കാര്‍ഷിക സര്‍വകലാശാലയില്‍ 5 നൂതന പദ്ധതികള്‍

Web Desk
Posted on August 06, 2019, 8:16 pm
കാര്‍ഷിക സര്‍വകലാശാലയില്‍ 5 നൂതന പദ്ധതികള്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നാടിന് സമര്‍പ്പിക്കുന്നു

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ 5 നൂതന പദ്ധതികള്‍ സര്‍വകലാശാല ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ കേരളത്തിന് സമര്‍പ്പിച്ചു. കാര്‍ഷിക മേഖല വരുംകാലത്ത് കര്‍ഷക സംരംഭകത്വത്തില്‍ക്കൂടി മാത്രമേ അഭിവൃത്തി പ്രാപിക്കൂ. അതിന് സര്‍വ്വകലാശാലയുടെ കാല്‍വെയ്പ് വളരെ സുപ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയതായി തുടങ്ങിയ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സര്‍ശകലാശാലയ്ക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സഹായകമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ആര്‍കെവിവൈ- റഫ്താര്‍ആര്‍കെവിവൈ-റഫ്താര്‍ അഗ്രി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ പരിശീലനം, കാലാവസ്ഥ നിരീക്ഷണകേന്ദ്രം, ചക്കയെ ആസ്പദമാക്കി ‘ചക്ക ഷേക്ക്’ എന്ന പേരില്‍ മണ്ണുത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാനകേന്ദ്രം മേധാവി ഡോ. ശ്രീവത്സന്‍ ജെ മേനോന്‍ രൂപം നല്‍കിയ സംഗീത വീഡിയോ, പഠനകേന്ദ്രം അഥവാ സെന്റര്‍ ഫോര്‍ ഇ — ലേണിംഗ് പുതുതായി തയ്യാറാക്കിയ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

ചീഫ് വിപ്പും സര്‍വകലാശാല ഭരണസമിതി അംഗവുമായ അഡ്വ. കെ രാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നാളികേര ഗവേഷണ ത്തിനുളള സെന്റെര്‍ ഫോര്‍ അഡ്വാന്‍സ്ഡ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് ആന്റ് ടെക്‌നോളജി (സിഎഎഎസ്ടി) പദ്ധതി നേടിയ ശാസ്ത്രജ്ഞരായ ഡോ. ഡി ഗിരിജ, ഡോ. പി ഇന്ദിരാദേവി, ഡോ. സുജാത, ഡോ. ഇ വി അനൂപ്, ഡോ. പി ആര്‍ സുരേഷ്, ഡോ. ബിനൂ പി ബോണി എന്നിവരെ അനുമോദിച്ചു.

ചീഫ് വിപ്പായി നിയമിതനായ കെഎയു ഭരണസമിതി അംഗമായ അഡ്വ. കെ രാജന്‍ എംഎല്‍എയെ ആദരിച്ചു. ഭരണസമിതി അംഗങ്ങളായ ഡോ.എ അനില്‍കുമാര്‍, ഡോ. കെ അരവിന്ദാക്ഷന്‍, ഡോ. ടി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. വൈസ്ചാന്‍സിലര്‍ ഡോ. ആര്‍ ചന്ദ്രബാബു സ്വാഗതവും രജിസ്ട്രാര്‍ ഡോ. ഡി ഗിരിജ നന്ദിയും രേഖപ്പെടുത്തി.