വത്തിക്കാൻസിറ്റി: വിവാഹിതർക്കും പൗരോഹിത്യം അനുവദിക്കാനുള്ള നീക്കത്തിനെതിരെ മുൻ പോപ്പ് രംഗത്ത്. പോപ്പ് ബെനഡിക്ട് പതിനാറാമനാണ് വത്തിക്കാന്റെ നീക്കത്തെ ശക്തമായി അപലപിച്ചത്.
ഇതോടെ ആമസോൺ മേഖലയിലെ പുരോഹിതൻമാർക്ക് ബ്രഹ്മചര്യം നിര്‍ബന്ധമല്ലെന്ന പോപ്പ് ഫ്രാൻസിസിന്റെ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് സൂചന.
2013ലാണ് പോപ്പ് ബെനഡിക്ട് രാജിവച്ചത്. തന്റെ പിൻഗാമിയുടെ യാതൊരു തീരുമാനങ്ങളിലും ഇതുവരെ അദ്ദേഹം ഇടപെട്ടിരുന്നില്ല. എന്നാൽ വൈദികരുടെ ബ്രഹ്മചര്യം സംബന്ധിച്ച വിഷയത്തിൽ അദ്ദേഹം എഴുതിയ ഒരു പുസ്തകം ഇപ്പോൾ വൻ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്. യാഥാസ്ഥിതികനായ കർദിനാൾ റോബർട്ട് സാറയുമായി ചേർന്നാണ് അദ്ദേഹം ഈ പുസ്തകം എഴുതിയിരിക്കുന്നത്. തെറ്റുകളിലേക്കും കള്ളങ്ങളിലേക്കും കത്തോലിക്ക സഭ വഴുതി വീഴരുതെന്ന് പുസ്തകം മുന്നറിയിപ്പ് നൽകുന്നതായി കഴിഞ്ഞ ദിവസം പുസ്തകത്തെക്കുറിച്ച് ഫ്രഞ്ച് പത്രമായ ലി ഫിഗാരോ പ്രസിദ്ധീകരിച്ച സംഗ്രഹം സൂചിപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ പൗരോഹിത്യത്തിന്റെ മൂല്യം ഇടിക്കാൻ മാത്രമേ സഹായിക്കൂ എന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
വിവാഹിതരായവർക്കും വൈദികരാകാൻ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോപ്പ് ഫ്രാൻസിസ് അനുമതി നൽകിയത്. ആമസോണിൽ നിന്നുള്ള ബിഷപ്പുമാരുടെ അഭ്യർത്ഥന മാനിച്ചായിരുന്നു ഈ നടപടി. മേഖലയിലെ ഉൾനാടുകളിൽ പുരോഹിതൻമാർക്ക് ദൗർലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇവർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്.
എന്നാൽ ഈ വിഷയത്തിൽ തനിക്ക് മൗനം പാലിക്കാനാകില്ലെന്നാണ് ബെനഡിക്ട് തന്റെ പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്ത്. പൗരോഹിത്യം, ബ്രഹ്മചര്യം, കത്തോലിക്ക സഭയുടെ പ്രതിസന്ധി എന്നിവയെക്കുറിച്ച് തന്റെ ഹൃദയത്തിൽ നിന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
തന്റെ രാജിക്ക് ശേഷം അജ്ഞാതനായി കഴിയുമെന്ന് പ്രഖ്യാപിച്ചിരുന്ന ബെനഡിക്ട് മാർപാപ്പ ഇപ്പോൾ പല വിഷയങ്ങളിലും സജീവായി ഇടപെടുന്നുണ്ട്. എന്നാൽ ഇത് ആദ്യമായാണ് പോപ്പ് ഫ്രാൻസിസ് വളരെ സജീവമായി പരിഗണിക്കുന്ന ഒരു വിഷയത്തിൽ ഇടപെടുന്നത്.
ഇക്കൊല്ലം അവസാനത്തോടെ തന്നെ വിവാഹിതരായവരുടെ പൗരോഹിത്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണ് ഫ്രാൻസിസ് മാർപാപ്പ അറിയിച്ചിരുന്നത്. ആമസോണിലെ വത്തിക്കാൻ സിനഡ് അവസാനിച്ചപ്പോഴാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ബെനഡിക്ട് മാർപാപ്പയുടെ നിർദേശം സ്വീകരിക്കുകയാണെങ്കിൽ പുതിയ നിർദേശം ആമസോണിന് മാത്രമായി പരിമിതപ്പെടുത്തുകയോ ഇതിനകം തന്നെ പൗരോഹിത്യത്തിൽ പ്രവേശിച്ചവർക്ക് മാത്രമായി ചുരുക്കുകയോ ചെയ്യുമെന്നാണ് കരുതുന്നത്.
കത്തോലിക്ക സഭയിലെ പുരോഹിതരുടെ ബാലപീഡനവും സ്വവര്‍ഗരതിയും സംബന്ധിച്ച വിഷയങ്ങളിലും ശക്തമായ നിലപാടുകളുമായി ബെനഡിക്ട് മാർപാപ്പ രംഗത്ത് എത്തിയിരുന്നു.
Former Pope Benedict warns against relaxing priestly celibacy rules
Move could jeopardise potential plan by Pope Francis to change rules in Amazon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.