ഒരു മഹാശില്‍പത്തിന്റെ അരനൂറ്റാണ്ട്

Web Desk
Posted on July 19, 2019, 10:38 pm
p a vasudevan

ഖസാക്കിന്റെ ഇതിഹാസമെന്ന മഹാനോവലിന് അമ്പതാണ്ട് തികയുന്നു. ‘ഇതിഹാസകാരന്റെ’ എണ്‍പത്തൊമ്പതാം പിറന്നാളും ഈയാഴ്ചതന്നെ. പ്രസിദ്ധം ചെയ്ത് വന്നതുമുതല്‍ ഈ അഞ്ച് പതിറ്റാണ്ടും മലയാളത്തിന്റെ ചിന്തയേയും മനസിനേയും നിരന്തരം ഈ നോവല്‍ സ്വന്തമാക്കി. പഠനങ്ങളും പ്രഭാഷണങ്ങളും പറയാനാവാത്തത്ര ഇതെക്കുറിച്ച് തന്നെയായിരുന്നു. ഒരര്‍ഥത്തില്‍ മലയാളത്തെ രണ്ടാക്കി തിരിച്ച് ഇതിഹാസം മധ്യത്തില്‍ നിന്നു. അതിലെ ഭാഷ, കാലം, പ്രമേയം, ദര്‍ശനം, സാമൂഹിക ഘടന തുടങ്ങി എല്ലാം സമൃദ്ധമായ പഠനത്തിനും വിധേയമായി. ഏതൊരെഴുത്തുകാരനും കൊതിച്ചുപോവുന്ന ജീവിതമായിരുന്നു ഈ കൃതിയുടേത്.

എന്നാല്‍ നോവല്‍, ചെറുകഥ, ലേഖനങ്ങള്‍, കാര്‍ട്ടൂണ്‍ എന്നീ മേഖലകളിലെല്ലാം മോഹിപ്പിക്കുന്ന പ്രതിഭ കാണിച്ച വിജയന്റെ ജീവിതവഴികള്‍ എന്നും ‘അസ്വസ്ഥമായിരുന്നു. ഒരു ചിന്തകന്റെ അസ്വസ്ഥതകള്‍ സാരമില്ല. അതിന് പുറത്തെ നല്ലതല്ലാത്ത സാഹിത്യ വിചാരങ്ങളുടെ സൈ്വര്യക്കേടുകള്‍ വിജയനാളം സഹിച്ചവരുണ്ടാവില്ല. നാലര ദശാബ്ദങ്ങളോളം വിജയനുമായുണ്ടായിരുന്ന സൗഹൃദകാലത്ത് പലപ്പോഴും വിജയന്‍ വികാരാധീനനായി ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ 89-ാം ജന്മവാര്‍ഷികത്തില്‍ തസ്രാക്കിലെ വിജയന്‍ സ്മാരക സമിതി സംഘടിപ്പിച്ച കൂട്ടായ്മയിരിക്കുമ്പോഴൊക്കെ ഓര്‍ത്തത് അതായിരുന്നു. തസ്രാക്കിലെ പ്രാക്തന ബിംബങ്ങളുമായി, ഒരു നോവലിന്റെ നോവുമായി കേരളം വിട്ടതും ദശാബ്ദങ്ങള്‍ക്കുശേഷം അത് നോവലാക്കി സ്വരൂപിച്ചതും മുതല്‍ ആരംഭിച്ച വ്യഥകളാണ്. ചുറ്റും ശകാരങ്ങളും ആഘോഷങ്ങളും പുകഴ്ത്തലുകളും. അതിനിടയില്‍ ഒരിക്കലും അര്‍ഹിക്കാത്ത ആരോപണങ്ങള്‍. ആദ്യത്തെ നോവലിന്റെ ബഹുരൂപം മറികടക്കാനുള്ള വ്യഗ്രതയുടെ അസ്വാസ്ഥ്യങ്ങള്‍.

