ഗോവ അവശേഷിപ്പിക്കുന്ന ചോദ്യങ്ങൾ

Web Desk
Posted on December 01, 2019, 2:58 pm

എ ചന്ദ്രശേഖർ

ഗോവയിൽ സമാപിച്ച അമ്പതാമത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയെ വിലയിരുത്താനൊരുങ്ങും മുമ്പ് പരിശോധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യമുണ്ട്. 1.ഗോവ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(ഇഫി) യുടെ സ്ഥിരം വേദിയാക്കിയത് സിനിമയ്ക്ക് എന്തു നേട്ടമുണ്ടാക്കി? 2.ഇഫി ഗോവയുടെ ടൂറിസം വികസനത്തിന് എന്തു ഗുണമുണ്ടാക്കി? ഈ രണ്ടു ചോദ്യങ്ങൾക്കും വസ്തുനിഷ്ഠമായ മറുപടി അന്വേഷിക്കുമ്പോഴാണ്, അമ്പതു വർഷത്തെ ചരിത്രത്തിൽ ഗോവ സ്ഥിരം വേദിയായ ശേഷം മേളയ്ക്കുണ്ടായിട്ടുണ്ടെന്ന് ചലച്ചിത്രപ്രേമികൾ ആരോപിക്കുന്ന നിലവാരത്തകർച്ചയും കമ്പോളമേൽക്കോയ്മയുമൊക്കെ എന്തു കൊണ്ടുണ്ടായി എന്നു തിരിച്ചറിയാനാവുക. ടോട്ടൽ ധമാക്ക, സെലിബ്രേറ്റിങ് 50 ഇയേഴ്സ് ഓഫ് ഇഫി എന്നിങ്ങനെയുള്ള ടാഗ് ലൈനുകളിലാണ് 2019ലെ ചലച്ചിത്രമേള വിപണനം ചെയ്യപ്പെട്ടത് എന്നതിൽ തന്നെ അതിന്റെ വീക്ഷണവും ഉദ്ദേശ്യലക്ഷ്യവും വ്യക്തമാണ്.

സംഘാടനത്തിൽ അതിഥികളെയും ചിത്രങ്ങളെയും കൊണ്ടുവരുന്നതിലൊഴികെ മറ്റെല്ലാം എന്റർടെയ്ൻമെന്റ് സൊസൈറ്റി ഓഫ് ഗോവ (ഇസിജി)യുടെ ചുമതലയാണെന്നു കൂടി പരിഗണിക്കുമ്പോൾ അടിസ്ഥാനപരമായി ചലച്ചിത്രമേളയെന്നത് വിനോദസഞ്ചാരം മുഖ്യ വരുമാനസ്രോതസായിട്ടുള്ള ഗോവയ്ക്ക് വർഷാന്ത്യത്തിൽ ഒരു കാർണിവൽ സീസണു കൂടിയുളള വകുപ്പുമാത്രമായിട്ടാണ് അവർ വിഭാവനചെയ്യുന്നതെന്നു മനസിലാക്കാം. അതവർ ആത്മാർത്ഥമായും വിട്ടുവീഴ്ചകൂടാതെയും നടപ്പാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സുവർണജൂബിലി ചലച്ചിത്രമേള കഴിഞ്ഞ മേളപ്പറമ്പിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ഒരുപാടു വർണക്കടലാസുകളും തീറ്റാവശിഷ്ടങ്ങളും ഒക്കെ കാണാം. രണ്ടാഴ്ച അർമാദിച്ച തദ്ദേശിയരും വിദേശികളുമായ സഞ്ചാരികളുടെ സന്തോഷവും കാണാം. പക്ഷേ സിനിമയ്ക്ക്, ഗൗരവമുള്ള ഇന്ത്യൻ സിനിമയ്ക്ക്, അതിലേറെ തീർത്ഥാടകവിശുദ്ധിയോടെ ചലച്ചിത്രമേളയ്ക്കെത്തുന്ന ഗൗരവമുള്ള പ്രേക്ഷകർക്ക് മേള എന്തു ബാക്കിയാക്കി എന്നതാണ് പ്രസക്തം. അതു പരിശോധിക്കുമ്പോൾ, കോടികൾ ചെലവിട്ട ആഘോഷങ്ങളുടെ കെട്ടുകാഴ്ചകൾക്കപ്പുറം മേളയുടെ ഈ അധ്യായം പ്രേക്ഷക ഹൃദയങ്ങളിൽ അത്രമേൽ ആഴത്തിൽ മുദ്രകളൊന്നും അവശേഷിപ്പിച്ചിട്ടില്ലെന്നു തന്നെ വിലയിരുത്തേണ്ടി വരും. ടിക്കറ്റ് വിതരണത്തിലും വേദി നിർണയത്തിലും സുരക്ഷാനിയന്ത്രണങ്ങളിലും വരുത്തിയ, തീർത്തും അശാസ്ത്രീയമായ തുഗ്ളക്ക് പരിഷ്കാരങ്ങളൊക്കെയും കാത്തിരുന്നു പരമാവധി സിനിമകൾ കാണാനെത്തിയ പ്രേക്ഷകരെ തീയറ്ററുകളിൽ നിന്ന് എങ്ങനെയെല്ലാം അകറ്റിനിർത്താം എന്നതിൽ ഗവേഷണം ചെയ്തപ്പോൾ ഇത്തരം സംഘാടനപ്പിഴവുകൾക്കിടെ, ഡിപ്ലോമാ നിലവാരം പോലുമില്ലാത്ത അർത്ഥവും മൂല്യവുമില്ലാത്ത ആമയിഴഞ്ചാൻ സിനിമകളുടെ ഭൂരിപക്ഷം കൊണ്ട് പ്രദർശനശാലകളിലെത്തിയവരെ ഉറക്കത്തിലാഴ്ത്താൻ മാത്രമേ സാധിച്ചുള്ളൂ.

ഫോക്കസ് രാജ്യമായി അവതരിപ്പിച്ച റഷ്യയിൽ നിന്നുള്ള ചിത്രങ്ങളും ശരാശരിക്കു താഴെ മാത്രം നിലവാരമാണു പുലർത്തിയത്, ഏറെ പ്രതീക്ഷയോടെ കാണികൾ സമീപിച്ച അബിഗിലാവട്ടെ, രാജമൗലിക്ക് ശങ്കറിൽ ജനിച്ച ഹാരിപ്പോട്ടറിനപ്പുറം പോയില്ല. ജർമ്മനി സൈബീരിയൻ സംയുക്ത സംരംഭമായ ഐ വാസ് അറ്റ് ഹോം ബട്ട് ആവട്ടെ പ്രദർശനം തുടങ്ങി മുക്കാൽ മണിക്കൂറോടെ ബഹുഭൂരിപക്ഷം പ്രേക്ഷകരും തീയറ്റർ വിട്ടിറങ്ങുന്നത്ര ബോറായി. കാൻ, ബർളിൻ, കാർലോവിവാരി മേളകളിൽ അംഗീകരിക്കപ്പെട്ടവ എന്ന നിലയ്ക്ക് പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങൾ പോലും ശരാശരിയോ അതിൽത്താഴെയോ മാത്രം നിലവാരം പുലർത്തുന്നവയായിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ബ്ളാങ്കോ എൻ ബളാങ്കോ എന്ന സ്പാനിഷ് ചിത്രം. ഹംഗേറിയൻ ചിത്രമായ എക്സ്-ദ് എക്സപ്ളോയിറ്റഡ്, ടർക്കി ചിത്രമായ ക്രോണോളജി, ഐസ്ലാൻഡ്/ ഡെൻമാർക്ക് /സ്വീഡൻ സംയുക്ത സംരംഭമായ എ വൈറ്റ് വൈറ്റ് ഡേ എന്നിവ കണ്ടിരിക്കാവുന്ന ചിത്രങ്ങളായിരുന്നെങ്കിലും ഇവയൊക്കെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇണങ്ങുന്ന തെരഞ്ഞെടുപ്പായിരുന്നോ എന്നതിൽ എതിരഭിപ്രായമുണ്ട്. അതേസമയം മാസ്റ്റർ ഫ്രെയിംസ് വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട സമകാലിക ഇതിഹാസങ്ങളുടെ സിനിമകൾ ഉള്ളടക്കത്തിലും അവതരണത്തിലും ശരാശരിക്കും മുകളിൽ നിലവാരം പുലർത്തിയെന്നത് മറക്കാനാവില്ല. ഒരു പക്ഷേ, സെല്ലുലോയ്ഡിൽ നിന്ന് ഡിജിറ്റലിലേക്ക് ചലച്ചിത്ര നിർമ്മാണം ജനാധിപത്യവൽക്കരിക്കപ്പെട്ടതിന്റെ പ്രതിഫലനമായിവേണം ലോകമെമ്പാടുമുളള സിനിമകളുടെ ശരാശരി ദൈർഘ്യത്തിലുണ്ടായിട്ടുള്ള യുക്ത്യാതീത വർധനയെ കണക്കാക്കാൻ. ഒതുക്കി പറയേണ്ടത് പരത്തിയും ഒഴിവാക്കേണ്ടത് ഉൾപ്പെടുത്തിയും പറഞ്ഞതാവർത്തിച്ചും സിനിമകളുടെ നീളമങ്ങനെ കൂടുമ്പോൾ ഉൾക്കനത്തിന്റെ കാര്യത്തിൽ അതു ശുഷ്കമായിത്തീരൂന്നു. പുതുതലമുറയുടെ അനുഭവവ്യാപ്തിയുടെ അഭാവവും തീവ്രതക്കുറവുമൊക്കെ ഇതിനു കാരണമായിരിക്കാം. കനമുളള ഉള്ളടക്കമുളള പ്രസക്തമായ ചുരുക്കം സിനിമകളുണ്ടായിരുന്നതു മറക്കാത്തപ്പോഴും, ബഹുഭൂരിപക്ഷവും എഴുപതുകളിലും മറ്റും കേരളത്തിലെ സമാന്തര‑ഗൗരവ ചലച്ചിത്രസംരംഭങ്ങളുടെ നിഴലിൽ മുളപൊന്തിയ ഉച്ചപ്പടങ്ങളുടെ വ്യാജത്വം പ്രകടിപ്പിച്ചവയായിരുന്നെന്നത് വാസ്തവാനന്തര പ്രഹേളികകളിലൊന്നാണോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മേളച്ചിത്രങ്ങളിലധികവും വ്യക്തികേന്ദ്രീകൃതവും ആത്മനിഷ്ഠവുമാണെന്നതും ചില നിലപാടില്ലായ്മകളുടെയോ നിലപാടുമാറ്റങ്ങളുടെയോ സ്വാധീനമായും വായിക്കാം. കുഴപ്പമില്ലാത്ത മൂന്നു നാല് ചിത്രങ്ങളുണ്ടായെങ്കിലും അവയൊന്നും നവഭാവുകത്വ മലയാള സിനിമകളെ അതിശയിക്കുന്നതല്ല. അമ്മയും മകനും, അച്ഛനും മകനും, അച്ഛനും മകളും, രണ്ടാനമ്മയും മകനും തുടങ്ങി മനുഷ്യ ബന്ധങ്ങളുടെ ആഴസങ്കീർണതകളെയും പ്രവചനാതീത വൈരുദ്ധ്യങ്ങളെയും ആവിഷ്കരിക്കുന്ന ചിത്രങ്ങളുടെ പട്ടികതന്നെയുണ്ടായിരുന്നു ഇക്കുറി. അതിൽത്തന്നെ ക്വീൻ ഓഫ് ഹാർട്സ്(ഡെൻമാർക്ക്), സൺ മദർ(ഇറാൻ), എ സൺ(ലബനൻ), ഫാദർ ആൻഡ് സൺസ് (ഫ്രാൻസ്, ബൽജിയം), സമാപന ചിത്രമായിരുന്ന മാർഘേ ആൻഡ് ഹെർ മദർ (ഇറ്റലി, യു കെ പേർഷ്യൻ) തുടങ്ങിയവ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇതിൽ അവയവ വിപണിയുടെയും കലാപങ്ങളിലെ അതിജീവനത്തിന്റെയും തീവ്രത വരച്ചു കാണിച്ച എ സൺ ആഖ്യാനമികവിലും ഉള്ളടക്ക നിറവിലും മികച്ച ദൃശ്യാനുഭവമായി. അതേസമയം, ഫാസിസം, വർഗീയത, ലിംഗ/വർണ വിവേചനം, മതം, ഭിന്നലൈംഗികത, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരുപിടി ചിത്രങ്ങൾ മാത്രമാണ് പ്രേക്ഷകർക്ക് അൽപമെങ്കിലും ആശ്വാസമായത്. അവയിൽത്തന്നെ പ്രകട ലൈംഗിക രംഗങ്ങളും കടുത്ത രാഷ്ട്രീയ പ്രഖ്യാപനങ്ങളുമൊന്നും അത്രമേൽ പ്രത്യക്ഷമായില്ലെന്നതിന്റെ മാധ്യമരാഷ്ട്രീയവും പരിശോധിക്കേണ്ടതുണ്ട്.

