Site iconSite icon Janayugom Online

ജനപ്രതിനിധികള്‍ക്കെതിരെ 5097 കേസുകള്‍

രാജ്യത്ത് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള കേസുകളില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അമിക്കസ് ക്യൂറി അഡ്വ. വിജയ് ഹന്‍സാരിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഉത്തര്‍പ്രദേശിലാണ്. ഈ വര്‍ഷം നവംബര്‍ വരെ യുപിയില്‍ എംപിമാര്‍ക്കും എംല്‍എമാര്‍ക്കുമെതിരെ 1377 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിഹാര്‍ 546, മഹാരാഷ്ട്ര 482 എന്നിവയാണ് തൊട്ടു പിന്നില്‍.

മൊത്തം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 2018 ഡിസംബറിലെ 4122ല്‍ നിന്നും 2021ല്‍ 4974 ആയി ഉയര്‍ന്നു. ഈ വര്‍ഷം നവംബറോടെ 5097ലെത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ജനപ്രതിനിധികള്‍ക്കെതിരെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.

തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ 41 ശതമാനവും അഞ്ചുവര്‍ഷത്തിനുമേല്‍ പഴക്കമുള്ളതാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഡിഷയിലാണ്, 71 ശതമാനം. ബിഹാര്‍ 69 ശതമാനം, ഉത്തര്‍പ്രദേശ് 52 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
സിറ്റിങ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കുമെതിരെയുള്ള കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിന്മേലാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ഈ മാസം 17ന് ഹന്‍സാരിയ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 51 എംപിമാര്‍ ഇഡി അന്വേഷണവും 51 എംഎല്‍എമാര്‍ സിബിഐ അന്വേഷണവും നേരിടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.the

Eng­lish Sum­ma­ry: 5097 cas­es against peo­ple’s representatives

You may also like this video

Exit mobile version