അന്‍പതിന്‍റെ നിറവില്‍ 50 ദമ്പതികളെ ആദരിച്ച് അന്ന അലുമിനിയം

Web Desk
Posted on April 23, 2018, 8:25 pm

കൊച്ചി: ദാമ്പത്യജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ 50 ദമ്പതിമാരെ ആദരിച്ച് അന്ന അലുമിനിയം 50ാം വാര്‍ഷികം ആഘോഷിച്ചു. കിറ്റെക്‌സ് അന്ന ഗ്രൂപ്പ് വാര്‍ഷികത്തോടും സ്ഥാപകന്‍ എം സി ജേക്കബ്ബിന്‍റെ 85ാം ജന്മദിനത്തോടും വാര്‍ഷികത്തോടും അനുബന്ധിച്ച് നടത്തിയ സുവര്‍ണ്ണ കുടുംബം പരുപാടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി ഉദ്ഘടനം ചെയ്തു. ദാമ്പത്യത്തിന്‍റെ 61 വര്‍ഷം ആഘോഷിക്കുന്ന തനിക്ക് ഈ അസുലഭ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് കെ എം മാണി പറഞ്ഞു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് ചടങ്ങില്‍ അധ്യക്ഷനായി.

തിരഞ്ഞെടുത്ത 50 ദമ്പതിമാര്‍ക്കൊപ്പം കിഴക്കമ്പലം പഞ്ചായത്തില്‍ നിന്നുള്ള, 50 വര്‍ഷം പൂര്‍ത്തിയാക്കിയ 204 ദമ്പതികളെയും ചടങ്ങില്‍ ആദരിച്ചു. സുവര്‍ണ്ണ കുടുംബം ക്യാമ്പയിനിലേക്ക് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 5000 അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ നിന്നു തിരഞ്ഞെടുത്ത 2000 അപേക്ഷകളില്‍ നിന്നാണ് 50 ദമ്പതികളെ തിരഞെടുത്തത്. പഴയ ഫോട്ടോകളും ഓര്‍മകളും പങ്കുവെച്ചപ്പോള്‍ ഫെയ്‌സ്ബുക്കില്‍ ലഭിച്ച ലൈക്കുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞെടുത്തത്. പാലക്കാട്ടു നിന്നുള്ള മാധവന്‍-പ്രേമ ദമ്പതികള്‍ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കോട്ടയത്തു നിന്നുള്ള കെ ജെ വര്‍ഗീസ് അമ്മാള്‍, ജോയ് തോമസ് ഗ്രേസ് ജോയ് ദമ്പതികള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

മുന്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്, എം സി ജേക്കബിന്‍റെ ഭാര്യ ഏലിയാമ്മ ജേക്കബ്, കിറ്റെക്‌സ് ഗാര്‌മെന്റ്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ്, മലയാള മനോരമ അഡ്വെര്‍ടൈസിങ്, മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് വര്ഗീസ് ചാണ്ടി, അന്ന കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ബോബി എം ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റ് കെ വി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.