Web Desk

ബമാകോ

November 03, 2020, 10:51 pm

മാലിയിൽ വ്യോമാക്രമണത്തിൽ 50 ഭീകരരെ വധിച്ചു

Janayugom Online

ഭീകരാക്രമണങ്ങൾക്ക് ഫ്രാൻസിന്റെ തിരിച്ചടി. മധ്യ മാലിയിൽ നടന്ന വ്യോമാക്രമണത്തിൽ അൽഖ്വയിദയുമായി ബന്ധമുള്ള 50 ജിഹാദികളെ വധിച്ചതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ഫ്രാൻസിൽ ഭീകരാക്രമണങ്ങളിൽ അടുത്തിടെ നിരവധി പേർ മരിച്ചതിനു പിന്നാലെയാണു മാലിയിലെ ഭീകരകേന്ദ്രങ്ങൾക്കു നേരെ ഫ്രഞ്ച് വ്യോമസേന ആക്രമണം നടത്തിയത്. ബുർഖിന ഫ­സോയുടെയും നൈജറിന്റെയും അതിർത്തി പ്രദേശത്ത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വ്യോമാക്രമണം.

ഇസ്ലാമിക സായുധ കലാപം ഫ്രാൻസിനു തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് മാലിയുടെ താത്കാലിക സർക്കാർ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പർലി പറഞ്ഞു. ഒക്ടോബർ 30 നു മാലിയിൽ ഫ്രഞ്ച് സേന നടത്തിയ മിന്നലാക്രമണത്തിൽ 50 ഓളം ജിഹാദികളെ വകവരുത്തിയതായും ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായും 30 ഓളം ഇരുചക്രവാഹനങ്ങൾ തകർത്തതായും പർലി വ്യക്തമാക്കി.

മാലി സന്ദർശനത്തിനു മുന്നോടിയായി നൈജർ പ്രസിഡന്റ് മഹമദു ഇസൗഫൗവുമായും നൈജീരിയൻ പ്രതിനിധി ഇസൗഫ കതമ്പെയുമായും ഫ്രഞ്ച് പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി മേഖലയിൽ നിരവധി ഇരുചക്ര വാഹനങ്ങളിൽ ഭീകരർ ആക്രമണത്തിനു സജ്ജരാകുന്നുവെന്നു ഡ്രോൺ നിരീക്ഷണത്തിൽ വ്യക്തമായതിനു പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി മൂന്നു രാഷ്ട്രങ്ങളുടെയും പ്രതിനിധികളെ അറിയിച്ചു.

വ്യോമാക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി തീവ്രവാദികൾ മരങ്ങൾക്കിടയിൽ ഒളിച്ചിരുന്നു. ഇവരെ വധിക്കുന്നതിനായി ഫ്രഞ്ച് സൈന്യം രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈൽ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. നാലു തീവ്രവാദികളെ പിടികൂടിയതായി സൈനിക വക്താവ് കേണൽ ഫ്രെഡറിക് ബാർബി വ്യക്തമാക്കി. ഭീകരർ സൈനിക ക്യമ്പുകൾക്കു നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും ഇവരിൽനിന്നും സ്ഫോടകവസ്തുക്കളും മറ്റും പിടിച്ചെടുത്തതായും മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖത്തിൽ കേ­ണൽ വ്യക്തമാക്കി.

ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് 3000 സൈനികരെ ഉൾപ്പെടുത്തി മറ്റൊരു ഓപ്പറേഷനു ഫ്രാൻസ് പദ്ധതിയിടുന്നതായി ബാർബി പറഞ്ഞു. ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആക്രമണത്തിൽ ഇയാദ് അഗ് ഘാലി നേതൃത്വം നൽകുന്ന അൻസാറുൽ ഇസ്ലാം ഗ്രൂപ്പിന് കനത്ത നഷ്ടം നേരിട്ടതായും ഫ്രഞ്ച് പ്രതിരോധമന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; 50 killed in airstrikes in Mali

You may also like this video;