രാഷ്ട്രീയം വിഷയമാക്കിയ ചിത്രങ്ങളായിരുന്നു മുൻകാല ചലച്ചിത്രമേളകളെയെല്ലാം ശ്രദ്ധേയമാക്കിയിരുന്നത്. ഗുഡ്ബൈ ലെനിൻ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, യങ് കാൾ മാർക്സ് പോലുള്ള ചിത്രങ്ങൾ സമ്മാനിച്ച ഇഫിയിൽ ഇക്കുറി അതിന്റെ നാലയലത്തു നിൽക്കുന്ന രാഷ്ട്രീയ സിനിമകൾ ഉണ്ടായില്ല. കൂട്ടത്തിൽ, ക്രിസ്തോഫ് ഡീക്ക് സംവിധാനം ചെയ്ത ഹംഗേറിയൻ ചിത്രമായ ക്യാപ്റ്റീവ്സ്, നിക്കോളസ് പാരിസറിന്റെ ബെൽജിയം ഫ്രാൻസ് സംരംഭമായ ആലീസ് ആൻഡ് ദ് മെയർ, മരിഘേല (ബ്രസീൽ), തുടങ്ങിയവ ഈ ജനുസിൽ ശരാശരിക്കുമേൽ നിലവാരം പുലർത്തിയപ്പോൾ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇഴകീറി വിമർശിക്കുന്ന വാംപയർ ജനുസിൽക്കൂടി പെടുത്താവുന്ന കോമ്രേഡ് ഡ്രാക്കുളിച്ച് ആ തലത്തിലേക്കുയരാതെ കേവലം ഉപരിപ്ളവം മാത്രമായി ചുരുങ്ങുകയായിരുന്നു. മതവും സമൂഹവും എന്ന ദ്വന്ദ്വവൈരുദ്ധ്യത്തെ അസാമാന്യ ധൈര്യത്തോടെ വരഞ്ഞിട്ട ചിത്രങ്ങളായിരുന്നു യങ് അഹമ്മദ് (ബൽജിയം, ഫ്രാൻസ്), ഗോഡ് എക്സിസ്റ്റ്സ്, ഹെർ നെയിം ഈസ് പ്രെട്രോണിഷ്യ (ബെൽജിയം, ക്രൊയേഷ്യ, സ്ളോവേനിയ) തുടങ്ങിയ ചിത്രങ്ങൾ. വയലാർ അവാർഡ് ജേതാവായ എഴുത്തുകാരൻ കെ വി മോഹൻകുമാർ ചൂണ്ടിക്കാട്ടിയതുപോലെ, കേരളത്തിലെ നീറുന്ന രാഷ്ട്രീയ വിഷയമായിത്തീർന്ന ശബരിമല സ്ത്രീ പ്രവേശനവിവാദത്തിന്റെ പശ്ചാത്തലത്തിൽ മലയാളിക്ക് വളരെയേറെ സാത്മ്യം സാധ്യമാകുന്ന ഒന്നാണ് ഗോഡ് എക്സിസ്റ്റ്സ്, ഹെർ നെയിം ഈസ് പ്രെട്രോണിഷ്യ എന്ന ചിത്രം. കുരിശിന്റെ പരിശുദ്ധിക്കു മുന്നിൽ സ്ത്രീക്ക് എന്താണ് അയിത്തമെന്നും ദൈവം സ്ത്രീയായിരുന്നെങ്കിലോ എന്നീ ചോദ്യങ്ങളാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. കോമ്രേഡ് ഡ്രാക്കുളച്ചി(ഹംഗറി)യിലും മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യങ്ങൾ പരാമർശവിഷയമായി. മതം എങ്ങനെ വ്യക്തിയെ വഴിതെറ്റിക്കുന്നു എന്നതിന്റെ ദശ്യവിശകലനമായിരുന്നു അൽമ ഹരേൽ സംവിധാനം ചെയ്ത ഹണി