സതീഷ്ബാബു കൊല്ലമ്പലത്ത്

June 07, 2020, 5:40 am

കോവിഡ്: ഒരു ജൈവ വൈവിധ്യ പ്രതിസന്ധി

Janayugom Online

വൈറസ് വ്യാപനം കേവലം യാദൃച്ഛികമായ ഒരു സംഭവമല്ല. അത് അസ്വാഭാവികമായ പരിസ്ഥിതി മാറ്റം താങ്ങാനാവാതെ ജീവി വർഗങ്ങളിൽ ഉണ്ടാക്കുന്ന ജൈവ മാറ്റം ഒരു വൈറസ് ആയി ജന്മമെടുത്ത് ജനങ്ങളിലേക്ക് പകരുന്നു എന്നു മാത്രം. ഒന്നാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച രാസവാതകം അന്തരീക്ഷത്തില്‍ പെട്ടെന്ന് വൻ മാറ്റം വരുത്തി.

സ്പാനീഷ് ഫ്ളൂ എന്ന പേരിൽ പന്നികളിൽ നിന്നും മനുഷ്യനിലേക്ക് വ്യാപിച്ചത് ഒരു അന്തരീക്ഷ രാസമാറ്റ പ്രതിഭാസമാണ്. അതു പോലെ തന്നെ ബ്ലാക്ക് ഡത്ത് എന്ന പേരിൽ 1,300 കളിൽ മരണം വിതച്ച വൈറസ് രോഗം ലോകത്ത് വ്യാപകമായി ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനം സൾഫൈറ്റും ധാരാളം എയറോസോളും അന്തരീക്ഷത്തിൽ വ്യാപിച്ചതിന്റെ ഫലമാണെന്ന് പറയുന്നു. അന്തരീക്ഷ രാസമാറ്റം ജൈവ പ്രതിസന്ധി ഉണ്ടാക്കുന്നു. ഇത് മനുഷ്യനെക്കാൾ പ്രതിരോധശേഷി കുറഞ്ഞ എലി, പന്നി, വവ്വാൽ തുടങ്ങിയ ജീവികളിൽ നിന്നും മനുഷ്യനിലേക്ക് വ്യാപിക്കുന്നു.

ഒരു കാര്യം ഉറപ്പാണ്. കെറോണയായാലും സാർസ് ആയാലും ജൈവ വൈവിധ്യ പ്രതിസന്ധി രൂക്ഷമായ രാജ്യങ്ങളിലാണ് വ്യാപനം കൂടുതലായി കാണുന്നത്. കൊറോണാ വ്യാപനം കുറഞ്ഞതായി കഴിഞ്ഞ ദിവസം ലോക ആരോഗ്യ സംഘടന കണ്ടെത്തിയ രാജ്യങ്ങൾ എല്ലാം തന്നെ ജൈവവൈവിധ്യ മാന്ദ്യം കാര്യമായിട്ട് നേരിടാത്ത രാജ്യങ്ങളാണ്. സെൻട്രൽ ഏഷ്യയിലെ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക് മാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഒക്കെയും ജൈവ വൈവിധ്യ സംരക്ഷണത്തിൽ മുന്നിൽ നിൽക്കുന്ന ഏഷ്യൻ രാജ്യങ്ങളാണ്. വനനശീകരണം ഏറ്റവും കുറവ് ഉള്ള രാജ്യങ്ങളാണ് ഇവ.

ജൈവവൈവിധ്യത്തിന് കാര്യമായ യാതൊരു പോറൽപോലും ഏൽക്കാതെ സുരക്ഷിതമായി നിന്ന സൗത്ത് ആഫ്രിക്കയിലെ ലാൻഡ് ലോക്ക്ഡ് രാജ്യമായ ലാസോത്തോയിൽ ഒരു കോവിഡ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ നോർത്ത് കൊറിയ, കാരിബാട്ടി ദ്വീപ്, മാർഷൽ ദ്വീപ്, സോളമൻ ദ്വീപുകൾ തുടങ്ങിയവയും ഇതേ ഗണത്തിൽ പെടുന്നു. ലാൻ‍‍ഡ് ലോക്ക്ഡ് രാജ്യമായ ഭൂട്ടാനിലും ഒറ്റ മരണംപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് മൃഗജന്യ പകർച്ചവ്യാധിയാണ്. കാടുകളിൽ സ്ഥിരമായി ആവാസകേന്ദമാക്കിയ മൃഗങ്ങൾ ഏതെങ്കിലും കാരണത്താല്‍ മനുഷ്യവാസ കേന്ദ്രത്തിലേക്ക് കുടിയേറുമ്പോൾ വരുന്ന വൈറസ് വ്യാപനവും ജൈവ വൈവിധ്യ തകർച്ചയും അത്രയും അടുത്ത ബന്ധമുണ്ട്. മനുഷ്യന്റെ ആരോഗ്യം കേവലം സ്വതന്ത്രമായി നിൽക്കുന്ന ഒന്നല്ല, അത് വന്യജീവികൾ മുതൽ ചെറുപ്രാണികൾ വരെയുള്ളവയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്.

‘ഒരു ഭൂമി ഒരു ആരോഗ്യം’ എന്ന സങ്കൽപം ലോക ആരോഗ്യ സംഘടന ആഗോള ആരോഗ്യ നയമായി സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. പകർച്ചവ്യാധിയുടെ 60 ശതമാനവും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടർന്നതാണ്. സാർസ്, എബോള, എലിപ്പനി തുടങ്ങി മാരകമായ പല രോഗങ്ങളും ജൈവ വൈവിധ്യ തകർച്ച നേരിട്ടപ്പോൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാറുകയായിരുന്നു. മനുഷ്യരാശി പ്രകൃതിദത്ത ചുറ്റുപാടുകളെ ത്വരിതഗതിയിൽ നശിപ്പിക്കുകയാണ്. 1980 നും 2000 നും ഇടയിൽ, 100 ദശലക്ഷം ഹെക്ടറിലധികം ഉഷ്ണമേഖലാ വനങ്ങൾ വെട്ടിമാറ്റി. വ്യാവസായിക യുഗത്തിന്റെ ആരംഭം മുതൽ 8,540തണ്ണീർത്തടങ്ങളും നശിപ്പിക്കപ്പെട്ടു. കോവിഡ് 19 പാൻഡെമിക് ലോകമെമ്പാടും ബാധിച്ചപ്പോൾ ആരോഗ്യത്തിന്റെ ഡയമൻഷൻ തന്നെ മാറി. നമ്മൾ നശിപ്പിച്ച ജൈവ വൈവിധ്യവും കൊന്നൊടുക്കിയ വന്യജീവികളും കാലക്രമേണ ഒരു പ്രേതം പോലെ മനുഷ്യവംശത്തിന്റെ ജീവനുതന്നെ ഭീഷണിയായി തീർന്നത് പ്രകൃതിയുടെ ഒരു നിയോഗം മാത്രം. നമ്മുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തെക്കുറിച്ചു ഭയപ്പെടുമ്പോൾ നാം നമുക്ക് ചുറ്റം ജീവിക്കുന്ന വന്യജീവികളെപ്പറ്റിയോ നായ, പൂച്ച തുടങ്ങിയ മൃഗങ്ങളെപ്പറ്റിയോ ചിന്തിക്കാത്ത സാഹചര്യത്തിനു മാറ്റം വന്നു. 1997ൽ ഇന്തോനേഷ്യയിലെ 2000 ഏക്കറോളം വരുന്ന കാടുകൾ കൃഷിക്ക് വഴിയൊരുക്കുന്നതിനായി കത്തിച്ചത് ആരും കാണാത്ത പ്രശ്നങ്ങൾക്ക് വഴിയൊരുക്കി. കാടുകളിൽ വരൾച്ച ബാധിച്ചു. പഴങ്ങളും കായ്കളും മറ്റും ലഭിക്കാതെ വന്നപ്പോൾ ഭക്ഷണം തേടി വവ്വാലുകൾ നാട്ടിലിറങ്ങി. മാരകമായ രോഗവാഹകരായ വവ്വാലുകൾ കഴിച്ച പഴങ്ങൾ ചുറ്റുമുള്ള പന്നികൾ കഴിച്ചതിനുശേഷം കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങി. പന്നികളെ ഭക്ഷണമാക്കി കഴിച്ച മനുഷ്യർക്ക് മലമ്പനിയടക്കം പല രോഗങ്ങളും പിടിപ്പെട്ടു. പലരും അജ്ഞാതമായ വൈറസ് പിടിപ്പെട്ടു മരിച്ചു. 1999 ആയപ്പോഴേക്കും 265 പേർക്ക് കടുത്ത മസ്തിഷ്ക വീക്കം സംഭവിച്ചു. 105 പേർ മരിച്ചു. നിപ വൈറസിന്റെ തുടക്കം ഇവിടെ നിന്നാണത്രെ. ഇത് തെക്ക്-കിഴക്കൻ ഏഷ്യയിലുടനീളം ആവർത്തിച്ചുള്ള പകർച്ചവ്യാധികൾക്ക് കാരണമായി.

വന്യമൃഗങ്ങളിൽ മാത്രം ഒതുങ്ങുന്ന നിരവധി പകർച്ചവ്യാധികളിൽ, അതിവേഗം വനമേഖലയ്ക്ക് സമീപം താമസിക്കുന്ന ആളുകൾക്ക് വ്യാപിച്ചിരിക്കുന്നതായി കഴിഞ്ഞ നാളുകളിൽ പുറത്തുവന്ന ശാസ്ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നു. വനനശീകരണം സങ്കീർണമായ ഒരു രോഗ അറയിലേക്ക് നടന്നുനീങ്ങുന്നതിനുള്ള ഒരു പാസ്‌വേഡായി മാറിയത് നാം അറിയുന്നില്ല. മനുഷ്യർ വൻതോതിൽ കൃഷിക്ക് വേണ്ടിയാണ് വനങ്ങളെ വെട്ടിമാറ്റുന്നത്. ഇത് ക്രമേണ മനുഷ്യനുതന്നെ ഹാനികരമായി മാറി. ആമസോണിലെ ഉഷ്ണമേഖലാ വനങ്ങൾ കത്തിനശിപ്പിച്ചത് അടുത്തിടെയാണ്. കൃഷിയിറക്കിയപ്പോൾ ആഫ്രിക്കയുടെയും തെക്ക്-കിഴക്കൻ ഏഷ്യയുടെയും ചില ഭാഗങ്ങളിൽ ഇന്ന് വ്യാപകമായി രോഗം പടർന്നുകയറിയിട്ടും നാം അറിഞ്ഞില്ല, 1,202 ചതുരശ്ര കിലോമീറ്റർ കാട് കത്തിച്ചതിന്റെ പ്രതിഫലനമാണ് ഇതെന്ന്. ബ്രസീലിൽ കോവിഡ് 19 പടർന്നുകയറി 31,300ൽ പരം ആളുകൾ ഇന്നേവരെ മരിച്ചു. അഞ്ചരലക്ഷത്തോളം പേർ രോഗികളായി. ജനസംഖ്യ വച്ചുനോക്കുമ്പോൾ വലിയ സംഖ്യയാണിത്. ഭീകരമായ അവസ്ഥയാണിത്. മനുഷ്യന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്ന വിധം പെട്ടെന്ന് ബ്രസീലിലെ ജൈവഘടനയിൽ വന്ന തകർച്ചയാണ് ഇതിന് കാരണമെന്ന് ആമസോൺ ശാസ്ത്രജ്ഞൻ ഫിലിപ്പ് ഫിയർസൈഡ് പറഞ്ഞത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. വനനശീകരണത്തിന്റെ ഫലമായി അതിർത്തിയിൽ താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെക്കുറിച്ച് പല വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. അടുത്ത ഗുരുതരമായ പകർച്ചവ്യാധി നമ്മുടെ ലോക വനങ്ങളിൽ നിന്ന് ഉയർന്നുവരുമെന്ന് അവർ ഭയപ്പെടുന്നു.

കാലിഫോർണിയ സർവകലാശാലയിലെ എർത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ആൻഡി മക്ഡൊണാൾഡ് പറയുന്നു: ഇപ്പോൾ വളരെ നന്നായി സ്ഥിരീകരിച്ച ഒരു കാര്യമാണ് വനനശീകരണം പകർച്ചവ്യാധി പകരാനുള്ള ശക്തമായ പ്രേരകമാകുമെന്ന്. ഇതൊരു സംഖ്യാ ഗെയിമാണ്. വനവാസ കേന്ദ്രങ്ങളെ നാം എത്രത്തോളം നശിപ്പിക്കുന്നുവോ അത്രത്തോളം പകർച്ചവ്യാധികൾ നാം സ്വയം ഏറ്റുവാങ്ങേണ്ടി വരും. ഏതാനും ആഴ്ചകൾക്കുള്ളിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിസന്ധി നമുക്ക് ചർച്ചയല്ലാതായി. ജൈവവൈവിധ്യത്തിലെ അപകടകരമായ നാശത്തെപ്പറ്റി ചർച്ച ചെയ്യാതെ കോവിഡ് 19 പെട്ടെന്ന് അടിയന്തര വിഷയമായിത്തീർന്നു. ജൈവ വൈവിധ്യ തകർച്ചയിൽ നിന്നാണ് കോവിഡ് വ്യാപനം ഉണ്ടായതെന്ന കാര്യം നാം വിട്ടുപോയി. ആരും ഇത് ചർച്ച ചെയ്തില്ല. ഇക്കാര്യം ഓർമ്മിപ്പിക്കാനാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം ‘ജൈവ വൈവിധ്യം’ എന്നാക്കിയത്. ഒരുകാലത്ത് ആമസോണിലും ആസ്ട്രേലിയയിലും കാട്ടുതീ ദുരന്തങ്ങൾ ഉണ്ടായാൽ നമ്മെ ബാധിക്കില്ല എന്ന തോന്നൽ ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വന്തം വീടുകളിലെ ദുരന്തം ആയി മാറുന്ന ഏക ജൈവ മേഖലയായി ലോകമാകെ മാറി.

ഒരു കാര്യം വളരെ വ്യക്തമാണ്. ഏറ്റവും കൂടുതൽ ജൈവവൈവിധ്യ നാശം സംഭവിക്കുകയും ഏറ്റവും കൂടുതൽ വായു മലിനീകരണം നടക്കുകയും ചെയ്ത സ്ഥലങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണവും മരണവും വർധിച്ചത്. ഡൽഹിയിൽ മാത്രം 2014ൽ മെട്രോയ്ക്ക് വേണ്ടി 78,000 മരങ്ങൾ നശിപ്പിച്ചു. പത്തു ശതമാനത്തോളം വനം പത്ത് വർഷം കൊണ്ട് കുറഞ്ഞു. കൂടാതെ ഇത്തരം കാർബൺ സിങ്ക് നഷ്ടപ്പെട്ടതിന്റെ ഫലമാണ് ഡൽഹിയിലെയും മുംബൈയിലെയും വർധിച്ചുവരുന്ന കോവിഡ്. മലിനീകരണം പ്രതിരോധശേഷി കുറയ്ക്കും. കോവിഡ് മരണം വിതയ്ക്കുന്നതും ഇത്തരത്തിൽ തന്നെ. വനനശീകരണ മേഖലകളുടെ വക്കിലെ ഗ്രാമവാസികൾ വനങ്ങളുടെ നാശത്തെത്തുടർന്ന് പുറത്തുവരുന്ന വന്യമൃഗങ്ങളെ വേട്ടയാടുകയും മാംസം നഗരങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് എബോള പ്രധാന മനുഷ്യ കേന്ദ്രങ്ങളിലേക്ക് വഴി കണ്ടെത്തിയത്. പ്രവാസികളുടെ ആവശ്യം നിറവേറ്റുന്നതിനായി ഈ മാംസം മറ്റ് രാജ്യങ്ങളിലേക്ക് പോലും കയറ്റുമതി ചെയ്യപ്പെടുന്നു, അങ്ങനെ വിദൂര പ്രദേശങ്ങളിൽ പോലും ആരോഗ്യപരമായ അപകടസാധ്യത വ്യാപിക്കുന്നു. തികച്ചും വിനോദപരമായ കാരണങ്ങളാൽ വിദേശികളെയും വന്യജീവികളെയും നമ്മൾ ലജ്ജയില്ലാതെ വേട്ടയാടുന്നു. അപൂർവയിനങ്ങളുടെ ആകർഷണം, വിദേശ ഭക്ഷണം, അപൂർവ മൃഗങ്ങളുടെ വ്യാപാരം വിപണികളെ പോഷിപ്പിക്കുന്നു, മാത്രമല്ല പുതിയ അസുഖങ്ങളാൽ നഗര കേന്ദ്രങ്ങളെ മലിനമാക്കുകയും ചെയ്യുന്നു.

2007ൽ ഒരു പ്രധാന ശാസ്ത്ര ലേഖനം ഇപ്രകാരം പ്രസ്താവിച്ചു: ”ആഫ്രിക്കയിൽ നിന്നും മറ്റും വരുന്ന വവ്വാലുകളെയും മൃഗങ്ങളെയും തിന്നുന്ന സംസ്കാരം വിപണിയായി വികസിച്ചു. വിദേശ സസ്തനികളെ തിന്നുന്ന സംസ്കാരവും ഒരു ടൈം ബോംബാണ്.” ഈ സമയ ബോംബ് 2019 നവംബറിൽ കോവിഡ് 19 ഉപയോഗിച്ച് പൊട്ടിത്തെറിച്ചതായി തോന്നുന്നു.

eng­lish sum­ma­ry: janayu­gom arti­cle  Covid : bio-diver­si­ty crisis