2017–18 ല്‍ ഉപഭോക്താക്കള്‍ക്ക് വരുമാനവര്‍ധന വന്‍ തോതിലുണ്ടാകുമെന്ന പ്രതീക്ഷയാണ് പൊതുവില്‍ ഉണ്ടായിരുന്നു. 2019 ആയപ്പോഴേക്കും ഈ പ്രതീക്ഷയില്‍ മങ്ങല്‍ ഏല്‍ക്കുകയാണുണ്ടായത്. ഇതിനിടയാക്കിയത് പുതിയ തൊഴിലവസര സൃഷ്ടി നടപ്പിലാവില്ലെന്ന ചിന്ത വ്യാപകമായതിനെ തുടര്‍ന്നാണ്. ഏതാണ് ഇതേ കാലയളവില്‍തന്നെയാണല്ലോ നരേന്ദ്രമോഡി സര്‍ക്കാര്‍ തന്റെ വന്‍ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന ഡിമോണറ്റൈസേഷനും ജിഎസ്‌ടി പരിഷ്കാരവും അത്യാവേശപൂര്‍വം നടപ്പാക്കിയതും ഗ്രാമീണ അനൗപചാരിക മേഖലകളെ മാത്രമല്ല, നഗരമേഖലയെയും ഗുരുതരമായ പ്രതിസന്ധിയിലേയ്ക്കു വലിച്ചിഴച്ചത് ഇതിനെ തുടര്‍ന്നാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, നിലവിലുള്ളവതന്നെ കുത്തനെ ഇടിയുകയും ചെയ്തതായിട്ടാണ് അനുഭവം.
ആര്‍ബിഐ, സിഎംഐഇ എന്നിവയുടെ അവലോകന റിപ്പോര്‍ട്ടുകളുടെ കണ്ടെത്തലുകളില്‍ നേരിയതോതിലുള്ള അന്തരങ്ങളുണ്ടായിരുന്നെങ്കിലും വരുമാനത്തിലും ഡിമാന്‍ഡിലും ഉപഭോഗത്തിലും ഇടിവുണ്ടായി എന്നതില്‍ ഈ രണ്ട് ഏജന്‍സികള്‍ക്കും യോജിച്ച നിഗമനങ്ങളാണുണ്ടായിരുന്നത്. മാത്രമല്ല, മോഡി വിഭാവനം ചെയ്യുന്ന അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ 2024 ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷക്ക് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നവിധമാണ് ഇത്തരം സാഹചര്യങ്ങള്‍ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ സമീപകാല സാമ്പത്തിക വളര്‍ച്ച പ്രവണതകള്‍ നല്‍കുന്ന മറ്റൊരു ആശങ്കാജനകമായ സൂചന എന്തെന്നോ? സ്വത്തും വരുമാനവും പങ്കിടുന്നതില്‍ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ കൂടുതല്‍ പ്രകടമായി വരുന്ന പ്രതികൂല സ്വഭാവമുള്ള പ്രവണതകള്‍. ക്രെഡിറ്റ് ന്യൂസെന്ന പ്രമുഖ ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി കണക്കാക്കിയിരിക്കുന്നത് 2010ല്‍ രാജ്യത്തെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരുടെ കൈകളിലാണ് ദേശീയ സമ്പത്തിന്റെ 40 ശതമാനവും കുന്നുകൂടിയിരുന്നതെങ്കില്‍ 2015 ആയതോടെ ഈ കേന്ദ്രീകരണം 60 ശതമാനത്തിലേറെയായി ഉയരുകയായിരുന്നു.
ജനസംഖ്യയുടെ 10 ശതമാനം പേര്‍, ശേഷിക്കുന്ന 90 ശതമാനം പേരെക്കാള്‍ നാലിരട്ടി സ്വത്താണ് കയ്യടക്കിവച്ചിരിക്കുന്നത്. എന്താണിതിന്റെ അര്‍ഥമെന്നോ? ക്രയശേഷി ഏറെയുള്ള ഉയര്‍ന്ന ഉപഭോഗ നിലവാരം പുലര്‍ത്തിവരുന്ന സാധാരണക്കാരും ഇടത്തരക്കാരുമായ ജനവിഭാഗങ്ങളുടെ സ്വത്തും വരുമാനവും നന്നേ കുറവാണ്. മാത്രമല്ല, ജിഡിപി വര്‍ധന മാത്രം കണക്കിലെടുത്ത് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയും മുന്നേറ്റവും കണക്കാക്കുന്ന രീതി ശരിയല്ല, ശാസ്ത്രീയമല്ല, യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ഇണങ്ങുന്നതുമല്ല. കാരണം ജിഡിപിയില്‍ എത്രതന്നെ വര്‍ധനവുണ്ടായാലും അതിന്റെ ഗുണഭോക്താക്കളാവുക ജനസംഖ്യയുടെ വെറും 10 ശതമാനം സമ്പന്ന വിഭാഗം മാത്രമായിരിക്കുമല്ലോ. ഈ 10 ശതമാനത്തിന്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമായിരിക്കും സമ്പദ്‌വ്യവസ്ഥ അഞ്ച് ട്രില്യണ്‍ ഡോളര്‍ വലുപ്പം കൈവരിച്ചതിനുശേഷവും രാജ്യത്തിന്റെ സ്വത്തും പണവും ചെന്നെത്തുക.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളുടെ സ്ഥിതിയും തൊഴിലവസര സൃഷ്ടിയുടേതിന് സമാനമായിരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പഠനം വെളിവാക്കുന്നത്. യു എന്‍ കണ്ടെത്തിയിരിക്കുന്നത് 2015ല്‍ ഇന്ത്യയുടെ സാക്ഷരതാനിരക്ക് 71.1 ശതമാനമായിരുന്നു എന്നാണ്. ഇന്നും ഈ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, മൊറോക്കോ, കോംഗോ തുടങ്ങിയവയുടേതിലും വളരെ താഴെയാണ്. ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് (എഎസ്ഇആര്‍) അനുസരിച്ച് 2018ല്‍ 6–14 വയസ് പ്രായമുള്ള കുട്ടികളില്‍ 70–74 ശതമാനം പേര്‍ കൃത്യമായി പ്രൈമറി സ്കൂളില്‍ പോകുന്നവരാണ്. സെക്കന്‍ഡറി ക്ലാസുകളില്‍ പോകുന്നവര്‍ ഇതിലും ഏറെ താഴെയാണ്. ഏതുതലത്തിലായിരുന്നാലും 2018 ലെ സ്ഥിതി പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നന്നേ മോശമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ഗവേഷണ മേഖലയുടെയും കാര്യം പറയേണ്ടകാര്യവുമില്ല. പരിതാപകരമായ ഈ സ്ഥിതിയില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ വിദ്യാഭ്യാസ മേഖലയ്ക്കുള്ള പൊതു ചെലവില്‍ കുത്തനെയുള്ള വര്‍ധനവ് അനിവാര്യമാണ്. ആന്തര ഘടനാ സൗകര്യങ്ങള്‍ യോഗ്യരായ അധ്യാപകരുടെ നിയമനവും ഇടയ്ക്കിടെയുള്ള അവരുടെ പരിശീലനവും ഒഴിച്ചുകൂടാനാവില്ല. സമീപകാലത്ത് നിലവില്‍ വന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) എന്ന സമിതി അതിശക്തമായൊരു മുന്നറിയിപ്പാണ് ഇന്ത്യക്ക് മൊത്തത്തിലും കേരള സംസ്ഥാനത്തിന് പ്രത്യേകമായും കാലാവസ്ഥാ വ്യതിയാനവും അതേ തുടര്‍ന്ന് പരിസ്ഥിതിക്കുമേല്‍ ഉളവാകുന്ന ആഘാതത്തെയും സംബന്ധമായി നല്‍കിയിരിക്കുന്നത്.
ഇതെല്ലാംതന്നെ സാധാരണ ജനതയുടെ ജീവിതത്തെ അതീവ ഗുരുതരമായ നിലയിലായിരിക്കും ബാധിക്കുക. ഇത്തരമൊരു സാഹചര്യം നിലവിലിരിക്കെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്നതു വെറുമൊരു ദിവാസ്വപ്നമായി പര്യവസാനിക്കാനാണ് സാധ്യതകളേറെയും കാണുന്നത്. ഇപ്പോഴിതാ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിച്ചിരിക്കുന്നു ജിഡിപി വളര്‍ച്ചനിരക്ക് 4.5 ശതമാനത്തില്‍ ഏറെയാവില്ലെന്ന് (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് 30 നവംബര്‍ 2019). ആര്‍ബിഐ ആണെങ്കില്‍ അല്പംകൂടി സര്‍ക്കാരിനോട് കരുണതോന്നിയതുകൊണ്ടായിരിക്കാം ജിഡിപി വളര്‍ച്ചാനിരക്ക് 6.1 ശതമാനത്തില്‍ നിന്ന് 5 ശതമാനത്തിലേയ്ക്ക് താഴ്ത്തിക്കെട്ടിയിരിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും കേന്ദ്ര ഭരണകൂടമോ ധനമന്ത്രി നിര്‍മ്മലാ സീതാരാമനോ പ്രധാനമന്ത്രി നരേന്ദ്രമോഡിയോ ഇന്ത്യയില്‍ മാന്ദ്യ പ്രതിസന്ധിയുണ്ടെന്ന് സമ്മതിക്കാന്‍ സന്നദ്ധനാവുന്നില്ലെന്നതാണ് ആശ്ചര്യം ജനിപ്പിക്കുന്ന വസ്തുത.
പ്രധാനമന്ത്രിയാണെങ്കില്‍ പാര്‍ലമെന്റിനകത്തും പുറത്തും മാത്രമല്ല, തന്റെ ‘മന്‍കീബാത്ത്’ പരിപാടിയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ അവസ്ഥാ വിശേഷത്തെപ്പറ്റി പൂര്‍ണമായ നിശബ്ദതയാണ് പാലിച്ചുവരുന്നത്. ‘യഥാ രാജാതഥാപ്രജാ’ എന്ന് പറയുന്നതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. ഉള്ളിവില കുതിച്ചുയരുന്നതിനെപ്പറ്റി പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം ഉള്ളി തന്റെ ആഹാരപദാര്‍ഥങ്ങളുടെ ഭാഗമല്ല എന്നായിരുന്നെങ്കില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം താന്‍ നാളിതുവരെയായി സവാള കഴിച്ചിട്ടേയില്ല എന്നുമായിരുന്നു. ഒരു കാര്യത്തില്‍ ആശ്വാസത്തിനു വകയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ വിഷയത്തില്‍ അവരുടെ വ്യക്തിപരമായ അഭിപ്രായം തുറന്നു പറഞ്ഞിട്ടില്ലെന്നതാണിത്. അധികാരകേന്ദ്രങ്ങളില്‍ നിന്ന് ആകെ കേള്‍ക്കാന്‍ കഴിഞ്ഞ മറുപടി ഉള്ളി ഇറക്കുമതി ത്വരിതപ്പെടുത്തുമെന്നും ഉള്ളി ആഹാരത്തിന്റെ ഭാഗമാക്കിയിട്ടുള്ളവര്‍ നിരാശപ്പെടേണ്ടതില്ലെന്നും ആണ്. നിര്‍ദ്ദിഷ്ട ജിഎസ്‌ടി നിരക്കുകള്‍ കൂടി പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ നിത്യോപയോഗ വസ്തുക്കളുടെ വിലനിലവാരവും കുതിച്ചുയരുമെന്നത് ഉറപ്പാണ്. കാത്തിരിക്കുകതന്നെ, അല്ലാതെന്തുവഴി? (അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.