ബോയി. രക്ഷിതാക്കളുടെ ദുരന്ത മരണത്തിന്റെ ആഘാതത്തിൽ നിന്നു കരകയറാനാവാതെ ഒടുവിൽ അവരുടെ ഘാതകർക്ക് മാപ്പു നൽകാൻ വിധിക്കപ്പെട്ട പെൺകുട്ടികളുടെ കഥ പറഞ്ഞ ക്ളിയോ (ബൽജിയം), സമ്മർ ഈസ് ദ് കോൾഡസ്റ്റ് സീസൺ (ചൈന) എന്നിവ ഒറ്റപ്പെടുന്നവരുടെ വേദനയുടെ ആഴങ്ങൾ തേടുന്ന ചലച്ചിത്രാനുഭവങ്ങളായിരുന്നു. തീവ്രവാദത്തിന്റെയും മറ്റും നിഴലാട്ടങ്ങളുണ്ടായിട്ടും സിനോണിംസ് (ഫ്രാൻസ് ഇറ്റലി, ജർമ്മനി, ഇസ്രയേൽ) മനം മടുപ്പിക്കുന്ന ദൃശ്യാഖ്യാനമായപ്പോൾ ഇറാനിൽ നിന്നുള്ള ദ് വാർഡൻ അതിജീവനത്തിന്റെ മറുവശം കാണിച്ചു തന്നു ശ്രദ്ധേയമായി. അതിജീവനഗാഥകളാണ് മേളച്ചിത്രങ്ങളിൽ നിറഞ്ഞു നിന്ന മറ്റൊരു പ്രമേയം. അതിജീവനത്തിന്റെ പോരാട്ടങ്ങളുടെ ദൃശ്യാഖ്യാനങ്ങളിൽ, നാസികൾ തകർത്ത കുടുംബത്തിൽ നിന്നു രക്ഷപ്പെട്ടോടിയ സാറ ഗോറൽനിക്കിന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നു പ്രചോദിതമായ സ്റ്റീവൻ ഓറിറ്റിന്റെ മൈ നെയിം ഈസ് സാറ, ന്യൂയോർക്കിൽ നിന്ന് റഷ്യയിലേക്ക് ഒറ്റയ്ക്ക് കാൽനടയായി പ്രയാണമാരംഭിച്ച് എവിടെയോ അപ്രത്യക്ഷയായ റഷ്യൻ പെൺകുട്ടിയുടെ യഥാർത്ഥ ജീവിതത്തിൽ നിന്ന് പ്രചോദിതമായ ലിലിയൻ (ഓസ്ട്രിയ), സിറിയയിൽ ഐഎസ്ഐഎസ് ഭീകരർ തടവിലാക്കിയ ഡാനിഷ് ഫോട്ടോഗ്രാഫർ ഡാനിയൽ റെയുടെ സാഹസികത പറഞ്ഞ ഡെൻമാർക്ക്-നോർവേ-സ്വീഡിഷ് സംയുക്ത സംരംഭമായ നീൽസ് ആർഡൻ ഒപ്ളേവിന്റെ ഡാനിയൽ, റ്വാണ്ടയിലെ വർഗീയതയുടെ ഫലമായി ഉണ്ടായ നിഷ്ഠുരമായ മനുഷ്യക്കുരുതിയിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഹുതു-തുത്സി ദമ്പതികളായ അഗസ്റ്റിന്റെയും സിസിലിയുടെയും യഥാർത്ഥ ജീവിതം പറഞ്ഞ ഇറ്റാലിയൻ ചിത്രമായ റ്വാണ്ട, ഓസ്ട്രേലിയൻ ചിത്രമായ ബോയൻസി എന്നിവയും താരതമ്യേന മികച്ച ദൃശ്യാനുഭവങ്ങൾ പകർന്നു. അവയിൽത്തന്നെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട, റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ അമ്മ നഷ്ടപ്പെട്ട ഒരു മംഗോളിയൻ ബാലനും അവന്റെ കൈവിട്ടുപോയ കുതിരയും ജന്മദേശത്ത് പണിപ്പെടുന്നതിന്റെ സാഹസികത ചിത്രീകരിച്ച എർഡൻബ്ലിഗ് ഗാൻബോൾഡിന്റെ സിനിമ അവിസ്മരണീയമായി. തിരസ്കൃതരുടെയും പെണ്ണിന്റെയും എൽ. ജി ടി ക്യൂവിന്റെയും ജീവിതം ലബനണിലായാലും സൗദി അറേബ്യയിലായാലും ആധുനിക റഷ്യയിലായാലും സമാനമാണെന്നു കാണിച്ചു തന്ന ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റോഡ് ടു ഒളിംപ്യയും മാറുന്ന ലോകത്തെ മാറാത്ത മനസുകളെ കാണിച്ചു തന്നു. കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെട്ട ട്രോംഫാബ്രിക്ക്, പാരസൈറ്റ് എന്നിവയാണ് മേളയിൽ ശ്രദ്ധിക്കപ്പെട്ട വേറിട്ട രണ്ടു സിനിമകൾ. വിഭക്ത ജർമ്മനിയിലെ ഒരു ഫിലിം സ്റ്റുഡിയോ കേന്ദ്രീകരിച്ച് മാർട്ടിൻ ഷ്രെരർ സംവിധാനം ചെയ്ത ട്രോംഫാബ്രിക്ക് പ്രണയേതിഹാസമായ ടൈറ്റാനിക്കിനെ ഓർമ്മപ്പെടുത്തുന്ന ഒരു ത്രികോണ പ്രണയകഥയാണ്. ഗാനങ്ങളും ഡാൻസുമൊക്കെയായി തീർത്തും ബോളിവുഡ് ശൈലിയോട് അടുത്തുനിൽക്കുന്ന സ്വാഭാവിക നർമ്മത്തിൽ പൊതിഞ്ഞ ആഖ്യാനത്തിലൂടെയാണ് ട്രോഫാബ്രിക്ക് ശ്രദ്ധിക്കപ്പെട്ടതെങ്കിൽ, വക്രോക്തിയിലൂടെയാണ് കൊറിയൻ ചിത്രമായ പാരസൈറ്റ് ശ്രദ്ധിക്കപ്പെട്ടത്. കാൻ മേളയിൽ പാം ഡി ഓർ ലഭിച്ച ചിത്രമായിരുന്നു അത്. മലയാള സിനിമയിൽ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും രാജീവ് കുമാറിന്റെ കോളാംബിയും മറ്റും ശ്രദ്ധിക്കപ്പെട്ടെങ്കിലും പൊതുവേ ബോളിവുഡ്ഡിന്റെ അതിപ്രസരത്തിൽ അവയുടെയൊക്കെ സ്വാഭാവിക പ്രസക്തിക്ക് ഊന്നൽ ലഭിക്കാതെ പോയി എന്നതാണ് വാസ്തവം. സിനിമാപ്രേമികളിലാരോ ചൂണ്ടിക്കാട്ടിയതു പോലെ, വിഖ്യാതമായ ഷാങ്ഹായി ചലച്ചിത്രമേളയിൽ മത്സരിച്ച ഒന്നു രണ്ടു ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ വൻ പ്രചാരണത്തോടെ കെട്ടിയെഴുന്നള്ളിക്കപ്പെട്ടപ്പോൾ, അതേ മേളയിൽ പ്രധാനപ്പെട്ട അവാർഡ് നേടിയ വെയിൽമരങ്ങൾ എന്ന മലയാള ചിത്രവും അതിന്റെ സംവിധായകൻ ഡോ. ബിജുവും മറ്റും ഒരുവിധത്തിലുള്ള ഔപചാരിക പരിഗണനയും ലഭിക്കാതെ തിരസ്കൃതരായി.

