ഒമാനില്‍ എന്‍ജിനീയര്‍മാരടക്കം 55,000 പ്രവാസികളെ പിരിച്ചുവിട്ടു

Web Desk
Posted on June 01, 2019, 10:03 pm
നിര്‍മ്മാണ മേഖലയിലെ തദ്ദേശീയ തൊഴിലാളികള്‍

പ്രതേ്യക ലേഖകന്‍

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ കുടിയിറക്കലിന്റെ വേലിയേറ്റം. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് അവസാനവാരം വരെയുള്ള ചുരുങ്ങിയ കാലയളവിനുള്ളില്‍ 55,000 പ്രവാസികളെ പിരിച്ചുവിട്ടെന്ന കണക്ക് ഒമാന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു.

എന്‍ജിനീയര്‍മാര്‍, മെക്കാനിക്കുകള്‍, ടെക്‌നീഷ്യന്‍ വിഭാഗങ്ങളില്‍ മാത്രം ആറായിരത്തില്‍പരം പ്രവാസികളെ പിരിച്ചുവിട്ട് സ്വദേശികളെ നിയമിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍ 3800ല്‍പരം മലയാളികളെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് മലയാളി പ്രവാസി സംഘടനകള്‍ നല്‍കുന്ന കണക്ക്. എന്‍ജിനീയറിങ് തസ്തികകളില്‍ ഇപ്പോള്‍ ഒമാനിലാകെ പണിയെടുക്കുന്നത് 7,58,929 പേരാണ്. 2017ല്‍ 8.38 ലക്ഷവും 2018ല്‍ 8.13 ലക്ഷവുമായി ക്രമാനുഗതമായി കുറഞ്ഞ് ഇപ്പോള്‍ 7.58 ലക്ഷത്തിലെത്തി നില്‍ക്കുകകയാണ് എന്‍ജിനീയര്‍മാരുടേയും ടെക്‌നീഷ്യന്‍മാരുടേയും സംഖ്യ. തൊഴില്‍ ലഭിക്കുന്ന ഒമാനികളുടെ സംഖ്യ ക്രമാനുഗതമായി ഉയരുമ്പോള്‍ പണി നഷ്ടപ്പെട്ട് പുറത്താവുന്നവര്‍ പ്രവാസികള്‍ മാത്രമാണ്.

ഈ വര്‍ഷം മൂന്നു മാസത്തിനിടെ 27,000ല്‍ പരം ഒമാനികള്‍ക്കാണ് പണി ലഭിച്ചത്. പുതുതായി തൊഴില്‍ ലഭിച്ചവരില്‍ 58 ശതമാനം വില്‍പ്പന, വിതരണ മേഖല, നിര്‍മാണരംഗം എന്നിവയിലായിരുന്നു. നിര്‍മാണമേഖലയില്‍ പണിയെടുക്കുന്നവരാണ് മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികളില്‍ നല്ലൊരു പങ്ക്. ഈ രംഗത്തേയ്ക്ക് വരാന്‍ ഒമാനികള്‍ അടുത്തകാലം വരെ അറച്ചുനിന്നതാണ് ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികള്‍ക്കു തുണയായത്. എന്നാല്‍ കായികാധ്വാനം ഏറെ വേണ്ട നിര്‍മാണ മേഖലയിലും സ്വദേശികളുടെ കടന്നുകയറ്റം ആരംഭിച്ചതോടെ പതിനായിരക്കണക്കിന് ഇന്ത്യന്‍ നിര്‍മാണ തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്.