17 June 2024, Monday

Related news

January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023
August 20, 2023
August 11, 2023
August 10, 2023
August 2, 2023
July 8, 2023

കർഷക വരുമാനം 50 ശതമാനം വർധിപ്പിക്കും: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
August 16, 2021 9:20 pm

സംസ്ഥാനത്ത് കർഷക വരുമാനം 50 ശതമാനമെങ്കിലും വർധിപ്പിച്ച് കർഷകന് അന്തസായ ജീവിതനിലവാരം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ആരംഭിച്ച 2000 കർഷക ചന്തകളുടെ ഉദ്ഘാടനം തിരുവനന്തപുരം പാളയത്തെ ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ഉല്പന്നങ്ങൾ സംഭരിച്ച് സംസ്കരിച്ച് വിപണനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകും. കാർഷികോല്പാദക കമ്പനികൾ രൂപീകരിച്ച് ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തി പകരുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായി ഇതിനകം തന്നെ 25 കാർഷികോല്പാദന കമ്പനികൾ രൂപീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിളവ് കൂടി എന്ന പ്രശ്നത്താൽ കർഷകർക്ക് യാതൊരു ബുദ്ധിമുട്ടും ഇനി നേരിടേണ്ടി വരില്ല.

അതിനുള്ള ഇടപെടലുകൾ ശക്തമാക്കും. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ വിപണി വിലയേക്കാൾ 10 മുതൽ 20 ശതമാനം വരെ അധിക വില നൽകി സംഭരിച്ച് ഉല്പാദകർക്ക് 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് കർഷക ചന്തകളിലൂടെ നടത്തുന്നത്. ‘ഓണസമൃദ്ധി’ എന്ന പേരിൽ ആരംഭിക്കുന്ന 2000 കർഷക ചന്തകൾ ഇന്ന് മുതൽ 20 വരെ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനില്‍ അധ്യക്ഷനായി. കാർഷിക ഉല്പാദന രംഗത്ത് സംസ്ഥാനം വളരെ മുൻപന്തിയിലാണെന്ന് മന്ത്രി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പഴം-പച്ചക്കറി മേഖലയിലെ പ്രധാന പ്രശ്നം വിപണനമാണ്. കിട്ടുന്ന വിലയ്ക്ക് കർഷകർ ഉല്പന്നങ്ങൾ വില്‍ക്കുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലുമുണ്ട്. ഇതിന് മാറ്റം വരുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

കർഷക കൂട്ടായ്മകൾ ഉല്പാദിപ്പിച്ച നാടൻ ഉല്പന്നങ്ങൾ കർഷക പ്രതിനിധിയായ ആനാട്ടെ കർഷകൻ പുഷ്കരൻ നായർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറി. കർഷക ചന്തകളുടെ ആദ്യ വില്പന ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ മന്ത്രിയിൽ നിന്നും ഉല്പന്നങ്ങള്‍‍ ഏറ്റുവാങ്ങി. പ്രകൃതി സൗഹൃദ കൃഷിയിലൂടെ ഉല്പാദിപ്പിച്ച ഉല്പന്നങ്ങൾ കുളത്തൂരിലെ കർഷകനായ മോഹനനിൽ നിന്നും കൃഷിമന്ത്രി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി കെ രാജു, ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ ജെ സജീവ്, വിഎഫ്‌പിസികെ സിഇഒ ശിവരാമകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ വാസുകി സ്വാഗതവും കൃഷി അഡീഷണൽ ഡയറക്ടർ അലിനി ആന്റണി നന്ദിയും പറഞ്ഞു.

Eng­lish sum­ma­ry; 50 per cent increase in farm­ers’ income: Min­is­ter P Prasad

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.