ജെല്ലിക്കെട്ടിന്റെ മാധ്യമപരമായ സവിശേഷതയും ഉള്ളടക്കത്തിന്റെ രാഷ്ട്രീയവും തിരിച്ചറിഞ്ഞ ദക്ഷിണേന്ത്യൻ നടനും നാടകപ്രവർക്കകനുമായ പശുപതിയെപ്പോലൊരാൾ അതിന്റെ പ്രചാരകനായി സ്വയം അവരോധിക്കാൻ കാട്ടിയ ആർജ്ജവവും പ്രതിബദ്ധതയും പോലും മലയാള സിനിമയോട് പൊതുവേ ഗോവൻ മേളയിൽ മറ്റാരും പുലർത്തിക്കണ്ടില്ല. ഉദ്ഘാടനച്ചടങ്ങിലും മേളയുടെ സുവർണജൂബിലി ബഹുമതിയാൽ അംഗീകരിക്കപ്പെടാൻ തെരഞ്ഞെടുക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമയുടെ ഇതിഹാസമായ രജനീകാന്തായിരുന്നെങ്കിലും അദ്ദേഹത്തിനു സമ്മാനം കൊടുക്കാൻ അമിതാഭ് ബച്ചനെ ക്ഷണിക്കുക വഴി ബോളിവുഡിന്റെ മേൽക്കൈ ആവർത്തിച്ചു സ്ഥാപിച്ചെടുക്കാനായിരുന്നു ശ്രമമെങ്കിലും രജനീകാന്ത് എന്ന പേര് പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഉയർന്ന നിലയ്ക്കാത്ത കരഘോഷത്തിലൂടെ രജനീകാന്ത് എന്ന പ്രതിഭാസത്തിന് ഉത്തരദിക്കിലുമുളള വിവരണാതീതമായ ജനസ്വാധീനത്താൽ അതു മറികടക്കാനായി എന്നതാണ് വസ്തുത. എന്നാലും, ഉദ്ഘാടനവേദിയിൽ ഷാജി എൻ കരുണിന്റെയും പ്രിയദർശന്റെയും സജീവ സാന്നിദ്ധ്യത്തിലൊഴികെ സുവർണ ജൂബിലി ആഘോഷിക്കുന്ന മേളയിലപ്പാടെ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള ഇന്ത്യൻ സിനിമയ്ക്ക് നിർണായക സംഭാവന നൽകിയ മലയാള ചലച്ചിത്രകാരന്മാർക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നതാണു സത്യം. ചലചിത്ര മേളയിലെ ചില നല്ല കാര്യങ്ങളും ചൂണ്ടിക്കാണിക്കാതെ തരമില്ല. സുവർണ ജൂബിലിയോടനുബന്ധിച്ച് കലാ അക്കാദമി സമുച്ചയത്തിൽ ഒരുക്കിയ മൾട്ടി മീഡിയ ഇന്ററാക്ടീവ് പ്രദർശനമാണ് അതിലൊന്ന്. ഇന്ത്യൻ സിനിമയെ കുറിച്ച് എന്നതിലുപരി ഇന്ത്യൻ ചലചിത്രമേളയെ കുറിച്ചുള്ളതായിരുന്നു അത്. വീഡിയോ വാൾ, ഇന്ററാക്ടീവ് ദൃശ്യ ശ്രാവ്യ സാകേതിക വിദ്യ എന്നിവയും വിർച്ച്വൽ റിയാലിറ്റിയും ഉപയോഗിച്ചാണ് രസകരമായ ഈ പ്രദർശനം ഒരുക്കിയത്. അലക്സ ഒരുക്കിയ ബോളിവുഡ് ക്വിസ് മേളച്ചരിത്രത്തിന്റെ വർഷാനു ചരിതം പ്രതിപാദിക്കുന്ന ദശ്യ ഇന്റർ ആക്ടിവിറ്റി, സദർശകർ കൂടി ഉൾപ്പെടുന്ന രസകരമായ അനിമേഷൻ പരിപാടി 360 ഡിഗ്രി ഫോട്ടോഗ്രാഫി തുടങ്ങി വൈവിധ്യമാർന്ന ഇനങ്ങളും മണ്ഡോവി മുതൽ കലാ അക്കാദമി വരെയുള്ള രണ്ടു കിലോമീറ്റർ മുഴുവൻ ഗോവ എറർടെയ്ൻമെന്റ് സൊസൈറ്റി ഒരുക്കിയ, മേളയുടെ ഭാഗ്യദയായ മയിൽ മുതൽ ബാഹുബലി വരെയുള്ള വിഷയങ്ങളിലെ പ്രതിഷ്ഠാപനങ്ങളുമെല്ലാം, സിനിമ കാണാൻ മുമ്പെന്നുമില്ലാത്ത ബഹുതല ക്യൂ പോലെ പുതിയ പുതിയ നിബന്ധനകൾ ഏർപ്പെടുത്തുകയും പ്രദർശനം എട്ടു കിലോമീറ്റർ ദൂരെയുള്ള തീയറ്ററിലേക്ക് വരെ പടരുകയും ചെയ്തതോടെ വേണ്ടത്ര ശ്രദ്ധിക്കപെടാതെ പോകുകയായിരുന്നു. ഇതേപ്പറ്റിയുള്ള മെസേജ് പോലും