ആദ്യ പ്രസവത്തിന് 5,000 രൂപ ധനസഹായം; 11.52 കോടി രൂപ അനുവദിച്ചു

Web Desk
Posted on December 11, 2019, 10:36 pm

തിരുവനന്തപുരം: ആദ്യ പ്രസവത്തിന് 5,000 രൂപ ലഭ്യമാക്കുന്ന മാതൃവന്ദന യോജന പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 11.52 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ഫ്ളക്സി ഫണ്ടായി 10. 33 കോടി രൂപയും ഭരണപരമായ ചെലവുകൾക്കായി 1.18 കോടി രൂപയും ചേർത്താണ് 11.52 കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് അമ്മമാർക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. പദ്ധതി തുടങ്ങിയ ശേഷം 2018 ജനുവരി മുതൽ ഇതുവരെ 3.8 ലക്ഷത്തിലധികം അമ്മമാർക്ക് 154 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്കായി 2017 ൽ ആരംഭിച്ചതാണ് ആദ്യ പ്രസവത്തിന് 5,000 രൂപ നൽകുന്ന പദ്ധതി. ഇവരിൽ മെച്ചപ്പെട്ട ആരോഗ്യവും നല്ലശീലങ്ങളും വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഈ കാലയളവിൽ അവർക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമായി ധനസഹായം നൽകുക വഴി പ്രസവത്തിന് മുൻപും പിൻപും മതിയായ വിശ്രമം ലഭിക്കും. 19 വയസിനുമേൽ പ്രായമുള്ള സ്ത്രീകൾക്ക് അവരുടെ ആദ്യത്തെ സജീവ ജനനത്തിന് 1,000, 2,000, 2,000 എന്നിങ്ങനെ മൂന്ന് ഗഡുക്കളായിട്ടാണ് തുക നൽകുന്നത്. സാമ്പത്തിക ആനുകൂല്യം ഗുണഭോക്താവിന്റെ ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴിയാണ് നൽകുന്നത്. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ഇല്ലാത്തവരും മറ്റേതെങ്കിലും പ്രസവാനുകൂല്യം ലഭിക്കാത്തവരുമായ എല്ലാ സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് അർഹരാണ്. എല്ലാ അമ്മമാർക്കും ഈ പദ്ധതിയുടെ ഗുണഫലം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കാനായി അങ്കണവാടി ജീവനക്കാർക്ക് ഇൻസെന്റീവും നൽകുന്നുണ്ട്. മാത്രമല്ല ഈ പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കിയ ഓരോ സെക്ടറിലേയും രണ്ട് അങ്കണവാടി ജീവനക്കാർക്ക് പ്രോത്സാഹന സമ്മാനവും നൽകും.