Site iconSite icon Janayugom Online

കടലിന്റെ മക്കള്‍ക്ക് 47.84 കോടിയുടെ സഹായ പാക്കേജ്

:file photo

കനത്ത മഴയെത്തുടർന്ന് കടലിൽ പോകാൻ കഴിയാതെ ദുരിതക്കയത്തിലായ കടലിന്റെ മക്കള്‍ക്ക് 47.84 കോടി രൂപയുടെ സഹായ പാക്കേജുമായി സംസ്ഥാന സർക്കാർ. കനത്ത മഴയെ തുടർന്ന് ഒക്ടോബർ, നവംബർ മാസങ്ങളിൽ മത്സ്യബന്ധനത്തിനായി കടലിൽ പോകാൻ കഴിയാത്ത മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3,000 രൂപ വീതം ധനസഹായം നൽകും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 47.84 കോടി രൂപ അനുവദിക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.

സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇതുപ്രകാരമുള്ള ധനസഹായം ലഭിക്കും. ഒക്ടോബറിലും നവംബറിലുമുണ്ടായ ശക്തമായ പ്രകൃതിക്ഷോഭത്തെത്തുടർന്നു കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി ദിവസങ്ങളോളം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം വറുതിയിലായ കുടുംബങ്ങളെ സഹായിക്കാനാണ് പ്രത്യേക പാക്കേജായി തുക അനുവദിക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത് കൈക്കൊണ്ട തീരുമാനം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വലിയ സഹായമാണെന്നും മന്ത്രി പറഞ്ഞു.

ഉൾനാടൻ, തീരമേഖലയിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്കാകും ധനസഹായം. സർക്കാർ തീരുമാനം തീരദേശത്തിനു വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.

20 ലക്ഷം പേർക്ക് തൊഴിൽ നോളഡ്ജ് ഇക്കോണമി മിഷൻ പദ്ധതിയ്ക്ക് അംഗീകാരം;

അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിച്ചിട്ടുള്ള കേരള നോളഡ്ജ് ഇക്കോണമി മിഷൻ പദ്ധതിയ്ക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കെ-ഡിസ്‌കിനു കീഴിലുള്ള കേരള നോളഡ്ജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പദ്ധതിരേഖ തത്വത്തിൽ അംഗീകരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുകയും നടപടിക്രമങ്ങൾ പാലിച്ച് സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്യണം. ബജറ്റ് തുകയ്ക്ക് പുറമെയുള്ള ധനകാര്യ വിഹിതം കണ്ടെത്തുന്നതിന് ലോക ബാങ്ക്, ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്, ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ എന്നിവരുമായി ധനസമാഹരണ മാർഗങ്ങൾ ആരായും. ധനകാര്യവകുപ്പിന്റെ അംഗീകാരത്തോടെയും കേന്ദ്ര ധനകാര്യവകുപ്പിന്റെ അനുമതിയോടെയും പ്രാഥമിക കൂടിയാലോചന ആരംഭിക്കാനുള്ള കെ-ഡിസ്കിന്റെ അഭ്യർത്ഥന അംഗീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു.
eng­lish summary;47.84 crore assis­tance pack­age for fish­er mens of kerala
you may also like this video;

Exit mobile version