വിജയന്‍ എന്നും അസ്വാസ്ഥ്യങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഇടയിലായിരുന്നു. ഇത്ര ശാന്തനും അഹിംസാവാദിയും ദയാവാനുമായിരുന്ന ഒരാളുടെ ഗതി ഓര്‍ത്തു. ഈ തര്‍ക്ക പരമ്പരയിലെ അവസാനത്തേതായിരുന്നു ഈ ജൂലൈ 2-ാം തീയതി അദ്ദേഹത്തിന്റെ 89-ാം പിറന്നാള്‍ ദിവസം സംഭവിച്ച പ്രതിമത്തര്‍ക്കം. പഴയ തര്‍ക്ക പരമ്പര വഴിയെ പറയാം. പാലക്കാട് മുനിസിപ്പാലിറ്റിയുടെ സ്ഥലത്ത് വിജയന്റേതായ ഒരു പ്രതിമയുണ്ടായിരുന്നു. അത് ട്രാഫിക് തടസമുണ്ടാക്കുന്നുവെന്നാരോപിച്ച് ഒരു സംഘടന പരാതി നല്‍കി. അത് നീക്കാനുള്ള ഉത്തരവായി. അവസാനം ഇത് തര്‍ക്ക കേന്ദ്രമാവാതിരിക്കാന്‍ വിജയന്‍ സ്മാരക സമിതി അത് തസ്രാക്കിലെ സ്മാരകത്തിലെത്തിച്ച് സ്ഥാപിച്ചു. അപ്പോള്‍ വീണ്ടും പ്രശ്‌നം. ഇതെങ്ങനെ കൊണ്ടുപോവുമെന്ന് ഒരു സാംസ്‌കാരിക വിഭാഗം. തങ്ങളുടെ സ്വത്ത് അനധികൃതമായി കൊണ്ടുപോയതില്‍ മുനിസിപ്പാലിറ്റി കേസ്. ഇതേ വിജയന്‍ പ്രതിമ മുനിസിപ്പാലിറ്റിയുടെ പിന്നാമ്പുറത്ത് ചവറുകള്‍ക്കിടയില്‍ക്കിടന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും വിജയനെ വേണം. എന്നാല്‍ പിന്നെ പ്രതിമ വിജയന്റെ ജന്മഗ്രാമമായ വിളയഞ്ചിത്തന്നൂരിലെത്തിക്കണമെന്ന് ഒരുകൂട്ടര്‍. അല്ല മങ്കരമതിയെന്ന് ഒരു കൂട്ടര്‍. വിജയനെ വിട്ടുതരില്ലെന്ന് തര്‍ക്കിച്ച് വിരുദ്ധ അക്ഷൗഹിണികള്‍. വിജയന്റെതന്നെ ‘ഖസാക്ക്’ ഭാഷയില്‍ പറഞ്ഞാല്‍ ‘നിശ്ശോകം.’

ശാന്തിമാത്രം പ്രാര്‍ഥിച്ച ഒരസാമാന്യ പ്രതിഭയ്ക്ക് തീരാത്ത തര്‍ക്കങ്ങളായിരുന്നു അനുഭവം. ‘ഇതിഹാസം’ എഴുതിയ കാലത്ത് അപക്വമായ പുരോഗമനവാദി ചര്‍ച്ചകള്‍, അതിനെ അഗമ്യഗമനം, അശ്ലീലം, പിന്തിരിപ്പത്തരം, വിപ്ലവവിരോധം എന്നിവ ചാര്‍ത്തി അഭിഷേകം ചെയ്തു. മൈമൂനയില്‍ വിജയന്‍ ചാര്‍ത്തിയ ജീവിതലാവണ്യം കണ്ടെത്താനുള്ള സര്‍ഗശേഷിയില്ലാത്തവര്‍ക്ക് അവള്‍ തോന്നിയവാസിയായി. രവി അസന്മാര്‍ഗിയും. അതെക്കുറിച്ച് ഏറെ പറയുന്നില്ല. പിന്നെവന്ന ധര്‍മ്മപുരാണത്തിന്റെ സമയമാനങ്ങളും ഭാഷാപരമായ തീക്ഷ്ണതകളും കണ്ടറിയാനാവാതെ വിജയനെ പഴിച്ചുനടന്നു. ‘ഗുരുസാഗരം’ ഹിന്ദുത്വവാദമാക്കിമാറ്റി. ധര്‍മ്മപുരാണത്തിന്റെ രാഷ്ട്രീയ മാനവും ഹാസ്യവുമറിയാന്‍ വരണ്ട സിദ്ധാന്ത വിചാരം പോരല്ലോ. ‘തല്ലുകൊണ്ടത്’ വിജയനായിരുന്നു.

