോടി രൂപയും കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കൃഷി സഹമന്ത്രിമാരായ പർഷോത്തം റുപാല, കൈലാഷ്‌ ചൗധരി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ, നബാര്‍ഡ്‌ ചെയര്‍മാന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

Eng­lish sum­ma­ry: 4,500 crore assis­tance to Ker­ala

You may also like this video: