ആസാമില്‍ തീവ്രവാദികള്‍ അഞ്ചു പേരെ വെടിവെച്ച്‌ കൊലപ്പെടുത്തി

Web Desk
Posted on November 02, 2018, 8:54 am

ഗുവാഹത്തി: ആസാമില്‍ തീവ്രവാദികള്‍ പശ്ചിമബംഗാള്‍ സ്വദേശികളായ അഞ്ചുപേരെ വെടിവെച്ച്‌ കൊലപ്പെടുത്തി. ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചവരിലുണ്ട്. രണ്ടു പേർക്ക് പരുക്കുണ്ട്. സാദിയ ജില്ലയിലെ കെര്‍ബാരി ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. അഞ്ചുപേരെ ലോഹിത് നദിയുടെ തീരത്തു കൊണ്ടുവന്ന് നിര്‍ത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഉള്‍ഫ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഉള്‍ഫ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ തീവ്രവാദികള്‍ക്കായി ആസാം-അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ സൈന്യം തെരച്ചില്‍ വ്യാപിപ്പിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആക്രമണത്തെ അപലപിക്കുകയും ചെയ്തു.