പ്രതിനിധികൾക്കു കിട്ടുന്നത് മേളയവസാനിക്കാൻ ഒരുനാൾ ബാക്കിയുള്ളപ്പോഴാണ്. എല്ലാം കഴിയുമ്പോൾ വീണ്ടും ചില ചോദ്യങ്ങൾ പ്രസക്തമാവുന്നു. എന്തിനാണ് ഈ മേള? എന്താണ് അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ? അത് പൂർത്തീകരിക്കുന്നതിൽ മേള ലക്ഷ്യം കാണുന്നുണ്ടോ? കലാമൂല്യവും മാധ്യമബോധവും പുലർത്തുന്ന ഇന്ത്യൻ സിനിമയെ ലോകസിനിമാഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന് നിലയ്ക്ക് പ്രധാനമന്ത്രി ജവഹാർലാൽ നെഹ്രുവിന്റെ കാലത്തു വിഭാവന ചെയ്ത ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള അതിന്റെ നിക്ഷിപ്ത ദൗത്യത്തോട് എത്രമാത്രം നീതിപുലർത്തുന്നുണ്ട്? വ്യവസായമെന്ന നിലയ്ക്ക് ഇന്ത്യൻ സിനിമയുടെ വാണിജ്യസാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം അർത്ഥവത്തായ കലാമൂല്യമുള്ള സിനിമകളുടെ പരിപോഷണത്തിന് ഇഫിയുടെ സംഭാവന എന്താണ്? ഇന്ത്യൻ സിനിമയെ മുൻനിർത്തി ഉത്തരം വേണ്ടതായ ഇത്തരം ഒരു പിടി ചോദ്യങ്ങൾ ബാക്കിയാവുന്നതിനിടെ വിദേശസിനിമകളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയും ചില സന്ദേഹങ്ങളും പ്രതിവാദങ്ങളും ഉയർന്നിട്ടുണ്ട്.

ലോക സിനിമയിലെ പുതുചലനങ്ങളും നവഭാവുകത്വപരിണാമങ്ങളും ഇന്ത്യൻ പ്രേക്ഷകർക്കും ചലച്ചിത്രപ്രവർത്തകർക്കും നിരൂപകർക്കും പരിചയപ്പെടുത്തുക എന്ന ദൗത്യം കൂടി ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുള്ളതാണല്ലോ. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇഫിയിൽ പ്രദർശനത്തുന്ന ചിത്രങ്ങളുടെ തുടർച്ചയായി താഴേക്കു കുതിക്കുന്ന നിലവാരം എന്തിന്റെ സൂചനയാണ് എന്നതാണ് മുഖ്യമായി അഭിസംബോധന ചെയ്യപ്പെടേണ്ട പ്രശ്നം. ഡിജിറ്റൽ സിനിമാ പ്ളാറ്റ്ഫോമുകളിൽ ആമസണും നെറ്റ്ഫ്ളിക്സും പോലുള്ളവയിലടക്കം പ്രചരിക്കപ്പെടുന്ന ലോകസിനിമകളിൽ പലതും പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുന്ന കരുത്തുറ്റ ഉള്ളടക്കവും അനിതരസാധാരണമായ അവതരണശൈലിയും വച്ചുപുലർത്തുന്നതാണ്. എന്നിട്ടും ഇഫിയിലടക്കം വരുന്ന ചിത്രങ്ങൾ മാത്രം എങ്ങനെ അറുബോറനും പഴഞ്ചനുമാവുന്നു? ചലച്ചിത്രമേള വിനോദസഞ്ചാര സീസണുണ്ടാക്കാനുള്ള ഒരു സാംസ്കാരിക മറയായി തീരേണ്ട ഒന്നാണോ, അതോ അതിനു സ്വതന്ത്രമായൊരു അസ്തിത്വം നൽകി സിനിമാ പ്രേമികളെയും സാങ്കേതികവിദഗ്ധരെയും അക്കാദമിക്കുകളെയും മാത്രം മുഖ്യമായും ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒന്നായാൽ പോരേ? കാലത്തിന്റെ ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ സംഘാടകർ തയാറാവാത്തപക്ഷം തുടർ കാലങ്ങളിൽ ഇഫിയുടെ സാംസ്കാരിക പ്രസക്തി തന്നെ മെല്ലെ ഇല്ലാതാവുമെന്നതിൽ തർക്കമില്ല.