‘ഇത്തിരി നേരമ്പോക്ക്, ഇത്തിരി ദര്‍ശനം’, ‘തിരിയും ചുമടും’ എന്നീ ലേഖനങ്ങള്‍ വന്നപ്പോള്‍ തകൃതിയായ കുറ്റവിചാരം നടന്നു. അതിനിടയില്‍ ഗൗരവതരമായ പഠനങ്ങള്‍ വന്നില്ലെന്നു പറഞ്ഞുകൂടാ. സിഐഎ ചാരനും ഹിന്ദുത്വവാദിയുമാക്കി പലരും അധിക്ഷേപിച്ചു. ഇതിനൊക്കെ അപ്പപ്പോള്‍ വിജയന്‍ എഴുതിയ കുറിപ്പുകള്‍ നല്‍കിയ ഉത്തരങ്ങള്‍ കണ്ടതായി നടിക്കാനുള്ള മനസും പലര്‍ക്കുമുണ്ടായിരുന്നില്ല. ഒരു ദര്‍ശനത്തിന്റെ ഭാരവും തനിക്കില്ലെന്നും തന്റെ കഥാപാത്രങ്ങള്‍ തന്നെ ഓരോ വഴിക്ക് കൊണ്ടുപോവുകയായിരുന്നെന്നും അദ്ദേഹം വിനയത്തോടെ, സത്യസന്ധമായി പറഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹത്തെ ഓരോ കള്ളിയിലാക്കി വ്യാഖ്യാനിക്കാനായിരുന്നു താല്‍പര്യം.

വിജയന്റെ കൃതികളുടെ പഠനമല്ലിത്. പക്ഷെ, അദ്ദേഹം എഴുതിയ ഒന്നാന്തരം നോവലുകളും ചെറുകഥകളും ലേഖന സമാഹാരങ്ങളും വായിക്കുകയും അക്കാലത്തെ നിശിതമായ കാര്‍ട്ടൂണുകള്‍ പഠിക്കുകയും ചെയ്യാനുള്ള മനസാണ് ഇല്ലാതെപോയത്. വിജയനെ ചൊല്ലിയുള്ള കലഹം വിജയന്റെ മകനും മരുമകന്‍ രവിശങ്കറും തമ്മിലുള്ള ചിതാഭസ്മ കുംഭം വരെയെത്തി. അന്നോര്‍ത്തു, ഏത് രാശിയിലാണ് ഈ സൗമ്യനായ പ്രതിഭാശാലിയുടെ ജനനം. പ്രായശ്ചിത്തം നല്ലതാണ്. ഒരുകാലത്ത് വിജയനെ നിരന്തരം വിമര്‍ശിച്ച ഇടതു സാഹിത്യവിചാരം, അവസാനം തിരുത്തി. സാമൂഹിക പ്രതിബദ്ധതയില്ലാത്ത അസന്മാര്‍ഗിയെന്ന് വിളിച്ചവര്‍ വിളിച്ചുവരുത്തി അവാര്‍ഡും പ്രശംസാപത്രവും നല്‍കി. അതിനകം അസഭ്യത്തിന്റെ ഒരു വെള്ളപ്പൊക്കം തന്നെ വിജയനെ മുക്കി കടന്നുപോയിരുന്നു. അന്നും ഇന്നും പുരോഗമന സാഹിത്യവാദികള്‍ക്ക് പക്വമായ ഒരു സാഹിത്യവിചാരമില്ലായിരുന്നു. മറുപക്ഷത്തിനാകട്ടെ സാഹിത്യവിചാരം അവരുടെ കാര്യപരിപാടിയിലേ ഇല്ലായിരുന്നു.

