September 26, 2022 Monday

മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾക്കായി 50,000 കോടിയുടെ പാക്കേജ്

Janayugom Webdesk
ന്യൂഡൽഹി:
April 27, 2020 9:44 pm

രാജ്യത്തെ മ്യൂച്ചൽ ഫണ്ട് സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ നടപടിയുമായി ആർബിഐ. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് 50,000 കോടി രൂപ നൽകാനാണ് ആർബിഐ തീരുമാനം. ഏപ്രിൽ 27 മുതൽ മെയ് 11 വരെ ഈ തുക ലഭ്യമാക്കുമെന്ന് ആർബിഐ അറിയിച്ചു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് വൻതോതിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം പിൻവലിക്കുന്നതിനാൽ ഡെറ്റ് ഫണ്ടുകൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. പ്രമുഖ നിക്ഷേപ സ്ഥാപനമായ ഫ്രാങ്ക്ളിൻ ടെംപിൾടൻ ഇന്ത്യയിലെ ആറ് നിക്ഷേപ പദ്ധതികൾ കമ്പനി റദ്ദാക്കിയിരുന്നു.

ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യുറേഷൻ ഫണ്ട്, അൾട്രാ ഷോർട്ട് ബോണ്ട് ഫണ്ട്, ഷോർട്ട് ടേം ഇൻകം പ്ലാൻ, ക്രെഡിറ്റ് റിസ്ക് ഫണ്ട്, ഡൈനമിക് ആക്കുറൽ ഫണ്ട്, ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് എന്നിവയാണ് കമ്പനി അവസാനിപ്പിച്ചത്. ലോക്ഡൗണിനെ തുടർന്നാണ് ഈ ഫണ്ടുകളിൽ ഗണ്യമായി നഷ്ടമുണ്ടായത്. വരുംദിവസങ്ങളിൽ കൂടുതൽ ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ സൂചന നൽകുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക പാക്കേജുമായി റിസർവ് ബാങ്ക് രംഗത്തെത്തിയത്.

ആർബിഐയുടെ ലിക്വിഡിറ്റി സൗകര്യം ഏപ്രിൽ 27 മുതൽ മെയ് 11 വരെയാണ്. അതിനായി നീക്കിവെച്ച തുക ഈ കാലയളവിൽ വിനിയോഗിക്കാം. പാക്കേജ് പ്രകാരം കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്കാണ് പണം അനുവദിക്കുന്നത്. പണലഭ്യത കുറഞ്ഞാൽ ബാങ്കുകൾ മ്യൂച്ചൽ ഫണ്ടുകൾക്ക് തുക ലഭ്യമാക്കണം. കോർപ്പറേറ്റ് ബോണ്ട്, കൊമേഴ്സ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപത്രം എന്നിവയിന്മേൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കാം. റിസർവ് ബാങ്ക് പാക്കേജ് അനുവദിച്ചതോടെ എൻ‌എസ്‌ഇ ബാങ്കിംഗ് സൂചിക ഏകദേശം 3 ശതമാനം, അതായത് 750 പോയിന്റ് വരെ ഉയരുകയും ചെയ്തു. വിപണി സാഹചര്യങ്ങൾക്കനുസൃതമായി റിസർവ് ബാങ്ക് ഇപ്പോൾ നൽകിയിരിക്കുന്ന കാലാവധിയും സഹായധനവും അവലോകനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ENGLISH SUMMARY:  50000 crore pack­age for mutu­al fund institutions

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.