യാത്രക്കാരില്ലാതെ പാകിസ്ഥാന്‍ 46 വിമാനങ്ങള്‍ പറത്തിയതായി റിപ്പോര്‍ട്ട്

Web Desk
Posted on September 22, 2019, 11:34 am

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് 2016–17 വര്‍ഷത്തില്‍ 46 വിമാനങ്ങള്‍ ഒറ്റ യാത്രക്കാരന്‍ പോലുമില്ലാതെ പറത്തിയതായി റിപ്പോര്‍ട്ട്. ജിയോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യാത്രക്കാരില്ലാതെ ഇത്രയും വിമാനങ്ങള്‍ സര്‍വീസ് നടത്തുക വഴി കമ്പനിക്ക് 1800 ലക്ഷം പാകിസ്ഥാന്‍ രൂപ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാര്യം ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്തിട്ടും യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. ഈ 46 വിമാനങ്ങള്‍ക്ക് പുറമെ 3ഹജ്ജ് തീര്‍ഥാടകര്‍ക്കായി 36വിമാനങ്ങളും സര്‍വീസ് നടത്തി. ഇതിലും ഒറ്റ യാത്രക്കാരും ഉണ്ടായിരുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പാരിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കള്ളപ്പണ വിരുദ്ധ നിരീക്ഷകരായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്)പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.

കടംമൂലം പൊറുതി മുട്ടിയ പാക് സമ്പദ്‌വ്യവസ്ഥ രാജ്യാന്തര നാണ്യനിധിയടക്കമുള്ളവയുടെ സഹായം കൊണ്ടാണ് മുന്നോട്ട് പോകുന്നത്. എഫ്എടിഎഫ് അടക്കമുള്ളവയില്‍ നിന്ന് ഭീഷണിയുണ്ടായിട്ടും ഭീകരര്‍ക്കുള്ള സഹായം നിര്‍ത്തുന്നതടക്കമുള്ള നടപടികളില്‍ നിന്ന് ഇവര്‍ പിന്നോട്ട് പോയിട്ടില്ല.