തീരാത്ത കുറ്റവിചാരണയുടെ ഒരു സന്ദര്‍ഭം സക്കറിയ തസ്രാക്കില്‍ ചെയ്ത പ്രസംഗമായിരുന്നു. സന്ദര്‍ഭത്തില്‍ പോലുമല്ലാതെ, ഇതിഹാസത്തിന്റെ ഗ്രാമത്തില്‍ വച്ച് വിജയനെ മൃദു ഹിന്ദുത്വവാദിയെന്നു വിളിച്ച് ആക്ഷേപിച്ച് സംസാരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ അത് സ്ഥാപിച്ച് തന്റെ വാദമുഖം ന്യായീകരിക്കാനുള്ള ഒരുക്കങ്ങളൊന്നും സക്കറിയക്കില്ലായിരുന്നു. തീവ്രമായ എതിര്‍പ്പ് പല ഭാഗത്തുനിന്നും ഉണ്ടാവുകയും ചെയ്തു. ഈ തര്‍ക്കവുമായി ഇദ്ദേഹം പലതവണ വിജയനെ കാര്യമില്ലാതെ നോവിച്ചിട്ടുണ്ട്. അതിന് അതീവ വിനയത്തോടെ വിജയന്‍ തന്റെ സുഹൃത്തിന് ഒരു നീണ്ട കത്ത് എഴുതി പ്രസിദ്ധം ചെയ്തിരുന്നു. ‘ഹൈന്ദവനും അതിഹൈന്ദവനും’ എന്ന വിജയന്റെ പുസ്തകത്തിലെ ഒരു ലേഖനം സംശയാതീതമായി കാര്യങ്ങള്‍ വ്യക്തമാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരുത്തരവാദിത്തബോധവുമില്ലാതെ സക്കറിയ വിജയനെ വിടാതെ അധിക്ഷേപിക്കുന്നതിന് പിന്നില്‍ സാഹിത്യ താല്‍പര്യങ്ങളുണ്ടാവാന്‍ വഴിയില്ല.

എഴുത്തിനെയും എഴുത്തുകാരനെയും സമീപിക്കുന്നതില്‍ കുറേക്കൂടി അവധാനതയും ആത്മാര്‍ഥതയും അത്യാവശ്യമാണ്. എഴുത്തിലൂടെയും ചിതാഭസ്മത്തിലൂടെയും ഇപ്പോള്‍ പ്രതിമയിലൂടെയുമായി ഈ തര്‍ക്കകഥ തുടരുകയാണ്. അപ്പോഴും ‘ഇതിഹാസ’ ഗ്രാമത്തിലെ ഒ വി വിജയന്‍ സ്മാരകം, നാം കാണിച്ച മുന്‍കാല നന്ദികേടിനെയെല്ലാം ഒറ്റയടിക്ക് റദ്ദാക്കിയിരിക്കുന്നു. ഒരെഴുത്തുകാരനും ഇതിലധികം ഒരു മരണാനന്തര ബഹുമതി പ്രതീക്ഷിച്ചുകൂട. നിരൂപണങ്ങള്‍ എത്ര രൂക്ഷമാവുന്നതും കുഴപ്പമില്ല. പക്ഷെ, അത് സാഹിത്യേതര താല്‍പര്യങ്ങളുടെ ആധാരത്തിലാവരുത്.

ഒരു ദര്‍ശനത്തിന്റെയും ഭാരമില്ലാതെ എഴുതിയ വിജയനെ വിലയിരുത്തുമ്പോഴും നാമത് ശ്രദ്ധിക്കണം. വിജയനെയെന്നല്ല, ഏതെഴുത്തുകാരനെയും. കുറേ കഥാപാത്രങ്ങളുടെ സമൃദ്ധതയില്‍ തസ്രാക്ക് വിട്ടുപോയ വിജയന്‍, പിന്നെ ആ കഥാപാത്രങ്ങളുടെ ചൂണ്ടയിലായിരുന്നു. വിജയനെ അവര്‍ കൊണ്ടുപോയി. താന്‍ ‘സെഡ്യൂസ്’ ചെയ്യപ്പെടുകയായിരുന്നു എന്നാണ് വിജയന്‍ പറഞ്ഞത്.
വേണ്ടാത്ത തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാം. വിജയന്‍ ഉറങ്ങട്ടെ.